SignIn
Kerala Kaumudi Online
Wednesday, 19 August 2026 4.59 AM IST

കടുപ്പിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്..... ലൈസൻസില്ലാത ഉപ്പേരിയും പായസവും വിൽക്കേണ്ട

paysm

കോട്ടയം : ഓണാഘോഷത്തിന്റെ ഭാഗമായി വീടുകളിൽ തയ്യാറാക്കുന്ന ഉപ്പേരി, ശർ‌ക്കരവരട്ടി, പായസമുൾപ്പെടെ ലൈസൻസില്ലാതെ വിൽക്കുന്നതിനെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മുന്നറിയിപ്പ്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നാണ് നിർദ്ദേശം. വീട്ടിൽ തയ്യാറാക്കുന്ന ഭക്ഷ്യവിഭവങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. ഇതു മുതലെടുത്ത് പലരും വീടുകളിലും റോഡരികിൽ നിറുത്തിയിട്ടിരിക്കുന്ന കാറുകളിലും മറ്റുമായി വിൽക്കുന്നുണ്ട്. പായ്ക്കറ്റിന്റെ പുറത്ത് ഭക്ഷണം പായ്ക്ക് ചെയ്ത തീയതിയും സമയവും രേഖപ്പെടുത്തിയിരിക്കണം. ഓണാഘോഷങ്ങൾ, വിവിധ സംഘടനകളുടെ പരിപാടികൾ, സ്ഥാപനങ്ങളിലെ ഓണസദ്യകൾ തുടങ്ങിയവയ്ക്കായി പാകംചെയ്ത ഭക്ഷണം വാങ്ങുമ്പോൾ രജിസ്‌ട്രേഷനുള്ള സ്ഥാപനങ്ങളിൽനിന്ന് മാത്രമേ വാങ്ങാവൂ. വ്യക്തികളുടെ വിശ്വാസ്യത മാത്രം കണക്കിലെടുത്ത് ലൈസൻസോ രജിസ്‌ട്രേഷനോ ഇല്ലാത്തവരിൽനിന്ന് ഭക്ഷണം വാങ്ങുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.

പായസം കേടാകാൻ സാദ്ധ്യതയേറെ

പാൽ ഉൾപ്പെടെയുള്ള ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന പായസം വേഗത്തിൽ കേടാകാനുള്ള സാദ്ധ്യതയേറെയാണ്. അതിനാൽ തയ്യാറാക്കിയ സമയം മുതൽ എത്ര സമയത്തിനുള്ളിൽ ഉപയോഗിക്കണമെന്ന നിർദ്ദേശം പായ്ക്കറ്റിൽ രേഖപ്പെടുത്തിയിരിക്കണം. ഭക്ഷണം വിതരണം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന കണ്ടെയ്നറുകളും ഗുണനിലവാരമുള്ളതും ഭക്ഷണം സൂക്ഷിക്കാൻ സുരക്ഷിതവുമായിരിക്കണം.


പാലിക്കണം ഇവ

ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് കണ്ടെയ്നറുകളിൽ പായ്‌ക്ക് ചെയ്യരുത്

പാത്രങ്ങളും പൊതികളും സുരക്ഷിതമായ വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കണം

വില വിവരം, അളവ്, ഉപയോഗിച്ച സാധനങ്ങൾ ഏതൊക്കെ എന്ന് കാണിക്കണം

'' ലൈസൻസില്ലാതെ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നതും ലേബൽ ഉൾപ്പെടെയുള്ള നിർബന്ധിത വിവരങ്ങളില്ലാതെ ഭക്ഷണം വിതരണം ചെയ്യുന്നതും പരിശോധനയിൽ കണ്ടെത്തിയാൽ നിയമനടപടി സ്വീകരിക്കും.

ഭക്ഷ്യസുരക്ഷാ വകുപ്പ്

പാൽ ഗുണനിലവാര പരിശോധന

20 മുതൽ 24 വരെ ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സൗജന്യ പാൽ ഗുണനിലവാരപരിശോധന സംഘടിപ്പിക്കും. വിപണിയിലുള്ള ഓരോ ബ്രാൻഡ് പാലിന്റെയും ഗുണനിലവാരം സൗജന്യമായി പരിശോധിക്കാം. കോട്ടയം ഈരയിൽക്കടവിലുള്ള ക്ഷീരവികസന വകുപ്പിന്റെ ജില്ലാ ആസ്ഥാനത്ത് രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് സൗകര്യം.

ഭക്ഷ്യസുരക്ഷ സംബന്ധിച്ചുള്ള പരാതികൾ 18004251125 എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL