ചാത്തന്നൂർ: കൈത്തറി വ്യവസായത്തിന്റെ പ്രതാപകാലത്ത് ലാഭക്കണക്കുകൾ മാത്രം പറയാനുണ്ടായിരുന്ന വരിഞ്ഞം കൈത്തറി വ്യവസായ സഹകരണസംഘം അതിജീവനത്തിനായി പൊരുതുന്നു. 65 വർഷത്തെ പാരമ്പര്യമുള്ള സ്ഥാപനം. 150 ജീവനക്കാരും അമ്പതോളം വീടുകളിൽ തറികളും പ്രവർത്തിച്ചിരുന്ന സംഘത്തിൽ ഇപ്പോഴുള്ളത് 15 തറികൾ മാത്രം. ഇതിൽ പ്രവർത്തിക്കുന്നതാവട്ടെ 12 എണ്ണവും.
നെയ്ത്ത് അഞ്ചു വീടുകളിൽ മാത്രമായി ഒതുങ്ങി. 17 നെയ്ത്തുകാരും അനുബന്ധ പണികളിൽ 6 പേരും മാത്രമാണ് ഇപ്പോൾ തൊഴിലാളികളായുള്ളത്. നാമമാത്ര തൊഴിലാളികളുമായി സംഘം ഇഴഞ്ഞിഴഞ്ഞാണ് നീങ്ങുന്നത്. വീടുകളിൽ തറിയുണ്ടായിരുന്നവർ രൂപം കൊടുത്ത ഈ സംഘം സാമ്പത്തിക പ്രതിസന്ധിയും നൂലിന്റെ ലഭ്യതക്കുറവും മൂലം പൂട്ടലിന്റെ വക്കിലാണ്. ഇവിടെ ജോലി ചെയ്യുന്ന സാധു സ്ത്രീകളുടെ കുടിശ്ശികയായ കൂലി ലഭിക്കാൻ വ്യവസായവകുപ്പും ഹാൻടെക്സും അടിയന്തരമായി ഇടപെടേണ്ടത് അനിവാര്യമായിരിക്കുകയാണ്. അല്ലെങ്കിൽ ഇവരുടെ ജീവിതം വഴിമുട്ടുന്ന അവസ്ഥയാവും.
അഞ്ചു മാസമായി ഇവർക്ക് ശമ്പളം ലഭിച്ചിട്ടില്ലെങ്കിലും തറികളുടെ താളം നിലച്ചിട്ടില്ല. മുൻകാലങ്ങളിൽ അംഗങ്ങളുടെ നേതൃത്വത്തിൽ ഒട്ടേറെപ്പേർ കുടിൽ വ്യവസായമായി കൈത്തറി നെയ്ത്ത് നടത്തിയിരുന്നെങ്കിലും ഇതെല്ലാം ഇപ്പോൾ നിലയ്ക്കുന്ന അവസ്ഥയിലാണ്. ഓണത്തിനു പോലും ബോണസോ മറ്റ് ഇൻസെന്റീവുകളോ ലഭിക്കാറില്ല. ക്ഷേമനിധിയിൽ പണം അടയ്ക്കണമെങ്കിൽ തൊഴിലാളികൾ പുറത്ത് പോയി മറ്റ് ജോലികൾ ചെയ്യേണ്ട സ്ഥിതിയാണ്.
യൂണിഫോം പദ്ധതിയും
അവതാളത്തിൽ
സർക്കാർ നടപ്പാക്കിയ സൗജന്യ സ്‌കൂൾ യൂണിഫോം പദ്ധതി പ്രകാരമുള്ള തുണികൾ നെയ്തുകൊടുത്താണ് സംഘം ഇതുവരെ മുന്നോട്ടുപോയിരുന്നത്. എന്നാൽ നൂല് ലഭിക്കാത്തതിനാൽ അതും നിന്നുപോകുന്ന സ്ഥിതിയാണ്. ഒരു മീറ്റർ യൂണിഫോം തുണി നെയ്യുമ്പോൾ തൊഴിലാളികൾക്ക് 102 രൂപയും സംഘത്തിന് 31 രൂപയും ലഭിക്കുമായിരുന്നു. ദിവസം 5 മീറ്റർ വരെ നെയ്യാൻ കഴിയും. കൈത്തറി മുണ്ടുകളും കൈലിയും ഷർട്ടിന്റെ തുണികളും തോർത്തും ഇവിടെ നെയ്‌തിരുന്നു. ശീമാട്ടി ജംഗ്ഷനിൽ സ്വന്തമായി ഔട്ട്‌ലെറ്റും ഉണ്ടായിരുന്നു. ഇപ്പോൾ സ്കൂൾ യൂണിഫോം പദ്ധതിമാത്രമാണുള്ളത്. ഹാന്റ്‌ടെക്സ് ആണ് നൂല് എത്തിച്ചുകൊടുക്കുന്നത്. നെയ്യുന്ന തുണി ഹാന്റ്‌ടെക്സിന് തിരിച്ചു കൊടുക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |