SignIn
Kerala Kaumudi Online
Thursday, 22 October 2026 11.25 PM IST

ഇളങ്കാട് - വാഗമൺ റോഡ് എന്ന് നന്നാകും..... വികസനപാത, പക്ഷേ ആരോട് പറയാൻ !

road

മുണ്ടക്കയം : ജില്ലയുടെ കിഴക്കൻ മലയോരമേഖലയുടെ വികസനത്തിന് ആക്കം കൂട്ടുന്ന മുണ്ടക്കയം - ഇളങ്കാട്‌ - വാഗമൺ റോഡ് തകർന്ന് തരിപ്പണമായി വർഷങ്ങളായിട്ടും അധികൃതർക്ക് കുലുക്കമില്ല. മുണ്ടക്കയം മുതൽ ഇളങ്കാട് വരെ ആധുനിക നിലവാരത്തിൽ നവീകരിച്ചെങ്കിലും വല്യേന്ത മുതൽ വാഗമൺ വരെയുള്ള ഭാഗം പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. റോഡ് നിർമ്മാണ ജോലികൾ നടക്കുന്നതിനിടയിലാണ് 2021 ഒക്ടോബർ 16ന് പ്രളയം ദുരന്തം വിതച്ചത്. റോഡിന്റെ പല ഭാഗങ്ങളും ഉരുൾപൊട്ടലിൽ തകർന്നു. വാഗമൺ മലനിരയിൽ നിന്ന് കുത്തിയൊലിച്ചെത്തിയ പ്രളയ ജലത്തിൽ സംരക്ഷണഭിത്തിയും വശങ്ങളിലെ ഓടയുമെല്ലാം തുടച്ചുനീക്കപ്പെട്ടു. നിലവിൽ റോഡിലൂടെ കാൽനടയാത്ര പോലും അസാദ്ധ്യമായി.

2019 ലാണ് മന്ത്രി ജി.സുധാകരൻ റോഡിന്റെ നിർമ്മാണ ഉദ്ഘാടനം നടത്തിയത്. 34.73 കോടി രൂപയാണ് വകയിരുത്തിയത്. മുണ്ടക്കയം, കൂട്ടിക്കൽ, ഏന്തയാർ, ഇളങ്കാട് മേഖലയിലെ ജനങ്ങളുടെ വാണിജ്യവ്യവസായ മുന്നേറ്റത്തിനും റോഡ് സഹായകമാണ്.

ലാഭിക്കാം 40 കിലോമീറ്റർ

ഏഴു മീറ്റർ വീതിയിൽ ബി.എം.സി നിലവാരത്തിൽ നിർമ്മിക്കുന്ന റോഡ് യാഥാർത്ഥ്യമായാൽ വാഗമൺ മലനിരകളിലേക്ക് ഏലപ്പാറ വഴിയും ഈരാറ്റുപേട്ട വഴിയും ചുറ്റി സഞ്ചരിക്കാതെ അതിവേഗത്തിൽ എത്താനാകും. 40 കിലോമീറ്ററോളം ദൂരം ലാഭിക്കാം. 2018 മുതൽ നടക്കുന്ന പ്രളയങ്ങളിൽ ശേഷിച്ച വാഗമൺ മലനിരകളിലേക്കുള്ള റോഡിന്റെ പല ഭാഗങ്ങളും ഇടിഞ്ഞു പോയത് നിർമ്മാണത്തിന് തടസ്സമായതായി അധികൃതർ പറയുന്നു. എന്നാൽ കൂടുതൽ തുക അനുവദിച്ച് പദ്ധതി പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

സഞ്ചാരികളുടെ മനംകവരും
വാഗമണ്ണിൽ നിന്ന് പാരാഗ്ലൈഡർമാർ പറന്നിറങ്ങുന്നത് ഇളങ്കാട്ടിലേക്കാണ്. അവിടെ നിന്ന് കല്ലും മണ്ണും നിറഞ്ഞ ഓഫ് റോഡ് വഴി ജീപ്പിലാണ് തിരികിയുള്ള മടക്കയാത്ര. ഇളങ്കാട് ടൗണിൽ നിന്ന് നോക്കിയാൽ വാച്ച് ടവറും കണ്ണാടി പാലവും കാണാനാകും. ഇതുവഴിയുള്ള യാത്രയും സഞ്ചാരികളുടെ മനംകവരും.

''റോഡ് യാഥാർത്ഥ്യമായാൽ മുണ്ടക്കയം മുതൽ ഇളങ്കാട് വരെയുള്ള പ്രദേശത്തിന്റെ സമഗ്ര വികസനത്തിന് വഴിയൊരുക്കും. ഇതിനായി കൂടുതൽ തുക അനുവദിച്ച ഉടൻ നിർമ്മാണ ജോലികൾ തുടങ്ങും.

സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL