
കൂട്ടിക്കൽ : കൂട്ടിക്കൽ ടൗണിന് സമീപം പ്രവർത്തനം നിലച്ച പഴയ പൊലീസ് എയ്ഡ് പോസ്റ്റ് ഭാഗത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ സാമൂഹ്യവിരുദ്ധർ അഗ്നിക്കിരയാക്കി. കൂട്ടിക്കൽ കരിപ്പായിൽ ബാബു എന്ന് വിളിക്കുന്ന റസാക്കിന്റെ ഓട്ടോറിക്ഷയാണ് കത്തി നശിച്ചത്. സംഭവത്തിന് പിന്നിൽ ലഹരി മാഫിയയെന്നാണ് സൂചന. ബാബുവിന്റെ മകൻ ഇബ്രാഹിം കഴിഞ്ഞ ദിവസം വീടിനുള്ളിൽ ഗ്യാസ് സിലിണ്ടർ തുറന്നു വച്ച് ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. തുടർന്ന് മുണ്ടക്കയം പൊലീസും കാഞ്ഞിരപ്പള്ളി ഫയർഫോഴ്സും എത്തി ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് യുവാവിനെ കീഴ്പ്പെടുത്തിയത്. പിന്നീട് മുണ്ടക്കയം സ്റ്റേഷനിലേക്ക് കൊണ്ടുവരുംവഴി ചെളികുഴിയ്ക്ക് സമീപംവച്ച് ജീപ്പിൽ നിന്ന് ചാടി രക്ഷപ്പെടാൻ ഇയാൾ ശ്രമിച്ചിരുന്നു. ലഹരിയ്ക്ക് അടിമയായ ഇബ്രാഹിം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായി നാട്ടുകാർ പറയുന്നു. ഇയാൾ തന്നെയാണോ പിതാവിന്റെ വാഹനം കത്തിച്ച് തന്ന സംശയവും നാട്ടുകാർക്കുണ്ട്. ഇയാൾക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാൻ പൊലീസ് തയ്യാറായില്ലെന്നാണ് ആക്ഷേപം.
അവർ ഇവിടെ തമ്പടിക്കും, സൈര്യമില്ല
പഴയ പൊലീസ് എയ്ഡ് പോസ്റ്റും സമീപമേഖലയും ലഹരി മാഫിയയുടെ താവളമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. വർഷങ്ങൾക്കുമുമ്പ് സിമി ക്യാമ്പ് നടന്ന പ്രദേശം കൂടിയാണ് ഇവിടം. നാല് പൊലീസുകാരും, ഒരു അഡീഷണൽ എസ്.ഐയും ഉൾപ്പെടെ 24 മണിക്കൂറായിരുന്നു സേവനം. പൊലീസ് ഉദ്യോഗസ്ഥർക്ക് താമസിക്കാനുള്ള ക്വാർട്ടേഴ്‌സ്, കുറ്റവാളികളെ പാർപ്പിക്കാനുള്ള സെല്ലും സജ്ജമാക്കിയിരുന്നു. മുണ്ടക്കയം സ്റ്റേഷനിൽ മതിയായ ജീവനക്കാർ ഇല്ലാതായതോടെ കൂട്ടിക്കൽ എയ്ഡ് പോസ്റ്റിന്റെ പ്രവർത്തനവും നിലച്ചു.
''എയ്ഡ് പോസ്റ്റ് പുന:രാരംഭിച്ചാൽ കുറ്റകൃത്യങ്ങൾ കുറയ്ക്കാനും, പ്രദേശത്ത് സദാസമയം നിരീക്ഷണം നടത്താനുമാകും. മുണ്ടക്കയം സ്റ്റേഷനിൽ നിന്ന് എളുപ്പത്തിൽ പല പ്രദേശങ്ങളിലേക്കും എത്തിച്ചേരാനാകില്ല.
-ഗോപീകൃഷ്ണൻ, കൂട്ടിക്കൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |