
തഴവ: പരിസ്ഥിതി പഠനങ്ങളും സംരക്ഷണ നടപടികളും ഇല്ലാതായതോടെ അഷ്ടമുടി കായലിനെ ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്ന ആയിരക്കണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ തൊഴിൽ മേഖല ഉപേക്ഷിക്കുന്നു. കായലിലെ സ്വാഭാവിക മത്സ്യസമ്പത്തിലുണ്ടാകുന്ന ശോഷമാണ് മേഖല വിടാൻ തൊഴിലാളികളെ നിർബന്ധിതരാക്കുന്നത്.
കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷങ്ങൾക്കിടയിൽ അഷ്ടമുടിയിലെ മത്സ്യസമ്പത്തിൽ അറുപത് ശതമാനം വരെ കുറവ് വന്നതായാണ് തൊഴിലാളികൾ പറയുന്നത്. കൂടാതെ വിവിധ തരം ചെമ്മീനുകൾ, കരിമീൻ, ഏട്ട, വാള, ഞണ്ട് തുടങ്ങി നൂറ്റിയൻപത്തിയാറിൽ പരം മത്സ്യ ഇനങ്ങളുണ്ടായിരുന്നതിൽ പലതും ഇപ്പോൾ രൂക്ഷമായ വംശനാശ ഭീഷണി നേരിടുകയാണ്.
മൺറോത്തുരുത്ത്, തെക്കുംഭാഗം, പ്രാക്കുളം, കാവനാട്, ശക്തികുളങ്ങര, മങ്ങാട്, തേവള്ളി തുടങ്ങിയ പ്രദേശങ്ങളിലെ ഭൂരിഭാഗം കുടുംബങ്ങളും ഒരുകാലത്ത് ഉപജീവനം നടത്തിയിരുന്നത് അഷ്ടമുടി കായലിലെ മത്സ്യസമ്പത്തിൽ നിന്നായിരുന്നു.
കായൽ ജലത്തിൽ ഉപ്പിന്റെ അളവ് 30 മുതൽ 35 ശതമാനം വരെ വർദ്ധിച്ചതോടെ മത്സ്യങ്ങൾ ആഹാരമാക്കിയിരുന്ന നിരവധി പ്ലവകങ്ങൾ പൂർണമായും നശിച്ചതായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. അനിയന്ത്രിതമായി അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും അടിക്കടിയുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനവും അഷ്ടമുടി കായലിന്റെ സ്വാഭാവിക മത്സ്യസമ്പത്ത് കുറയ്ക്കുന്നത് ഇരട്ടിയാക്കി. എന്നാൽ ഇതേക്കുറിച്ച് ശാസ്ത്രീയ പഠനം നടത്താനോ കായൽ സംരക്ഷണത്തിനോ ഒരു നടപടിയും ഉണ്ടായില്ല.
കല്ലടയാറ്റിലെ അണക്കെട്ട് അന്തകൻ
കല്ലടയാറിനോടും അറബിക്കടലിനോടും ചേർന്നുകിടന്നിരുന്ന അഷ്ടമുടിയിൽ നിലനിന്നിരുന്നത് അസാധാരണ പാരിസ്ഥിതിക സംതുലിതാവസ്ഥ
വിപണന മൂല്യം ഏറെയുള്ള വിവിധയിനം ചെമ്മീനുകൾ പ്രജനനത്തിനായി ആശ്രയിച്ചിരുന്നത് കായലിനെ
രണ്ട് പതിറ്റാണ്ട് മുമ്പ് വരെ മത്സ്യബന്ധനത്തിന് പോകുന്നവർ വള്ളം നിറയെ ചെമ്മീനുമായി വരുന്നത് പതിവ് കാഴ്ച
ജലസേചന പദ്ധതിയുടെ ഭാഗമായി കല്ലടയാറിന് കുറുകെ അണക്കെട്ട് നിർമ്മിച്ചതോടെ അഷ്ടമുടിയുടെ ആവസ വ്യവസ്ഥയാകെ തകർന്നു
ആറ്റിൽ നിന്ന് തടാകത്തിലേക്കെത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതിന് ആനുപാതികമായി കടലിൽ നിന്ന് ഉപ്പ് വെള്ളം കയറി
ഇതോടെ കായലിലെ സ്വാഭാവിക മത്സ്യങ്ങൾക്ക് നിലനിൽക്കുവാൻ കഴിയാത്ത അവസ്ഥയുണ്ടാക്കി
ഉപ്പിന്റെ അളവ് വർദ്ധിച്ചത്
30-35 %
മത്സ്യസമ്പത്ത് കുറഞ്ഞ് തൊഴിലാളികൾ മേഖല ഉപേക്ഷിക്കുമ്പോഴും പഠനമോ തൊഴിൽ മേഖലയുടെ സംരക്ഷണത്തിനോ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
മത്സ്യത്തൊഴിലാളികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |