
കോട്ടയം: ട്രോളിംഗ് നിരോധനത്തെ തുടർന്ന് മത്സ്യവില വർദ്ധിച്ചതിന് പിന്നാലെ കോഴിവിലയും കുതിച്ചതോടെ നേൺ വെജ് വിഭവങ്ങൾ കൈപൊള്ളിക്കുന്ന അവസ്ഥയായി. ഇറച്ചിക്കോഴി വില റെക്കാഡിലേക്ക് കുതിച്ചു. നഗരമേഖലകളിൽ 190 രൂപയാണ് വിലയെങ്കിൽ
നാട്ടിൻപുറങ്ങളിൽ 200 ലേക്കെത്തി. ഒരുമാസം മുമ്പ് 150- 160 രൂപയായിരുന്നു ഇറച്ചികോഴി വില. ഒരാഴ്ചക്കുള്ളിൽ 20 രൂപയുടെ വർദ്ധനവുണ്ടായി.
കോഴുമുട്ട വില 8 രൂപ പിന്നിട്ടു. നാടൻമുട്ട പന്ത്രണ്ടിലേക്കുമെത്തി. കേരളത്തിൽ ട്രോളിംഗ് സീസൺ മുന്നിൽകണ്ട് തമിഴ്നാട് ലോബി ഇറച്ചിക്കോഴിക്ക് കൃത്രിമ ക്ഷാമമുണ്ടാക്കി വില വർദ്ധിപ്പിച്ചതെന്നാണ് വ്യാപാരികൾ പറയുന്നത്. കടുത്ത വേനലിൽ കോഴിക്കുഞ്ഞുങ്ങൾ കൂട്ടത്തോടെ ചത്തു പോയതിനാൽ തമിഴ്നാട്ടിൽ നിന്ന് കോഴി വരവ് കുറഞ്ഞെന്നാണ് ഹോൾസെയിൽ വ്യാപാരികൾ പറയുന്നത്. കോഴിത്തീറ്റ വിലയിലെ വൻവർദ്ധനവ് കാരണം കേരളത്തിൽ പലരും കോഴി വളർത്തൽ നിറുത്തിയതും വില ഉയരാൻ കാരണമായി.
വില വർദ്ധിപ്പിച്ച് ഹോട്ടലുകൾ
ചിക്കൻ വിഭവങ്ങളുടെ വില ഹോട്ടലുകളും തട്ടുകടകളും വർദ്ധിപ്പിച്ചു. മീഡിയം ഹോട്ടലിൽ 175 രൂപയ്ക്കു ലഭിച്ചിരുന്ന ചിക്കൻ ബിരിയാണിക്ക് 200 രൂപയായി. ചിക്കൻഫ്രൈ, കുഴിമന്തി എന്നിവയും ഇതേ പാതയിലാണ്. വഴിയോരങ്ങളിൽ നൂറ് രൂപയ്ക്ക് ചിക്കൻ ബിരിയാണി പാഴ്സൽ വിറ്റിരുന്ന പലരും കച്ചവടം നിറുത്തി. കേറ്ററിംഗ് സ്ഥാപനങ്ങളും നിരക്ക് ഉയർത്തിയിട്ടുണ്ട്.
സുനാമി ഇറച്ചി വ്യാപകം
അയൽസംസ്ഥാനങ്ങളിൽ നിന്നും മാട്ടിറച്ചി വരവ് കുറഞ്ഞതോടെ ഹോട്ടലുകളിലും കോൾഡ് സ്റ്റോറേജുകളിലും വിലകുറഞ്ഞ സുനാമി ഇറച്ചി വ്യാപകമാണ്.
മത്തി@300
മത്തി, അയല,കിളി ഉൾപ്പെടെയുള്ള മത്സ്യങ്ങൾക്ക് വില 300 രൂപയ്ക്ക് മുകളിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |