SignIn
Kerala Kaumudi Online
Thursday, 22 October 2026 2.05 PM IST

വൈക്കം മഹാദേവക്ഷേത്രത്തിലെ വടക്കുപുറത്ത് പാട്ട്......... നവോത്ഥാന മണ്ണിൽ ജാതി താലപ്പൊലികൾ വേണ്ട

vkm

വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിൽ പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം നടത്തുന്ന വടക്കുപുറത്ത് പാട്ടിന് ജാതിയുടെ പേരിലുള്ള എതിരേൽപ്പുകൾ വേണ്ടെന്ന് നിർദ്ദേശം. ക്ഷേത്രത്തിന്റെ മുറ്റത്ത് നെടുംപുര കെട്ടി ദേവിയുടെ കളം വരച്ചാണ് 12 ദിവസം നീണ്ടു നിൽക്കുന്ന വടക്കുപുറത്ത് പാട്ട് നടത്തുക. വടക്കേനടയിൽ ദേവീസാന്നിദ്ധ്യം കുടികൊള്ളുന്ന കൊച്ചാലുംചുവട്ടിൽ നിന്നാണ് എല്ലാ ദിവസവും ക്ഷേത്രത്തിലേക്ക് എതിരേല്പ്. ദേവിയെ എതിരേറ്റ് ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുമ്പോൾ വ്രതമെടുത്ത 64 വനിതകൾ കുത്തുവിളക്കെടുക്കും. ആറ് ദിവസം എൻ.എസ്.എസ് കരയോഗങ്ങൾക്കും രണ്ട് ദിവസം ധീവരസഭയ്ക്കും ഒരു ദിവസം എസ്.എൻ.ഡി.പി യോഗത്തിനും ബാക്കിയുള്ള ദിവസങ്ങളിൽ മറ്റ് ചില സമുദായസംഘടനകൾക്കുമാണ് അവസരം ലഭിച്ചത്. എന്നാൽ ഇക്കുറി ഇത് വേണ്ടെന്നും വടക്കുപുറത്തുപാട്ട് കമ്മിറ്റിയുടെ നേരിട്ടുള്ള നേതൃത്വത്തിൽ എതിരേൽപ്പ് നടത്തണമെന്നുമുള്ള അഭിപ്രായമാണ് യോഗത്തിൽ ഉയർന്നത്.

എട്ട് സമുദായസംഘടനകൾ നിലവിൽ എതിരേൽപ്പ് ഏറ്റെടുത്ത് നടത്തുന്നതിന് അപേക്ഷ നൽകിയിട്ടുണ്ട്. എല്ലാ ദിവസവും ഈ സംഘടനകളെ പ്രതിനിധീകരിക്കുന്ന എട്ടുപേരെ വീതം ഉൾപ്പെടുത്തി 64 പേർ വിളക്കെടുക്കട്ടെയെന്ന നിർദ്ദേശമാണ് ഉയർന്നത്. സമുദായ സംഘടനകൾ ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് എടുത്തിട്ടില്ല. അടുത്തദിവസം ചേരുന്ന യൂണിയൻ കൗൺസിൽ വിഷയം ചർച്ച ചെയ്യുമെന്ന് എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ നേതൃത്വം അറിയിച്ചു. വടക്കുപുറത്തുപാട്ടിന്റെ ചടങ്ങുകളിലെ ജനകീയ പങ്കാളിത്തം സംബന്ധിച്ച നയപരമായ തീരുമാനങ്ങൾ വടക്കുപുറത്തുപാട്ട് കമ്മിറ്റി ഏകപക്ഷീയമായി എടുക്കരുതെന്നാണ് എൻ.എസ്.എസ് താലൂക്ക് യൂണിയന്റെ നിലപാട്.

നിർദ്ദേശം മുന്നോട്ടുവച്ചത് ആർ.എസ്.എസ്

താലപ്പൊലികൾ ജാതിയുടെ അടിസ്ഥാനത്തിൽ വേണ്ടെന്ന് യോഗത്തിൽ ശക്തമായ നിലപാടെടുത്തത് ആർ.എസ്.എസ് പ്രവർത്തകരാണ്. ഒരു പ്രത്യേക സമുദായത്തിന്റേയും പരിവേഷം വേണ്ടെന്നും വിശാല ഹൈന്ദവമുഖം മാത്രം മതിയെന്നും ഇവർ അറിയിച്ചു. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദിയിലും മഹാദേവക്ഷേത്രത്തിൽ ജാതിതിരിച്ചുള്ള ചടങ്ങുകൾ തുടരുന്നത് നീതീകരിക്കാനാവില്ലെന്ന അഭിപ്രായത്തോട് പല അംഗങ്ങളും യോജിച്ചു.

ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിനും ജാതി തിരിച്ചാണ് താലപ്പൊലികൾ നടത്തുക. ഇത് ഒഴിവാക്കണമെന്ന നിർദ്ദേശം യുവകലാസാഹിതി അടക്കം മുന്നോട്ടുവച്ചിരുന്നു.

പൊലിമ കുറയുമെന്ന് മറുവാദം

എതിരേൽപ്പ് വടക്കുപുറത്തുപാട്ട് കമ്മിറ്റി നേരിട്ട് നടത്തുമ്പോൾ അതിന്റെ മാറ്റ് കുറയുമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. ഒരു സംഘടന നടത്തുമ്പോൾ അത് ഭംഗിയായി നടത്തേണ്ട ഉത്തരവാദിത്വം അവർക്കുണ്ട്. പരമാവധി മോടിയോടെ നടത്താൻ അവർ ശ്രദ്ധിക്കും. എന്നാൽ അത് പൊതുപരിപാടിയായി നടത്തുമ്പോൾ അത്തരത്തിലുള്ള ഉത്തരവാദിത്വം ആരും ഏറ്റെടുക്കില്ലെന്നും പൊലിമ കുറഞ്ഞുപോകുമെന്നുമാണ് ഒരു വിഭാഗം പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL