
കോട്ടയം: ജില്ലാ കളക്ടർ വിളിച്ചു ചേർത്ത കർഷകരുടെയും മില്ലുടമകളുടെയും യോഗത്തിൽ നെൽ സംഭരണ പ്രശ്നത്തിന് പരിഹാരമായെന്നു കരുതിയെങ്കിലും ഇതെത്ര കണ്ടതെന്ന മട്ടിൽ സ്വകാര്യമില്ലുകാർ മുഖം തിരിച്ചതോടെ പലയിടത്തും ഇന്നലെ സംഭരണം നടന്നില്ല.
80 ശതമാനത്തോളം നെല്ല് സംഭരിച്ച ശേഷം 34 ദിവസം മുമ്പ് മില്ലുകാർ സ്ഥലം വിട്ട തിരുവാർപ്പ് മാടേക്കാട് പാടശേഖരത്തിൽ ആറ് ലോഡ് നെല്ല് ഇനിയുമുണ്ട്. ഇത് ഇന്നലെ എടുക്കാമെന്ന ഉറപ്പ് ചർച്ചയിൽ നൽകിയെങ്കിലും മില്ലുകാർ വന്നില്ല. ചാക്ക് ഇന്നലെ എത്തിക്കാത്തതിനാൽ ഇന്നും സംഭരണം നടക്കാൻ ഇടയില്ലെന്ന് കർഷകർ പറയുന്നു. ഇതു സംബന്ധിച്ച് കളക്ടർ ജോൺസാമുവലിന് പരാതി നൽകി.
കുറിച്ചി മണ്ണങ്കരയിൽ 18 ദിവസമായി നെല്ലെടുത്തിട്ട്. ഇന്നലെ സംഭരിക്കുമെന്ന് മില്ലുകാർ കളക്ടർക്ക് ഉറപ്പു നൽകിയതായിരുന്നു. ചാക്ക് എത്തിക്കാത്തതിനാൽ ഇവിടെയും ഇന്നെടുക്കുമെന്ന് ഉറപ്പില്ല .
കോട്ടയത്ത് 35 ശതമാനം പാടശേഖരങ്ങളിലേ കൊയ്തേ പൂർത്തിയായിട്ടുള്ളൂ. വേനൽ മഴയിൽ പല പാടശേഖരങ്ങളിലും നെൽച്ചെടികൾ വെള്ളത്തിൽ ചാഞ്ഞതിനാൽ കൊയ്തു യന്ത്രം ഇറങ്ങില്ല. ഇനി കൊയ്തു യന്ത്രം ഇറക്കിയാലുംകൂടുതൽ സമയമെടുക്കുന്നതിന്റെ അധിക ചെലവും കർഷകർ വഹിക്കണം. നെല്ലു പുഴുങ്ങി കുത്തിയിരുന്ന ചെറുകിടമില്ലുകൾ അടച്ചു പൂട്ടിയത് സ്വകാര്യമില്ലുകളുടെ ചൂക്ഷണം കൂടാൻ കാരണമായി. സ്വകാര്യമില്ലുകളുടെ സമ്മർദ്ദമാണ് സർക്കാർ മില്ലുകൾ തുടങ്ങാതിരിക്കാൻ കാരണം
60 കോടി കർഷകർക്ക് നഷ്‌ടം
കഴിഞ്ഞ വർഷം വിവിധ പാടശേഖരങ്ങളിലെ നെല്ല് മില്ലുകൾക്ക് നൽകിയതിൽ കിഴിവ് ഇനത്തിൽ 60 കോടി രൂപയുടെ നഷ്ടം കർഷകർക്ക് ഉണ്ടായതായി നെൽകർഷക സമിതി കുറ്റപ്പെടുത്തി. മില്ലുകാർ ആവശ്യപ്പെടുന്ന കിഴിവിന് രസീത് നൽകണമെന്ന ആവശ്യം കളക്ടറും സിവിൽ സപ്ലൈസ് ഡയറക്ടറും പങ്കെടുത്ത യോഗത്തിൽ കർഷകർ ഉന്നയിച്ചെങ്കിലും മറുപടി ഉണ്ടായില്ല.
ജെ ബ്ലോക്ക് 900 പാടശേഖരത്തിൽ1800 ഏക്കറിലെ നെല്ല് രണ്ടു കിലോ കിഴിവിനായിരുന്നു സംഭരിച്ചത്. ഈ പാടത്തിൽ മാത്രംകിഴിവിനത്തിൽ 24.5ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കർഷകർ പറയുന്നു.
കർഷകർക്കു പകരം മില്ലുകളെ സംരക്ഷിക്കുന്ന നിലപാടാണ് മിക്ക പാഡി ഓഫീസർമാരുടേയും. സിവിൽസപ്ലൈസ് ഉദ്യോഗസ്ഥരും ഇതിന്കൂട്ടുനിൽക്കുന്നു
വി.ജെ.ലാലി നെൽക്കർഷക സമിതി രക്ഷാധികാരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |