കോട്ടയം: മൊബൈൽ ഫോണിന് തീവിലയായതോടെ മോഷ്ടിച്ച് പാർട്സുകളാക്കി പൊളിച്ചുവിൽക്കുന്ന സംഘങ്ങൾ സജീവമായി. മോഷ്ടിച്ച ഫോൺ ഉപയോഗിച്ചാൽ ഐ.എം.ഇ.ഐ നമ്പരിലൂടെ കണ്ടെത്താനാകുമെന്നതിലാണ് മോഷ്ടാക്കൾ എളുപ്പവഴി തിരഞ്ഞെടുക്കുന്നത്.
മോഷ്ടിച്ച ഫോൺ കൈയിൽ കിട്ടിയാലുടൻ ഡിസ്‌പ്ളേ, ബാറ്ററി, സബ് ബോർഡ് ഇവയെല്ലാം വേർതിരിക്കും. ഈ പാർട്സുകൾ ഒരേ മോഡലുകളിലുള്ള മറ്റ് ഫോണുകളിൽ ഉപയോഗിച്ചാൽ കണ്ടുപിടിക്കാനും കഴിയില്ല. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് മൊബൈൽ ഫോണിനും പാർട്സുകൾക്കും വില വർദ്ധിച്ചതോടെ വളഞ്ഞ വഴിയിൽ കാശുണ്ടാക്കുകയാണ് വിരുതൻമാർ. തട്ടിയെടുത്ത ഫോണുകളുടെ സിം കാർഡ് മാറ്റിയാലും ഫോൺ ഐ.എം.ഇ.ഐ നമ്പർ ഉപയോഗിച്ച് കണ്ടെത്താം. ഐ.എം.ഇ.ഐ നമ്പർ സോഫ്റ്റുവെയർ ഉപയോഗിച്ച് മാറ്റുന്നവരുമുണ്ട്. ഇത് അൽപ്പം മെനക്കേടായതിലാണ് മോഷ്ടിച്ച ഫോൺ ഓൺ ചെയ്യാതെ തന്നെ പാർട്സുകളാക്കുന്നത്.
നിയമത്തിന് പുല്ലുവില
സെക്കൻഡ് ഹാൻഡ് മൊബൈൽ ഫോൺ വിൽക്കാൻ വരുന്നവരുടെ മുഴുവൻ വിവരങ്ങളും സൂക്ഷിച്ചുവയ്ക്കണമെന്നാണ് നിയമം. എന്നാൽ ഒരു വിഭാഗം നിയമം പാലിക്കാതെ മോഷണ മുതൽ ആണെന്ന് അറിഞ്ഞ് വാങ്ങിവയ്ക്കും.
ഓരോ പാർട്സിനും ഓരോ വില
ഒറിജിനൽ ഡിസ്പ്ളേയ്ക്ക് പതിനായിരം രൂപ വരെയാണ് വില. ബോർഡിന് ഫോണിന്റെ 90 ശതമാനം വരെ വിലയുണ്ട്. ബാറ്ററിയും ഫ്രെയിമും എല്ലാം വിറ്റു കാശാക്കാം. സർവീസിന് എത്തുന്ന ഫോണുകളിലാണ് ഇവ ഉപയോഗിക്കുന്നത്. മൊബൈൽ ഫോൺ മോഷണ കേസുകൾ കൂടുമ്പോഴും അവ കണ്ടെത്താൻ കഴിയാത്തതിന് പിന്നിൽ പൊളിക്കൽസംഘങ്ങളാണെന്നാണ് സൈബർ പൊലീസിന്റെ നിഗമനം.
റിസ്ക് കുറവ്, കൂടുതൽ കാശ്
പാർട്സാക്കിയാൽ ഫോൺ മോഷ്ടിച്ചതെന്ന് കണ്ടെത്താൻ കഴിയില്ല
പാർട്സായി വിറ്റാൽ ഇരട്ടി ലാഭം
പാർട്സുകൾ വിൽക്കുന്നത് ഒറിജിനലിന്റെ മാർക്കറ്റ് വിലയ്ക്ക്
പാർട്സുകൾ ഉപയോഗിക്കുന്നത് പല ഫോണുകളിൽ
മോഷ്ടാവിന് കൃത്യമായി ഒരു നിശ്ചിത തുക നൽകും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |