SignIn
Kerala Kaumudi Online
Tuesday, 22 September 2026 6.01 AM IST

51 ദിവസത്തിനിടെ രണ്ട് ദുരന്തങ്ങൾ മലയോരത്ത് ബാക്കി കണ്ണീരും ഭയവും

mons

പാലാ: മഴ കനക്കുമ്പോൾ മലയോരത്ത് ഭീതിയാണ്. ഉരുൾപൊട്ടലിന്റെയും മണ്ണിടിച്ചിലിന്റെയും മലവെള്ളപ്പാച്ചിലിന്റെയും രൂപത്തിൽ മലയോരജനതയെ പ്രകൃതി വേട്ടയാടുമ്പോൾ 51 ദിവസത്തിനിടെ രണ്ട് ദുരന്തങ്ങൾക്കാണ് നാട് സാക്ഷിയായത്. നാല് പേർക്ക് ജീവഹാനിയുണ്ടായി.ഇന്നലെ കണ്ടവർ ഇന്ന് മണ്ണിനടിയിൽപ്പെട്ട് ഇല്ലാതാകുന്ന ദുരന്തങ്ങൾ ആവർത്തിക്കുകയാണ്. ഭയപ്പെട്ട് ജീവിതം തള്ളിനീക്കേണ്ട സാഹചര്യം. മഴ ശക്തമാകുമ്പോൾ വീടുവിട്ട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറേണ്ട സാഹചര്യമാണ് പ്രദേശവാസികൾക്ക്.

ഒരു മാസം മുൻപ് പൂഞ്ഞാർ പയ്യാനിത്തോട്ടിലുണ്ടായ ഉരുൾപൊട്ടലിലാണ് അമ്മയും മകനും മരിച്ചത്. പെട്ടെന്നുണ്ടായ ശക്തമായ മഴയിൽ വീട് ഉൾപ്പെടെ മണ്ണും മലവെള്ളവും കുത്തിയൊലിച്ചെത്തുകയായിരുന്നു. ഈ ദുരന്തത്തിന്റെ നടുക്കം മാറും മുൻപാണ് പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ മൂന്നാം വാർഡ് പെരിങ്ങുളത്ത് ഉറവപ്ലാവിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ചേലക്കാട്ട് വീട്ടിൽ ജോസഫ് (അപ്പച്ചൻ,80) മരിച്ചത്. കുറഞ്ഞ സമയത്തിനുള്ളിൽ പെയ്യുന്ന ശക്തമായ മഴയാണ് മലയോര മേഖലയിൽ ദുരന്തങ്ങൾക്ക് ഇടയാക്കുന്നത്. മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും അപകടം ഒഴിവാക്കുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഏറെ പിന്നിലാണ്.

അതിതീവ്ര മഴ
ഹൈഡ്രോളജി സബ് ഡിവിഷൻ കോട്ടയത്തിന്റെ കണക്ക്പ്രകാരം ജില്ലയിൽ ഏറ്റവും ശക്തമായ മഴ ലഭിച്ചത് മലയോര മേഖലകളിലാണ്. വാഗമണ്ണിൽ 250 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. തീക്കോയിയിൽ 185 മില്ലിമീറ്ററും ഈരാറ്റുപേട്ടയിൽ 178 മില്ലിമീറ്ററും മഴ ലഭിച്ചു. ബോയ്സ് എസ്റ്റേറ്റിൽ 24.8, മുണ്ടക്കയത്ത് 22.6, കോഴായിൽ 21.2, പാമ്പാടിയിൽ 17.6, കാഞ്ഞിരപ്പള്ളിയിൽ 16, കോട്ടയത്ത് 6 മില്ലിമീറ്റർ എന്നിങ്ങനെയാണ് മറ്റ് പ്രദേശങ്ങളിൽ ലഭിച്ച മഴ.

അടിയന്തര സഹായം ഉറപ്പാക്കും

കനത്തമഴയിലും മണ്ണിടിച്ചിലിലും മീനച്ചിൽ താലൂക്കിൽ രണ്ട് പേർ മരിച്ച സംഭവത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അടിയന്തര സർക്കാർ സഹായം ഉറപ്പാക്കുമെന്ന് മന്ത്രി മോൻസ് ജോസഫ് അറിയിച്ചു. പ്രകൃതിക്ഷോഭത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് വീടുകൾ പുനർനിർമ്മിച്ചു നൽകും. പാലാ ഗവൺമെന്റ് ജനറൽ ആശുപത്രിയിലെത്തി മരിച്ചവരുടെ കുടുംബാംഗങ്ങളെയും ഉദ്യോഗസ്ഥരെയും കണ്ടശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പരിക്കേറ്റവർക്കും ദുരിതബാധിതർക്കും ആവശ്യമായ എല്ലാ സഹായവും സർക്കാർ തലത്തിൽ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മൃതദേഹം വിട്ടുനൽകി

ഈരാറ്റുപേട്ട–വാഗമൺ റോഡിൽ തീക്കോയി വേലത്തുശ്ശേരിയിൽ സ്‌കൂട്ടറിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് മരിച്ച ചെന്നൈ ജവഹർ നഗർ സ്വദേശിനി സംഗീതയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. പാലാ ഗവ. ജനറൽ ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയത്. മന്ത്രി മോൻസ് ജോസഫിനൊപ്പം ആന്റോ ആന്റണി എം.പി., എം.എൽ.എമാരായ എം.ജെ. സെബാസ്റ്റ്യൻ, മാണി സി. കാപ്പൻ, പാലാ നഗരസഭ ചെയർപേഴ്‌സൺ മായാ രാഹുൽ, വൈസ് ചെയർമാൻ ബിജു മാത്യൂസ് എന്നിവരും ആശുപത്രിയിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

ചർച്ച നാളെ

മീനച്ചിൽ താലൂക്കിലെ മഴക്കെടുതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ആവശ്യമായ എല്ലാ ക്രമീകരണങ്ങളും സർക്കാർ തലത്തിൽ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തിൽ മഴക്കെടുതിയും തുടർനടപടികളും ചർച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

നാശനഷ്ടങ്ങളുടെ കണക്ക് ശേഖരിക്കും

നാശനഷ്ടങ്ങൾ വിലയിരുത്താൻ പാലാ ആർ.ഡി.ഒ., റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി മോൻസ് ജോസഫ് അറിയിച്ചു. അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, FLOOD POONJAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL