കൊല്ലം:ശക്തികുളങ്ങരയിൽ നിന്നുള്ള ബോട്ടുകൾക്ക് നേരെ ഉൾക്കടലിൽ തമിഴ് മത്സ്യത്തൊഴിലാളികളുടെ ആക്രമണം. കേരളത്തിലെ വള്ളങ്ങളെ തങ്ങളുടെ മേഖലയിൽ മത്സ്യബന്ധനത്തിന് അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു, തമിഴ്നാട് കുളച്ചലിൽ നിന്ന് 60 നോട്ടിക്കൽ മൈൽ അകലെ വച്ച് ഒൻപത് ബോട്ടുകളെ ആക്രമിച്ചത്. തമിഴ്നാട് മത്സ്യത്തൊഴിലാളികൾ ബോട്ടുകളിൽ ചാടിക്കയറി വല, വയർറോപ്പ്, എക്കോസൗണ്ടർ, ജി.പി.എസ്, വയർലെസ് തുടങ്ങിയവയെടുത്ത് കടലിൽ തള്ളി.
ഇന്നലെ രാവിലെ 11.30ഓടെയായിരുന്നു സംഭവം. മുന്നൂറോളം തമിഴ്നാട് ബോട്ടുകളും ശക്തികുളങ്ങരയിലെ പതിനേഴോളം ബോട്ടുകളുമാണ് ഉണ്ടായിരുന്നത്. ഒരു വിഭാഗം തമിഴ്ബോട്ടുകളാണ് ശക്തികുളങ്ങരയിലെ ഒൻപത് ബോട്ടുകളെ വളഞ്ഞത്. മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റതായി വിവരമില്ല. ബോട്ടുകൾ തമിഴ്നാട് മുട്ടം തീരത്ത് അടുപ്പിച്ച് മുട്ടം കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി ചെന്നൈ കോസ്റ്റൽ സ്റ്റേഷന് അന്വേഷണത്തിനായി കൈമാറും. ബോട്ടുകൾ ഇന്ന് മടങ്ങിയെത്തും. മത്സ്യബന്ധന ഉപകരണങ്ങൾ കടലിൽ തള്ളിയതിൻറെ നഷ്ടം കണക്കാക്കിയിട്ടില്ല. ഇന്ത്യയിൽ എവിടെ രജിസ്റ്റർ ചെയ്യുന്ന ബോട്ടുകൾക്കും രാജ്യത്തിന്റെ സമുദ്രാതിർത്തിയായ 200നോട്ടിക്കൽ മൈൽ വരെ മത്സ്യബന്ധനം നടത്താമെന്നാണ് നിയമം. കഴിഞ്ഞ നവംബറിൽ ശക്തികുളങ്ങരയിലെ ആറ് ബോട്ടുകളെ കുളച്ചലിൽ ആക്രമിച്ചിരുന്നു. നിരവധി മത്സ്യത്തൊഴിലാളികൾക്കും പരിക്കേറ്റിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |