കൊല്ലം: ബീഹാറിൽ ആർ.ജെ.ഡി നേതാവിനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കൊടുംകുറ്റവാളി പിടിയിൽ. ബീഹാർ സ്വദേശി മുഹമ്മദ്അജാജ് അഹമ്മദിനെയാണ്(35)ബീഹാർ പൊലീസ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ സഹായത്തോടെ ചാമക്കടയിൽ നിന്ന് പിടികൂടിയത്.
ബീഹാറിലെ രാഷ്ട്രീയ ജനതാദൾനേതാവും സീതാമഠി ജില്ലാപരിഷത്ത് അംഗവുമായ ബൈദ്യനാഥ് മഹ്തോയെ കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതിയാണ് പിടിയിലായത്. കഴിഞ്ഞ സെപ്തംബർ 12ന് സീതാമഠിയിലെ ദുംറയിലാണ് മഹ്തോ വെടിയേറ്റ് മരിച്ചത്. സംഭവശേഷം
കേരളത്തിലെത്തിയ മുഹമ്മദ്അജാജ് ബീഹാറിലെ സുഹൃത്തിനെ ഫോണിൽ വിളിച്ചു. കൊട്ടിയത്ത് ജോലി ചെയ്യുന്ന ബീഹാർ സ്വദേശിയുടെ പേരിലുള്ള സിം കാർഡാണ് ഉപയോഗിച്ചിരുന്നത്.
ഈമാസം 2ന് കൊട്ടിയത്തെത്തിയ ബീഹാർ പൊലീസ് സിം കാർഡ് ഉടമയെ കസ്റ്റഡിയിലെടുത്തതോടെ മുഹമ്മദ്അജാജിനെ കുറിച്ച് വിവരം ലഭിച്ചു. ചാമക്കട ഫയർസ്റ്റേഷന് സമീപം ബാപ്പ, ഉമ്മ, ഭാര്യ, മൂന്ന് മക്കൾ എന്നിവർക്കൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു പ്രതി. ബീഹാർ പൊലീസ് എത്തുന്നതിന് മുമ്പേ മുഹമ്മദ്അജാജും കുടുംബവും സ്ഥലം വിട്ടിരുന്നു. പൊലീസിന്റെ നീക്കങ്ങൾ അറിയാൻ ഇന്നലെ രാവിലെ ചാമക്കടയിലെത്തിയപ്പോഴാണ് പിടികൂടിയത്.
2020ൽ മോഷണശ്രമത്തിനിടെ യുവതിയെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലും 9മോഷണക്കേസുകളിലും പ്രതിയാണ്. ഇയാളെ കണ്ടെത്തുന്നവർക്ക് ബീഹാർ സർക്കാർ 50,000രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. 2019മുതൽ കേരളത്തിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. കൊല്ലം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയശേഷം പ്രതിയെ ബീഹാറിലേക്ക് കൊണ്ടുപോയി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |