കോട്ടയം:അസഹ്യമായ ചൂട് ഒരു വശത്ത്. പവർകട്ട് മറുവശത്ത്. ജനത്തിന്റെ അവസ്ഥ പിന്നെ ഊഹിക്കാം... നിയന്ത്രണംവിട്ട ജനം ശരിക്കും ചൂടിലാമെന്ന് പറയാം. കനത്ത ചൂടിൽ പൊറുതിമുട്ടുന്ന ജനങ്ങൾക്ക് അത്രയേറെ ദുരിതം സൃഷ്ടിക്കുകയാണ് വൈദ്യുതി നിയന്ത്രണം. രാവിലെ മുതൽ രാത്രി വരെ മുന്നറിയിപ്പില്ലാതെയാണ് ഇടയ്ക്കിടെ വൈദ്യുതി മുടങ്ങുന്നതെന്നാമ് ആക്ഷേപം. ചൂട് വർദ്ധിക്കുമെന്ന് നേരത്തെ വ്യക്തമായിരുന്നിട്ടും ആവശ്യമായ മുന്നൊരുക്കങ്ങൾ സ്വീകരിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് ആരോപണം.
വീട്ടമ്മമാർ പെട്ടുപോയി
വൈദ്യുതി മുടക്കം ഏറ്റവുമധികം ബാധിച്ചത് വീട്ടമ്മമാരെയാണ്. കുടിവെള്ളം പോലും ശേഖരിക്കാൻ കഴിയാത്ത അവസ്ഥ.
വൈദ്യുതി നിലച്ചതോടെ പ്രായമായവർ, രോഗികൾ, കുട്ടികൾ, ഗർഭിണികൾ എന്നിവർക്കെല്ലാം ഇരട്ടിദുരിതമായി. രാത്രിയിൽ വൈദ്യുതി മുടങ്ങുന്നതോടെ ഉറക്കവും നഷ്ടപ്പെട്ടു.
വ്യാപാര സ്ഥാപനങ്ങൾ പ്രതിസന്ധിയിൽ
പകൽസമയത്തെ വൈദ്യുതി നിയന്ത്രണം വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനത്തെയും സാരമായി ബാധിച്ചു. ആശുപത്രികൾ, നിർമ്മാണ യൂണിറ്റുകൾ, ഹോസ്റ്റലുകൾ, വ്യാപാരകേന്ദ്രങ്ങൾ തുടങ്ങിയവയുടെ പ്രവർത്തനത്തിലും തടസം നേരിടുന്നു. നിലവിൽ വൈദ്യുതി ഉപയോഗം വർദ്ധിച്ചതാണ് നിയന്ത്രണത്തിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
അറിയിക്കും, പക്ഷേ വ്യക്തതയില്ല
വൈകിട്ട് 6നും രാത്രി 12നും ഇടയിൽ നിയന്ത്രണമുണ്ടാകുമെന്ന അറിയിപ്പുണ്ടെങ്കിലും ഏത് സമയത്ത് എത്ര നേരത്തേക്ക് വൈദ്യുതി മുടങ്ങുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ രാത്രി ഒരു മണിക്കൂറോളം വൈദ്യുതി മുടങ്ങുന്നു. സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം ഏറ്റവും ഉയർന്ന നിലയിലെത്തിയ കഴിഞ്ഞ ഏപ്രിലിൽ മാസത്തിൽ പോലും നിയന്ത്രണം ഉണ്ടായിരുന്നില്ല. മഴ ലഭിക്കാത്തതും എൽനിനോ പ്രതിഭാസത്തെ തുടർന്ന് ചൂട് വർദ്ധിച്ചതുമാണ് വൈദ്യുതി ആവശ്യകത ഉയരാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
മഴയെത്തുമോ?
വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് മാത്രമാണ് ആശ്വാസം പകരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |