വിളകൾ നശിക്കുന്നു,അപ്രതീക്ഷിത തിരിച്ചടി
കോട്ടയം: മാറിമറിഞ്ഞ കാലാവസ്ഥ കർഷകരുടെ പ്രതീക്ഷകളെയാണ് തകിടംമറിച്ചത്. അപ്രതീക്ഷിത ചൂടിൽ ജില്ല വെന്തുരുകുമ്പോൾ അത് കാർഷികമേഖലയിലും പ്രതിഫലിച്ചു. അക്ഷരാർത്ഥത്തിൽ കൃഷിയും കർഷകരും വാടിത്തളർന്നെന്ന് പറയാം. മഴ കുറഞ്ഞതിനെത്തുടർന്ന് പാടശേഖരങ്ങൾ, നദികൾ എന്നിവിടങ്ങളിലെ ജലനിരപ്പ് താഴ്ന്നതോടെ വാഴ, ചീനി, ചേമ്പ് തുടങ്ങിയ കരകൃഷികൾ ഉണങ്ങിത്തുടങ്ങി.മുളച്ചുവരുന്ന തൈകൾ പോലും കൊടുംചൂടിൽ കരിഞ്ഞുണങ്ങുന്നത് കർഷകർക്ക് തിരിച്ചടിയായി. ജൂൺ, ജൂലായ് മാസങ്ങളിൽ ശക്തിപ്രാപിക്കേണ്ട കാലവർഷം ഇത്തവണ ജില്ലയിൽ ആഗസ്തിലാണ് സജീവമായത്. മലയോരമേഖലയിലും താഴ്ന്ന പ്രദേശങ്ങളിലും പ്രളയസമാനമായ സാഹചര്യമായിരുന്നു. അതേസമയം സെപ്തംബറിൽ മഴ കുറഞ്ഞു. ഇതോടെ സാഹചര്യങ്ങൾ തകിടംമറിഞ്ഞു. മഴ കുറഞ്ഞതും
ചൂട് വർദ്ധിച്ചതും വരൾച്ച രൂക്ഷമാക്കി.
കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് മഴയിൽ കുറവ് സംഭവിച്ചത്: 25 ശതമാനം
അന്ന് നിറഞ്ഞൊഴുകി, ഇന്ന് വറ്റിവരണ്ടു
ഒരു മാസം മുമ്പ് വെള്ളപ്പൊക്കത്തിൽ നിറഞ്ഞൊഴുകിയ നദികളും തോടുകളും ഇപ്പോൾ വറ്റിവരണ്ടു. ജലാശയങ്ങളിൽ ജലനിരപ്പ് താഴ്ന്നതോടെ കരകൃഷികൾക്ക് ആവശ്യമായ വെള്ളം എത്തിക്കാനുള്ള ശ്രമത്തിലാണ് കർഷകർ. ഇത് കൃഷിചെലവും വർദ്ധിപ്പിച്ചു. ഇനി തുലാമഴയിലാണ് പ്രതീക്ഷ. എന്നാൽ, എൽനിനോ പ്രതിഭാസം തുലാവർഷത്തെയും ബാധിച്ചാൽ വരൾച്ച കൂടുതൽ രൂക്ഷമാകും. പാടശേഖരങ്ങളിലെ ജലാംശ കുറവ് കീടരോഗബാധയ്ക്ക് കാരണമാകുമോയെന്ന ആശങ്കയിലാണ് നെൽകർഷകർ.
മുന്നിൽ വലിയ പ്രതിസന്ധി
കൊടുംചൂട് നെല്ലിന്റെ വളർച്ചയെയും വിളവിനെയും ബാധിക്കും. ഉത്പാദനം കുറയുന്നത് പച്ചക്കറികൾക്കും പഴവർഗങ്ങൾക്കും വില ഉയരാൻ വഴിയൊരുക്കും. പകൽച്ചൂട് ചേന, ചേമ്പ്, കാച്ചിൽ, ചീനി എന്നിവയ്ക്ക് പുറമേ ഇഞ്ചി, മഞ്ഞൾ എന്നിവയുടെ വളർച്ചയെയും വിളവിനെയും ബാധിക്കും.
മഴയ്ക്ക് സാദ്ധ്യതയെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകൾ പതിവായി എത്തുന്നുണ്ടെങ്കിലും മഴ മാത്രം മാറിനിൽക്കുകയാണ്. മഴയുടെ കുറവ് തുടരുകയാണെങ്കിൽ കാർഷിമേഖലയുടെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും. (കർഷകർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |