SignIn
Kerala Kaumudi Online
Friday, 23 October 2026 1.32 AM IST

നാല് വയസുകാരന്റെ രക്തത്തിൽ ലഹരി അംശം: ​ പൊലീസും പ്രിൻസിപ്പലും പറയുന്നത് പച്ചക്കള്ളം : കുട്ടിയുടെ മാതാവ്

m

കോട്ടയം: ചോക്ലേറ്റ് കഴിച്ച് അബോധാവസ്ഥയിലായ നാലു വയസുകാരന്റെ രക്തപരിശോധനയിൽ ലഹരിവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയ സംഭവത്തിൽ പൊലീസും സ്കൂൾ അധികൃതരും കള്ളക്കളി നടത്തുകയാണെന്ന് കുട്ടിയുടെ അമ്മ. കോട്ടയം വടവാതൂർ സെവൻത് ഡേ സ്കൂളിലെ എൽ.കെ.ജി വിദ്യാർത്ഥി മണർകാട് അങ്ങാടിവയൽ സ്വദേശികളുടെ മകന്റെ രക്ത പരിശോധനയിലാണ് 'ബെൻസോഡയാസിപൈൻസ് എന്ന രാസവസ്തു കണ്ടെത്തിയത്.

രക്തസാമ്പിളിൽ കണ്ടെത്തിയ രാസവസ്തു സ്കാനിംഗിന് മുമ്പ് നൽകിയ കുത്തിവയ്പിലൂടെ ഉള്ളിൽ ചെന്നതാണെന്നും ചോക്ലേറ്റിൽ നിന്നല്ലെന്നുമുള്ള മണർകാട് പൊലീസിന്റെ വിശദീകരണം തള്ളുകയാണ് കുട്ടിയുടെ മാതാവ്. പൊലീസും സ്കൂൾ അധികൃതരും മറ്റാരെയൊ രക്ഷപെടുത്താനാണ് ശ്രമിക്കുന്നതെന്ന് മാതാവ് കേരളകൗമുദിയോട് പറഞ്ഞു.

'ഫെബ്രുവരി17ന് വൈകിട്ടാണ് അവശനിലയിൽ മോനെ കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടെ നിന്നെടുത്ത രക്ത സാമ്പിൾ കൊച്ചി അമൃത ആശുപത്രിയിൽ വിദഗ്ദ്ധ പരിശോധനയ്ക്കു നൽകി. 19ന് അമൃതയിലെ ഐ.സി.യുവിലാക്കി. രക്തപരിശോധനാ ഫലം ലഭിച്ചപ്പോഴാണ് 'ബെൻസോഡയാസിപൈൻസിന്റെ" അംശം കണ്ടെത്തിയത്.

കുട്ടി കഴിച്ച മിഠായിയുടെ കവർ രാസപരിശോധന നടത്തണമെന്ന് അമൃതയിലെ ഡോക്ടർ ആവശ്യപ്പെട്ടു. സ്കൂൾ പ്രിൻസിപ്പലിനോട് പറഞ്ഞപ്പോൾ കാണാനില്ലെന്നായിരുന്നു മറുപടി.

സ്കൂളിൽ തലേദിവസം സീനിയർ വിദ്യാർത്ഥികളുടെ പരിപാടി നടന്നിടത്തായിരുന്നു അബാക്കസ് ക്ലാസ്. അവിടെ നിന്നു കിട്ടിയ ചോക്ലേറ്റ് കഴിച്ച ശേഷമാണ് മോൻ അവശനായത്. മോൻ കഴിച്ച മിഠായിയുടെ പകുതി കഴിച്ച മറ്റൊരു കുട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് സ്കൂൾ അധികൃതർ പറയുന്നു. മിഠായി ഒറ്റ്യ്ക്ക് കഴിച്ചെന്നാണ് മോൻ പറയുന്നത്. വലിയ പണക്കാരുടെ മക്കൾ പഠിക്കുന്ന സ്കൂളാണ്. ഞാൻ ജോലി ചെയ്യുന്ന ആശുപത്രി അടുത്തായത് കൊണ്ടാണ് വലിയ ഫീസ് കൊടുത്ത് മോനെ ആവിടെ ചേർത്തത്. ഇനി ആ സ്കൂളിലേക്ക് വിടില്ല-മാതാവ് പറഞ്ഞു.

കുട്ടിക്ക് മയക്കമുണ്ടായതെങ്ങനെ എന്നതിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തും

ഷാഹുൽ ഹമീദ്

ജില്ലാ പൊലീസ് മേധാവി

പൊലീസ് അന്വേഷണം നടക്കുന്നതിനാൽ സ്കൂളിന്റെ ഭാഗത്തു നിന്ന് മറ്റൊരു പരാതി നൽകിയില്ല.

റീന റിനീഷ്

പ്രിൻസിപ്പൽ സെവൻത് ഡേ സ്കൂൾ, വടവാതൂർ

ഡി.ജി.പിക്ക് പരാതി

സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ് സിംഗ് ഡി.ജി.പിക്കും ബാലാവകാശ കമ്മീഷനും പരാതി നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, LAHARI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL