
കോട്ടയം: സാമ്പത്തിക വർഷം അവസാനിക്കാറായപ്പോഴും ട്രഷറി നിയന്ത്രണത്തിൽ കുരുങ്ങുകയാണ് തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകൾ. 890 ബില്ലുകളിൽ നിന്നായി 1206 കോടിയാണ് മാറിക്കിട്ടാനുള്ളത്. അഞ്ചുലക്ഷത്തിലധികമുള്ള ബില്ലകൾക്കാണ് നിയന്ത്രണം. ഈ സ്ഥിതി തുടരുന്നത് പദ്ധതി നിർവഹണത്തെയും സാരമായി ബാധിക്കുന്നു.
ബഹൃത് പദ്ധതികളുടെ ബില്ലുകളാണ് മാറാനുള്ളത്. ഗ്രാമീണ റോഡുകളുടെ നിർമ്മാണം, കെട്ടിട അറ്റകുറ്റപ്പണി ഉൾപ്പെടെയാണിത്. 448 ബില്ലുകൾ റോഡുകളുമായി ബന്ധപ്പെട്ടാണ്. ജൂണിൽ 25 ലക്ഷമായിരുന്നു ബില്ലുകളുടെ പരിധിയെങ്കിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സെപ്തംബറോടെ വീണ്ടും കുറച്ചു. സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിലാണ് തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടുക. ഇക്കാലയളവിൽ ഏർപ്പെടുത്തിയ നിയന്ത്രണം പദ്ധതി പ്രവർത്തനങ്ങളുടെ താളം തെറ്റിച്ചു.
പുതിയ പ്രവൃത്തികൾ ഏറ്റെടുക്കാതെ കരാറുകാർ
കരാറുകാരുടെ ബില്ലുകൾ ബാങ്ക് വഴി മാറാവുന്ന ബിൽ ഡിസ്‌കൗണ്ട് സംവിധാനത്തിലും നിയന്ത്രണമേർപ്പെടുത്തിയതോടെ കരാറുകാർ പുതിയ പ്രവൃത്തികൾ ഏറ്റെടുക്കുന്നില്ല. ഏറ്റെടുത്തവ സമയബന്ധിതമായി പൂർത്തീകരിക്കുന്നുമില്ലെന്ന് തദ്ദേശ സ്ഥാപനങ്ങൾ ചൂണ്ടിക്കാട്ടുന്നു. വിവിധ വികസന പദ്ധതികൾക്കുള്ള 50ശതമാനം തുക ചെലവഴിക്കാൻ ബാക്കിയുണ്ട്. കുറഞ്ഞസമയംകൊണ്ട് ഈ തുക ചെലവഴിക്കൽ അപ്രായോഗികമാണ്. ഏറ്റവും കൂടുതൽ ബില്ലുകൾ കെട്ടിക്കിടക്കുന്നത് ജില്ലാ പഞ്ചായത്തിന്റേതാണ്. കുറവ് തീക്കോയി പഞ്ചായത്തിലും. നാലു പഞ്ചായത്തുകൾ മാത്രമാണ് 60 ശതമാനത്തിന് മുകളിൽ തുക ചെലവഴിച്ചത്.
ചെലവഴിച്ചത് 50.06 %വാർഷിക പദ്ധതികളിൽ ജില്ല 50.06 ശതമാനം തുകയാണ് ചെലവഴിച്ചിരിക്കുന്നത്. മാർച്ച് 31 നകം പണം ചെലവഴിക്കേണ്ടതുണ്ട്.
കെട്ടിക്കിടക്കുന്ന തുക (കോടിയിൽ)
ജില്ലാ പഞ്ചായത്ത് : 183.81
കോട്ടയം നഗരസഭ : 60.03
കാഞ്ഞിരപ്പള്ളി ബ്ളോക്ക് : 9.58
തിടനാട് പഞ്ചായത്ത് : 9.85
'' മാർച്ച് 31 നുള്ളിൽ പദ്ധതി തുക ചെലവഴിക്കും. റോഡുകളുമായി ബന്ധപ്പെട്ട പദ്ധതികളാണ് വൈകുന്നത്''
ഹേമലത പ്രേംസാഗർ, (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |