SignIn
Kerala Kaumudi Online
Thursday, 22 October 2026 11.25 PM IST

തൂങ്ങിയാടി യാത്ര, കാൽ തെറ്റരുതേ...

palm

ചങ്ങനാശേരി : കാഴ്ചയിൽ തന്നെ ഭയം തോന്നും. പിന്നെ കയറിയാൽ കാര്യം പറയണോ... ആടിയുലയുന്ന പാലം. ഏത് നിമിഷവും നിലംപൊത്താം. വീഴുന്നതാകട്ടെ തോട്ടിലേക്കും. വാഴപ്പള്ളി പഞ്ചായത്ത് ഒന്നാം വാർഡ് മുളയ്ക്കാംതുരുത്തിയിലെ പാലമാണ് നാട്ടുകാർക്ക് പേടിസ്വപ്നമാകുന്നത്. ദ്രവിച്ചു തുടങ്ങിയ തടികൾ ഇളകിയിരിക്കുകയാണ്. ചിലയിടങ്ങളിൽ ദ്വാരം വീണു. ഇതിന്റെയിടയിൽ കാൽ കുടുങ്ങിയാൽ പെട്ടത് തന്നെ.

ഒരാൾ കയറുമ്പോഴേ പാലം ആടിയുലയും. ഭീതിയോടെയല്ലാതെ എങ്ങനെ മറുകരയെത്തുമെന്നാണ് പ്രദേശവാസികളുടെ ചോദ്യം. ശാസ്താംങ്കൽ, അട്ടീക്കടവ് തോടിന് കുറുകയാണ് ഈ ചെറിയ നടപ്പാലം സ്ഥിതി ചെയ്യുന്നത്. തോടിന് സമീപം പുറംബണ്ടിൽ കഴിയുന്ന അഞ്ച് കുടുംബങ്ങൾക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏകമാർഗമാണിത്.

രോഗം വന്നാൽ പെട്ടു
തോട്ടിൽ പോള തിങ്ങിനിറഞ്ഞ് കിടക്കുകയാണ്. വള്ളത്തിൽ വീട്ടിലേക്ക് പോകാമെന്ന് വച്ചാൽ സ്വന്തമായി വാങ്ങാൻ പലർക്കും ശേഷിയില്ല. സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ ഇതുവഴി സഞ്ചരിക്കുന്നുണ്ട്. കിടപ്പുരോഗികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതാണ് പ്രതിസന്ധി. ഇതിനോടകം നിരവധിപ്പേർ പാലത്തിൽ നിന്ന് തോട്ടിലേക്ക് വീണിട്ടുണ്ട്. ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു.

വാഗ്ദാനം ജലരേഖ

ഒരു പാലം എന്നത് ഇവരുടെ വർഷങ്ങളായുള്ള സ്വപ്നമാണ്. നിരവധിത്തവണ അധികൃതരോട് പറഞ്ഞിട്ടും നടപടിയുണ്ടായില്ല. ജില്ലാ പഞ്ചായത്തിന്റെ പ്രഖ്യാപനവും ജലരേഖയായി. തുടർന്ന് വർഷങ്ങൾക്ക് മുൻപ് നാട്ടുകാർ നടപ്പാലം നിർമ്മിക്കുകയായിരുന്നു. കെ.എസ്.ഇ.ബിയുടെ ഉപേക്ഷിക്കപ്പെട്ട തടി പോസ്റ്റ് കുറുകെയിട്ട് പലക അടുക്കിയായിരുന്നു നിർമ്മാണം.

''ഞങ്ങൾ അനുഭവിക്കുന്ന ദുരിതം കണ്ടില്ലെന്ന് നടിക്കരുത്. മഴക്കാലമായാൽ ഉള്ളിൽ തീയാണ്. കുട്ടികൾ വീട്ടിൽ തിരിച്ചെത്തുന്നത് വരെ ആധിയാണ്. എത്രയും വേഗം പാലം നിർമ്മിക്കാൻ നടപടി സ്വീകരിക്കണം.

-പ്രദേശവാസികൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL