കോട്ടയം : കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിലെ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര 15 മുതൽ നടപ്പാക്കാനിരിക്കെ മതിയായ ഓർഡിനറി സർവീസുകളുടെ അഭാവം പ്രതിസന്ധി സൃഷ്ടിക്കുന്നു. ജില്ലയിൽ സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന യാത്രക്കാരിൽ 70 ശതമാനത്തിലധികവും സ്ത്രീകളാണ്. കുമരകം മേഖലയിലെ വനിതാ കൂട്ടായ്മകൾ കൂടുതൽ കെ.എസ്.ആർ.ടി.സി സർവീസുകൾ ആവശ്യപ്പെട്ട് നിവേദനം നൽകാൻ ഒരുങ്ങുകയാണ്. കോണത്താറ്റ് പാലം പൊളിക്കുന്നതിന് മുൻപ് കോട്ടയം - കുമരകം റൂട്ടിൽ 23 ബസുകൾ സർവീസ് നടത്തിയിരുന്നെങ്കിലും ഇപ്പോൾ നാലെണ്ണം മാത്രമാണ്. ജില്ലയിൽ ഏകദേശം 900 സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ട്. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതോടെ സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറയുമെന്നും വരുമാനത്തിൽ വലിയ ഇടിവുണ്ടാകുമെന്നും ബസുടമകൾ പറയുന്നു.
16 പ്രധാന റൂട്ടുകളിൽ സർവീസില്ല
കോട്ടയം - അയർക്കുന്നം - പാലാ, അയർക്കുന്നം - മറ്റക്കര, കോട്ടയം - പള്ളിക്കത്തോട് ളാക്കാട്ടൂർ, ചങ്ങനാശേരി - മണർകാട് - ഏറ്റുമാനൂർ തുടങ്ങി നിരവധി റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി ഓർഡിനറി സർവീസുകളില്ല. ഗ്രാമീണ മേഖലകളിലേക്കുള്ള സർവീസുകളുടെ കുറവും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. ജില്ലയിൽ ഏകദേശം 300 കെ.എസ്.ആർ.ടി.സി ബസുകളാണ് സർവീസ് നടത്തുന്നത്. ഇതിൽ 20 ശതമാനമേ മാത്രമാണ് ഓർഡിനറി ബസുകൾ. ശേഷിക്കുന്നവ സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ വിഭാഗങ്ങളിലുളളവയാണ്.
''സ്ത്രീകൾക്കുള്ള സൗജന്യ യാത്ര സ്വാഗതാർഹം. പ്രധാന റൂട്ടുകൾ ഒഴികെയുള്ള പല മേഖലകളിലും ഓർഡിനറി സർവീസുകൾ ഇല്ല. പദ്ധതിയുടെ പ്രയോജനം സർവീസ് ലഭ്യമായ മേഖലകളിൽ മാത്രം ഒതുങ്ങും.
( ബീന തങ്കച്ചൻ, സ്വകാര്യ സ്ഥാപന ജീവനക്കാരി)
ജോലിക്കും പഠനത്തിനുമായി ദിവസവും യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് പദ്ധതി വലിയ സഹായമാകും. പക്ഷേ ബസുകൾ, സമയബന്ധിതമായി ലഭിക്കാത്ത സാഹചര്യത്തിൽ യാത്രയുടെ പ്രയോജനം ലഭിക്കില്ല.
(സൗമ്യ ദാസ്, അമയന്നൂർ സ്വദേശിനി)
സ്ത്രീകളുടെ യാത്രാ ചെലവ് കുറയ്ക്കുന്ന ജനക്ഷേമ പദ്ധതിയാണിത്. പ്രതിദിനം തിരുവല്ലയ്ക്ക് ജോലിയ്ക്കായി പോകുന്നത് കെ.എസ്.ആർ.ടി.സിയിലാണ്. ഏറെ ആശ്വാസകരമാണ് ഈ സർക്കാർ തീരുമാനം.
(നീന, നഴ്‌സ്)
സ്ത്രീകൾക്ക് സാമ്പത്തിക ആശ്വാസം നൽകുന്ന തീരുമാനം. എല്ലാ മേഖലകളിലേക്കും ഓർഡിനറി സർവീസ് ഇല്ലാത്തതിനാൽ പലർക്കും ആനുകൂല്യം ലഭിക്കാതെ പോകും. കൂടുതൽ ബസുകൾ അനുവദിക്കണം.
(തങ്കമണി ദാസ്, വീട്ടമ്മ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |