SignIn
Kerala Kaumudi Online
Monday, 15 June 2026 4.53 PM IST

സീസൺ ഇങ്ങെത്തി,​ കൊഞ്ചും കണവയുമൊക്കെ എവിടെപ്പോയി,​​ 'ഫ്രഷ് മീൻ' കിട്ടാൻ ഇനി എത്ര നാൾ കാത്തിരിക്കണം?​

fish

കേരളത്തിൽ മൺസൂൺ കാലത്തെ 52 ദിവസം നീളുന്ന ട്രോളിംഗ് നിരോധനം ഈ മാസം ഒമ്പതിന് ആരംഭിച്ചുകഴിഞ്ഞു. മീനുകളുടെ പ്രജനനവും സമുദ്ര ആവാസവ്യവസ്ഥയുടെ സംരക്ഷണവും ലക്ഷ്യമിട്ടാണ് ഇത്തരത്തിൽ വർഷംതോറും സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുന്നത്. അടുത്ത മാസം 31ന് അർദ്ധരാത്രി വരെയാണ് ആഴക്കടൽ മത്സ്യബന്ധനത്തിന് നിയന്ത്രണമുള്ളത്. മിക്ക കടൽജീവികളും പ്രജനനം നടത്തുന്നത് ഈ കാലയളവിലാണ്.

യന്ത്രവൽകൃത ബോട്ടുകൾക്കും അന്യസംസ്ഥാന ബോട്ടുകൾക്കും ഈ സമയത്ത് കടലിൽ മത്സ്യബന്ധനം നടത്തുന്നതിന് കർശനമായ വിലക്കാണുള്ളത്. കടലിലെ ചെറുമീനുകൾ നശിക്കുന്നത് തടയാൻ വേണ്ടിയാണ് ഈ നടപടി. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് നിരോധന കാലയളവിൽ ഇളവുകളുണ്ട്. ഇവർക്ക് ചെറുവള്ളങ്ങൾ ഉപയോഗിച്ച് കടലിൽ പോകുന്നതിന് അനുമതി നൽകിയിട്ടുണ്ട്.

ചെറുവള്ളങ്ങൾക്കും മീൻ കിട്ടാനില്ല

പ്രതികൂല കാലാവസ്ഥയും മഴയും കാരണം പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും ആവശ്യത്തിന് മത്സ്യം ലഭിക്കുന്നില്ല. മീനിന്റെ ലഭ്യത കുറവായതിനാൽ മീൻവില കുതിച്ചുയരുന്ന സാഹചര്യമാണുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഉൾപ്പെടെയുള്ള തീരദേശ ജില്ലകളിലെ പരമ്പരാഗത വള്ളങ്ങൾക്ക് മോശം കാലാവസ്ഥ കാരണം മിക്കദിവസങ്ങളിലും കടലിൽ പോകാൻ പറ്റാത്ത അവസ്ഥയാണുള്ളത്. പോകുന്ന ദിവസങ്ങളിലാകട്ടെ മുൻ വർഷങ്ങളെപ്പോലെ മീൻ ലഭ്യതയുമില്ല. മഴ പെയ്തു കടൽ ഇളകിമറിഞ്ഞ് പാകപ്പെടുന്നതോടെ ധാരാളം മത്സ്യം ലഭിക്കുമെന്നതാണ് മുൻകാലങ്ങളിലെ അനുഭവം. എന്നാൽ ഇത്തവണ മീനിനെ തൊട്ടാൽ പൊള്ളുന്ന അവസ്ഥയാണുള്ളത്.

പൊള്ളുന്ന വില

മത്തിക്കും അയലയ്ക്കും സാധാരണക്കാർക്ക് താങ്ങാനാകാത്തത്ര ഉയർന്ന വിലയാണുള്ളത്. ചില സ്ഥലങ്ങളിൽ ഒരു കുട്ട ചാളയ്ക്ക് (ഏകദേശം 20-21 കിലോഗ്രാം) 6,500 മുതൽ 9,000 രൂപ വരെ വിലയാണുള്ളത്. ഒരു കിലോ മത്തിക്ക് ഏകദേശം340 മുതൽ 360 രൂപ വരെ വിലയുണ്ട്. ചില സ്ഥലങ്ങളിൽ ഇത് 400 രൂപ വരെയുണ്ട്. അയല, ചൂര, കട്‌ല, തിലോപ്പിയ എന്നിവയ്ക്കും പൊള്ളുന്ന വിലയാണ് വിപണിയിലുള്ളത്. കായൽ മത്സ്യങ്ങളും വിലയുടെ കാര്യത്തിൽ ഒട്ടും പുറകിലല്ല. കരിമീൻ, ചെമ്മീൻ എന്നിവയ്ക്കൊക്കെ വലിയ വില നയകിയാണ് വാങ്ങണ്ടത്.

യന്ത്രവൽകൃത ബോട്ടുകൾ കടലിൽ പോകാത്തതിനാൽ അയല, മത്തി പോലുള്ള വലിയ മീനുകളുടെ ലഭ്യത വിപണിയിൽ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ ഇതര സംസ്ഥാനങ്ങളിൽ നിന്ന് ലോറികളിലെത്തുന്ന മത്സ്യങ്ങളെയാണ് ഇപ്പോൾ വിപണി പ്രധാനമായും ആശ്രയിക്കുന്നത്. ട്രോളിംഗ് നിരോധനത്തിന് മുമ്പ് തന്നെ മത്സ്യവില വളരെ കൂടുതലായിരുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിന് വിലക്ക് കൂടി നിലവിൽ വന്നപ്പോൾ മീൻ തീരെ കിട്ടാത്ത അവസ്ഥായാണുള്ളത്.

സംസ്ഥാനത്ത് മത്സ്യലഭ്യത കുറഞ്ഞതോടെയാണ് അന്യസംസ്ഥാന വ്യാപാരികൾ പിടിമുറുക്കിയത്. ട്രോളിംഗ് നിരോധനവും കാലവർഷവും മുന്നിൽക്കണ്ട് ദിവസങ്ങൾക്ക് മുമ്പ് തന്നെ സംഭരിച്ച മത്സ്യമാണ് കേരളത്തിൽ എത്തുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്.

സീസൺ ഇങ്ങെത്തി,​ മീൻ കിട്ടാനില്ല

വിഴിഞ്ഞം കടപ്പുറത്ത് 'സീസൺ' തുടങ്ങുന്ന കാലമാണ് ഇപ്പോൾ. മീൻപിടുത്ത സീസൺ എത്തുന്നതോടെ ഇനിയുള്ള രണ്ടു മൂന്നു മാസക്കാലം വിഴിഞ്ഞം തീരത്ത് തിരക്കേറും. സീസൺ ആരംഭിച്ചാൽ ആദ്യമെത്തുന്നത് നല്ല കൊഞ്ചാണ്. കൊഞ്ച് എത്തിയ ശേഷം കണവയും ചെറു മത്സ്യങ്ങളും എത്തും. വാള ലഭിക്കുന്നതോടെ സീസൺഅവസാനിക്കുകയാണ് പതിവ്. കഴി‌ഞ്ഞ സീസൺ വരെയും ഈ പതിവ് തെറ്റിയിട്ടില്ല. എന്നാൽ ഇത്തവണ തുടക്കത്തിലെ കൊഞ്ച് ഇതുവരെ പ്രതീക്ഷിച്ച രീതിയിൽ കിട്ടിത്തുടങ്ങിയിട്ടില്ല. മോശം കാലാവസ്ഥയെ തുടർന്ന് മീൻ പിടിക്കാൻ പോകുന്നവരുടെ എണ്ണവും കുറവാണ്. നല്ല മഴ ലഭിച്ച് കടൽ തണുത്ത് ആഴക്കടലിൽ നിന്ന് മത്സ്യങ്ങൾ മുകൾ തട്ടിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIZHINJAM, FISHING SAESON, FISH PRICE HIKE, SEASONAL FISH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360