
പൊൻകുന്നം: ഗതാഗത നിയന്ത്രണങ്ങൾ പലതും പാളി, മുമ്പൊരിക്കലും ഇല്ലാത്തവിധം വാഹനങ്ങളുടെ നിരയാണിപ്പോൾ, പ്രധാന റോഡുകൾ സംഗമിക്കുന്ന പൊൻകുന്നത്ത്. കുരുക്ക് മുറുകിയതോടെ പലപ്പോഴും ആംബുലൻസുകൾക്കുപോലും കടന്നുപോകാൻ സമയം ഏറെയെടുക്കും. കഴിഞ്ഞ ദിവസങ്ങളിൽ അരമണിക്കൂറിലേറെയാണ് പൊൻകുന്നത്ത് വാഹനങ്ങൾ സ്തംഭിച്ചത്. സ്‌കൂൾ സമയങ്ങളിൽ മാത്രമല്ല, ഇടസമയങ്ങളിലും വാഹനങ്ങൾ റോഡിൽ കാത്തുകിടക്കേണ്ടി വരുന്നത് മണിക്കൂറുകളാണെന്നും നാട്ടുകാർ പറയുന്നു. പൊൻകുന്നം ടൗണിൽ കയറേണ്ടാത്ത വാഹനങ്ങൾ ടൗൺ പരിധിക്കുപുറത്തുള്ള മറ്റ് റോഡുകളിലൂടെ തിരിച്ചുവിട്ടാൽ ഗതാഗതക്കുരുക്കിന് കുറച്ചെങ്കിലും പരിഹാരമാകും. എന്നാൽ അത്തരം ആശയങ്ങളൊന്നും അധികൃതർ ഇതുവരെ ചിന്തിച്ചിട്ടില്ല.
കാരണങ്ങൾ
പാലാ റോഡിലേക്കുള്ള ട്രാഫിക് കവലയിലും മണിമല റോഡിലേക്കുള്ള കവലയിലും വാഹനങ്ങൾ സുഗമമായി കടത്തിവിട്ടില്ലെങ്കിൽ ദേശീയപാതയിലെ ഗതാഗതത്തെയും ബാധിക്കും. കൂടാതെ ബസ് സ്റ്റാൻഡിൽ നിന്ന് ബസുകൾ ദേശീയപാതയിലേക്കിറങ്ങി തിരിയുന്നതിനിടയിൽ മറ്റ് വാഹനങ്ങൾ നിയന്ത്രണമില്ലാതെ കടന്നുവരുന്നതും സ്റ്റാൻഡിനുള്ളിൽ ബസുകൾ അനുവദിച്ച സമയത്തിൽ കൂടുതൽ നിറുത്തുന്നതും പ്രതിസന്ധിയാണ്.
പാലാ റോഡിലേക്ക് തിരിയുന്ന കവലയിലെ ട്രാഫിക് സിഗ്നൽ ലൈറ്റുകൾചില ദിവസങ്ങളിൽ പണിമുടക്കുന്നതും ഗതാഗതം തടസ്സപ്പെടുത്തുന്നുണ്ട്. ഏറെ വാഹനങ്ങൾ തിരിയേണ്ട ഇവിടെ കൃത്യമായി ലൈറ്റ് തെളിഞ്ഞില്ലെങ്കിൽ ആശയക്കുഴപ്പം കൂടുതൽ സമയം വാഹനങ്ങൾ നിറുത്തിയിടുന്നു.
.
കുരുക്കഴിക്കാൻ ചില നിർദ്ദേശങ്ങൾ
കെ.വി.എം.എസ്.വിഴിക്കിത്തോട് വഴിയെത്തി കാഞ്ഞിരപ്പള്ളിക്ക് പോകേണ്ട വാഹനങ്ങൾക്ക് പൊന്നയ്ക്കൽ കുന്നിൽ നിന്ന് കുന്നേൽ ആശുപത്രിപ്പടിയിലെത്തി തിരിഞ്ഞുപോകാം. എന്നാൽ അത്തരം നിർദേശം ഇതുവരെ നൽകിയിട്ടില്ല.
ചിറക്കടവ് എസ്.ആർ.വി.കവലയ്ക്ക് സമീപമുള്ള റോഡിലൂടെ കാഞ്ഞിരപ്പള്ളി റൂട്ടിലേക്കുള്ള ബസുകൾ കടത്തിവിടുന്നുണ്ടെങ്കിലും ചെറുവാഹനങ്ങൾക്ക് അതുവഴി പോകാമെന്ന ബോർഡുകളില്ല. അതിനാൽ ബസുകളൊഴികെ എല്ലാ വാഹനങ്ങളും പൊൻകുന്നത്ത് എത്തിയാണ് പോകുന്നത്.
പൊൻകുന്നം വഴി ഈരാറ്റുപേട്ട, തിടനാട്, കപ്പാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾക്ക് പി.പി.റോഡിൽ നിന്നുള്ള മാന്തറ റോഡ് ഉപയോഗിക്കാമെങ്കിലും പ്രധാന പാതകളിലൊന്നും അതിനുള്ള നിർദേശ ബോർഡുകളില്ല. ഇവയെല്ലാം ദേശീയപാതയിലൂടെ കാഞ്ഞിരപ്പള്ളിയിലേക്ക് പോകുകയാണിപ്പോൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |