
പാലാ : നഗരസഭാ ഭരണനേതൃത്വത്തിൽ സ്വതന്ത്ര കൂട്ടായ്മയ്ക്കുള്ള പിന്തുണ പിൻവലിക്കാനുള്ള കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി പ്രമേയം ഭരണപ്രതിസന്ധിയിലേക്ക് വഴിതുറക്കുന്നു. മണ്ഡലം പ്രസിഡന്റ് തോമസുകുട്ടി നെച്ചിക്കാടാണ് പ്രമേയം അവതരിപ്പിച്ചത്. ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തിന് നഗരസഭയുടെ നിയന്ത്രണത്തിലുള്ള കൊട്ടാരമറ്റം പ്രൈവറ്റ് ബസ് സ്റ്റാൻഡ് വിട്ടുകൊടുക്കാനുള്ള നീക്കമാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത്. സി.പി.എം നേതാക്കളുടെ താത്പര്യത്തിന് വിധേയപ്പെട്ട് സ്റ്റാൻഡ് വിട്ടുകൊടുക്കാൻ ശ്രമം നടത്തിയെന്നാണ് കോൺഗ്രസ് കൗൺസിലർമാർ പറയുന്നത്. നിലവിൽ 6 പേരാണ് കോൺഗ്രസ് കൗൺസിലർമാർ. വിഷയം ചർച്ച ചെയ്ത കൗൺസിൽ യോഗത്തിൽ നിന്ന് 2 സ്വതന്ത്ര കൂട്ടായ്മ അംഗങ്ങൾ വിട്ടുനിന്നത് ബോധപൂർവമാണെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ഭരണമുന്നണിയ്ക്ക് യോഗത്തിൽ ഭൂരിപക്ഷം ഇല്ലാതിരുന്ന സാഹചര്യത്തിൽ വോട്ടെടുപ്പിന് ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കക്കണ്ടം അനുമതി നൽകിയത് കോൺഗ്രസിനോട് കാണിച്ച രാഷ്ട്രീയ വഞ്ചനയാണെന്നാണ് പൊതുവികാരം.
സി.പി.എമ്മുമായി അവിശുദ്ധസഖ്യമെന്ന്
സി.പി.എം നേതാക്കളുമായി അവിശുദ്ധമായ രാഷ്ട്രീയ സഖ്യത്തിൽ ഏർപ്പെടുന്ന സ്വതന്ത്ര മുന്നണിയോടൊപ്പം ഭരണത്തിൽ പങ്കാളിയായി മുന്നോട്ട് നീങ്ങിയാൽ കോൺഗ്രസിന്റെ വിശ്വാസ്യതയ്ക്കും അന്തസ്സിനും കോട്ടം ഏൽപ്പിക്കുമെന്നാണ് മണ്ഡലം കമ്മിറ്റിയുടെ വിലയിരുത്തൽ. പ്രമേയത്തിന്റെ പകർപ്പ് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി, ജില്ലാ കോൺഗ്രസ് കമ്മിറ്റി, കെ.പി.സി.സി അദ്ധ്യക്ഷൻ എന്നിവർക്ക് നൽകാനും യോഗം തീരുമാനിച്ചു. ആറ് കോൺഗ്രസ് കൗൺസിലർമാരും നേതാക്കളായ പ്രൊഫ. സതീശ് ചൊള്ളാനി, തോമസ് ആർ.വി. ജോസ്, അഡ്വ. സന്തോഷ് മണർകാട്, സാബു എബ്രഹാം തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
കക്ഷിനില (26)
കോൺഗ്രസ് : 6
കേരള കോൺഗ്രസ് ജോസഫ് : 3
സ്വതന്ത്ര കൂട്ടായ്മ : 3
കെ.ഡി.പി : 1
കോൺ.വിമത : 1
ആകെ : 14
എൽ.ഡി.എഫ് : 12
''പാലാ നഗരസഭയിൽ ഞങ്ങൾക്ക് പിന്തുണ നൽകിയതും ധാരണ ഉണ്ടാക്കിയതും കോൺഗ്രസിന്റെയും, യു.ഡി.എഫിന്റെയും നേതാക്കളുമായിട്ടാണ്. അല്ലാതെ കൗൺസിലർമാരുമായിട്ടല്ല.
-അഡ്വ. ബിനു പുളിക്കക്കണ്ടം, സ്വതന്ത്ര മുന്നണി കൂട്ടായ്മ വക്താവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |