SignIn
Kerala Kaumudi Online
Tuesday, 04 August 2026 2.36 AM IST

കിഴക്കൻ വെള്ളത്തിന്റെ കുത്തൊഴുക്ക്, തോരാ പെയ്ത്ത്, തീരാ ദുരിതം

flood

പടിഞ്ഞാറൻ മേഖല മുങ്ങിത്തുടങ്ങി

കോട്ടയം : ആശ്വാസത്തിന്റെ ഒരു പകൽ മാത്രമാണ് ജില്ലയ്ക്ക് ലഭിച്ചത്. പിന്നാലെ മഴ വീണ്ടും ശക്തമായതോടെ കിഴക്കൻ മേഖലയിൽ നിന്ന് ഇരച്ചെത്തിയ വെള്ളം കോട്ടയത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളെ മുക്കി. നദികൾ കരകവിഞ്ഞൊഴുകി റോഡുകൾ വെള്ളത്തിലായി. ഗതാഗതവും താറുമാറായതോടെ ജനങ്ങൾ വീണ്ടും ദുരിതത്തിലായി. 2018 ലെ പ്രളയനിരപ്പിലെത്തിയിട്ടില്ലെങ്കിലും കിഴക്കൻ വെള്ളത്തിന്റെ വരവ് അസാധാരണമാണെന്നാണ് നാട്ടുകാർ പറയുന്നത്. പൂഞ്ഞാറിലെ കനത്ത മഴയ്ക്കും ഉരുൾപൊട്ടലിനും പിന്നാലെ വെള്ളം കയറിയ പനയ്ക്കപ്പാലം, മൂന്നാനി, പാലാ എന്നിവിടങ്ങളിൽ ഇന്നലെ വീണ്ടും വെള്ളം കയറി. തുടർച്ചയായ മൂന്നാം ദിവസവും മീനച്ചിലാർ കരകവിഞ്ഞൊഴുകി. മണിമലയാറ്റിലും ജലനിരപ്പ് ഉയർന്നു. ഇരുനദികൾക്കും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പാലാ മുതൽ പതനസ്ഥാനം വരെ മീനച്ചിലാർ അപകടനിരപ്പിന് മുകളിലാണ് ഒഴുകുന്നത്. മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ പഴയിടം കോസ്‌വേ വെള്ളത്തിനടിയിലായി. വെള്ളം കയറിയതിനെ തുടർന്ന് എരുമേലി ഓരുങ്കൽക്കടവ് പാലത്തിലൂടെയുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചു. പമ്പയാറും കരകവിഞ്ഞൊഴുകിയതോടെ എരുമേലിയുമായും മലയോര ഗ്രാമങ്ങളുമായുള്ള ബന്ധവും വിച്ഛേദിക്കപ്പെട്ടു.

മുൾമുനയിൽ മലയോരം
ഞായറാഴ്ച ഉച്ചയ്ക്ക്‌ ശേഷം മഴ കുറയുമെന്നും ഇന്നലെ ഇടവിട്ട് വെയിൽ തെളിയുമെന്നുമായിരുന്നു പ്രവചനം. അതിനാൽ മലയോര മേഖലയിൽ മുൻകരുതലുകൾ സ്വീകരിച്ചിരുന്നില്ല. എന്നാൽ സന്ധ്യയോടെ മഴ വീണ്ടും ശക്തിപ്രാപിച്ചതോടെ പുതിയ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. പൂഞ്ഞാർ, തീക്കോയി ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ ഞായറാഴ്ച രാത്രി മുതൽ ഇന്നലെ പുലർച്ചെ വരെ ശരാശരി 10 സെന്റീമീറ്റർ മഴ ലഭിച്ചു.

വൈദ്യുതിബന്ധം നിലച്ചു
മണർകാട് മുതൽ പടിഞ്ഞാറൻ പഞ്ചായത്തുകൾ വരെ നിരവധി ട്രാൻസ്‌ഫോമറുകൾ വെള്ളത്തിനടിയിലായതോടെ വൈദ്യുതി വിതരണം തടസപ്പെട്ടു. ഫോൺ ചാർജ് ചെയ്യാൻ കഴിയാതെയും ഇൻസുലിൻ ഉൾപ്പെടെയുള്ള മരുന്നുകൾ സുരക്ഷിതമായി സൂക്ഷിക്കാനാകാതെയും നിരവധി കുടുംബങ്ങൾ ബുദ്ധിമുട്ടിലായി. കെ.എസ്.ഇ.ബി ജീവനക്കാർ വിശ്രമമില്ലാതെ പ്രവർത്തിച്ച് പരമാവധി പ്രദേശങ്ങളിൽ വൈദ്യുതി പുന:സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.

ട്രാൻസ്‌ഫോമറുകൾ ഓഫ് ചെയ്തു
പടിഞ്ഞാറൻ പ്രദേശങ്ങളായ പുളിക്കമറ്റം, പാണംപടി, ഭഗീരഥ, ഭാമശേരി, 15 ൽ കടവ്, സ്വരമുക്ക്, കല്ലു പുരക്കൽ, സിഎൻഐ, കൊച്ചാന, പനയം കഴുപ്പ്, ഇളം പള്ളി, പാറപ്പാടം, അറുപുഴ, വെസ്റ്റ് ക്ലബ്, പാറപ്പാടം ടെമ്പിൾ, ഇല്ലിക്കൽ, ചിന്മയ സ്‌കൂൾ, എക്‌സൽഷ്യർ ഇംഗ്ലീഷ് സ്‌കൂൾ എന്നിവിടങ്ങളിലെ ട്രാൻസ്‌ഫോമറുകൾ ഓഫ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL