കൊല്ലം: കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച പരിസ്ഥിതിലോല കരട് വിജ്ഞാപനത്തിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെയും മലയോര കർഷകരുടെ ഉപജീവന മേഖലകളെയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ സംയുക്ത കർഷക സമരസമിതിയുടെ നേതൃത്വത്തിൽ ജില്ലയിൽ ഇന്നലെ നടന്ന മലയോര ഹർത്താൽ പൂർണം. രാവിലെ 6 മുതൽ വൈകിട്ട് 6 വരെ നടന്ന ഹർത്താലിൽ കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു.
സർക്കാർ ഓഫീസുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവർത്തനം തടസപ്പെട്ടു. ഓട്ടോ- ടാക്സി വാഹനങ്ങളും ഓടിയില്ല. ബസ് സർവിസുകളും ഭാഗികമായി തടസപ്പെട്ടു. എന്നാൽ മേഖലയിലൂടെയുള്ള അന്തർ ജില്ല- സംസ്ഥാന ബസ് സർവീസുകളെ ഹർത്താൽ ബാധിച്ചില്ല. ഹർത്താൽ അവഗണിച്ച് നിരത്തിലിറങ്ങിയ ബസ് ഉൾപ്പടെ തടഞ്ഞ് തിരിച്ചയച്ചു.
അലിമുക്ക്, ഇടമൺ, കുളത്തൂപ്പുഴ, ആര്യങ്കാവ്, ചണ്ണപ്പേട്ട, മടത്തറ സമരകേന്ദ്രങ്ങളിൽ രാവിലെ മുതൽ വൈകുന്നേരം വരെ ജനകീയ സത്യഗ്രഹ സമരം നടത്തി. അലിമുക്കിൽ സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, ഇടമണിൽ സി.പി.ഐ ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ, കഴുതുരുട്ടിയിൽ സി.ഐ.ടിയു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ, കുളത്തൂപ്പുഴയിൽ കർഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോർജ് മാത്യു, ചണ്ണപ്പേട്ടയിൽ സി.പി.ഐ ജില്ലാ അസി.സെക്രട്ടറി സാം.കെ.ഡാനിയൽ, മടത്തറയിൽ കർഷക സംഘം ജില്ലാ പ്രസിഡന്റ് വി.കെ.അനിരുദ്ധൻ എന്നിവർ സമരം ഉദ്ഘാടനം ചെയ്തു. വൈകിട്ട് വലിയ പ്രകടനത്തോടുകൂടിയാണ് ഹർത്താൽ സമാപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |