
കടുത്തുരുത്തി: അങ്ങനെ ആ കൂടിക്കാഴ്ച ഇന്നലെ നടന്നു... ''അങ്ങ് വാന കോണിൽ മിന്നി നിന്നൊരമ്പിളി...'' എന്ന പാട്ടിലൂടെ ഒരു കോടിയോളം സംഗീതാസ്വാദകരുടെ പ്രശംസ പിടിച്ചുപറ്റിയ കടുത്തുരുത്തി സെന്റ് മൈക്കിൾസ് സ്‌കൂളിലെ 8ാം ക്ലാസ് വിദ്യാർത്ഥിനി അതുല്യ പ്രശാന്തും, ഈ ഗാനം എ.ആർ.എം എന്ന സിനിമയിൽ പാടിയ വൈക്കം വിജയലക്ഷ്മിയും തമ്മിൽ കണ്ടുമുട്ടിയതും സംഗീതമയമായി.
അതുല്യമോളുടെ പാട്ട് സമൂഹമാധ്യമങ്ങളിൽ വൈറലാണെന്ന് അറിഞ്ഞ ഗായിക വിജയലക്ഷ്മി, കുട്ടിയെ കാണാൻആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. അതുല്യയും അമ്മയും സഹോദരിയും ബന്ധുക്കളും അദ്ധ്യാപകരും ചേർന്നാണ് വിജലക്ഷ്മിയുടെ വൈക്കത്തെ വീട്ടിൽ ഇന്നലെയെത്തിയത്.
കയറിച്ചെന്നയുടൻ ''മോളെ പാട്ട് ഗംഭീരമായിരിക്കുന്നു'' എന്നുപറഞ്ഞ് വിജയലക്ഷ്മി അതുല്യയെ ചേർത്ത് പിടിച്ചു. മോൾ ആ പാട്ട് ഒന്നുകൂടി പാടിക്കേയെന്ന് വിജയലക്ഷ്മി. അടുത്തിരുന്ന് അതുല്യ പാടി. ''അങ്ങ് വാന കോണിൽ...ചരണം കഴിഞ്ഞപ്പോഴെ വിജയലക്ഷ്മിയും അതുല്യയ്ക്കൊപ്പം പാടി. വീട് സംഗീതമയം. കണ്ടുനിന്ന അദ്ധ്യാപകരും അതുല്യയുടെ ബന്ധുക്കളും താളം പിടിച്ചു.
പാട്ടുപാടി തീർത്തയുടൻ വിജലക്ഷ്മിയുടെ കാൽതൊട്ട് അനുഗ്രഹം വാങ്ങിയ അതുല്യയുടെ ശിരസിൽ കൈവച്ച് വിജയലക്ഷ്മി പറഞ്ഞു; 'പാട്ടു പഠിക്കാത്ത മോൾ എത്ര നന്നായി പാടുന്നു. ഇനി പാട്ട് പഠിക്കണം. ഇടയ്ക്കിടയ്ക്ക് ഇവിടെ വരണം.
പിന്നീട് നാടൻപാട്ടുകൾ അതുല്യ പാടി. വിജലക്ഷ്മിയും പാടി. സെന്റ് മൈക്കിൾസ് സ്‌കൂളിലെ സംഗീതാദ്ധ്യാപിക നിമിഷ മുരളി ഒരു കീർത്തനം ആലപിച്ചു.തുടർന്ന് അതുല്യയ്ക്കും അദ്ധ്യാപകർക്കും അതുല്യയുടെ ബന്ധുക്കൾക്കുമെല്ലാമൊപ്പം വിജയലക്ഷ്മി ഫോട്ടോയെടുത്തു.
അതുല്യ ക്ലാസിൽ പാടിയ പാട്ട് വീഡിയോയിൽ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ സംഗീത അദ്ധ്യാപിക നിമിഷ മുരളി പങ്കുവച്ചത് ''കേരള കൗമുദി'' വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.
സെന്റ് മൈക്കിൾസ് സ്‌കൂൾ ഹെഡ്മിസ്ട്രസ് സുജാമേരി തോമസിന്റെ നേതൃത്വത്തിലാണ് അതുല്യയും അമ്മ മഞ്ജുവും അമ്മമ്മ കുഞ്ഞുമോളും അനിയത്തി അലേഹ്യയും മറ്റ് ബന്ധുക്കളും അധ്യാപകരായ ബിജു സി ജെ, ജിനോ തോമസ്, നിമിഷാ മുരളി, രാഹുൽ ദാസ് കെ ആർ, മാത്യൂസ് ജോർജ് എന്നിവരും വിജയലക്ഷ്മിയെ കാണാൻ എത്തിയത്.
അതുല്യമോൾ നന്നായി പാടി. മോളെക്കുറിച്ച് ''കേരള കൗമുദി''യിൽ വന്ന വാർത്തയും വായിച്ചുകേട്ടു. സംഗീതം ശാസ്ത്രീയമായികൂടി പഠിപ്പിക്കാൻ കഴിഞ്ഞാൽ അതുല്യമോൾ നല്ലൊരു ഗായികയാവും.വൈക്കം വിജയലക്ഷ്മി കേരള കൗമുദി''യോട് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |