
വൈക്കം: വൈക്കത്തെ യുവതലമുറയുടെ കായിക സ്വപ്നങ്ങൾക്ക് പ്രതീക്ഷയേകി രണ്ട് സർക്കാർ സ്കൂളുകളിൽ കൂടി കളിസ്ഥലങ്ങൾ നിർമ്മിക്കാൻ കായികവകുപ്പിന്റെ ഭരണാനുമതി ലഭിച്ചതായി സി.കെ ആശ എം.എൽ.എ അറിയിച്ചു. വൈക്കം തെക്കേനട ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 2.5 കോടി രൂപ വിനിയോഗിച്ചും, വൈക്കം വെസ്റ്റ് മടിയത്തറ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ രണ്ടു കോടി വിനിയോഗിച്ചും ആധുനിക നിലവാരത്തിൽ കളിസ്ഥലങ്ങൾ നിർമ്മിക്കും. ഇവിടെ ഫുട്ബാൾ, വോളിബാൾ, ബാഡ്മിന്റൺ കോർട്ടുകൾ നിർമ്മിക്കും. കൂടാതെ വൈക്കം തെക്കേനട ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലോംഗ്ജംപ് പിറ്റ് അടക്കം അത്ലറ്റിക് ട്രാക്കും നിർമ്മിക്കുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
പെരുന്തട്ട് സ്റ്റേഡിയം നിർമ്മാണവും പൂർത്തിയാകുന്നു
വെള്ളൂർ ഗ്രാമപഞ്ചായത്തിൽ മൂന്ന് കോടി രൂപ വിനിയോഗിച്ച് പണിയുന്ന ഇറുമ്പയം പെരുന്തട്ട് സ്റ്റേഡിയത്തിന്റെ നിർമ്മാണജോലികൾ അവസാനഘട്ടത്തിലാണ്. ഒരു കോടി വിനിയോഗിച്ച് നിർമ്മിക്കുന്ന ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ അക്കരപ്പാടം ഗവ.സ്കൂൾ ഗ്രൗണ്ടിന്റെ നിർമ്മാണ പ്രവൃത്തികളും നടക്കുകയാണ്. സ്റ്റേഡിയങ്ങളുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ പൊതുകളിസ്ഥലത്തിനായുള്ള വൈക്കത്തെ യുവജനങ്ങളുടെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമാകും.
''സ്പോർട്സ് കേരള ഫൗണ്ടേഷൻ അധികൃതരുമായി വിശദമായ ചർച്ച നടത്തി മാസ്റ്റർ പ്ലാൻ തയ്യാറാക്കി. എത്രയും വേഗം സാങ്കേതിക അനുമതി ലഭ്യമാക്കി നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
-സി.കെ.ആശ എം.എൽ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |