SignIn
Kerala Kaumudi Online
Saturday, 03 October 2026 2.08 AM IST

കോട്ടയം മെഡിക്കൽ കോളേജിൽ പ്രതിസന്ധി അദ്ധ്യാപക ഒഴിവുകളിൽ നിയമനം വൈകുന്നു

കോട്ടയം: അദ്ധ്യാപകക്ഷാമം രൂക്ഷമായതോടെ കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സാ, അക്കാഡമിക പ്രവർത്തനങ്ങൾ പ്രതിസന്ധിയിൽ. വിവിധ വിഭാഗങ്ങളിലായി 90 ഓളം ഒഴിവുകളാണുള്ളത്. ഒഴിവുകൾ അടിയന്തരമായി നികത്തണമെന്ന് ആശുപത്രിയിൽ സന്ദർശിക്കാനെത്തിയ ആരോഗ്യമന്ത്രി കെ.മുരളീധരനോട് അധികൃതർ ആവശ്യപ്പെട്ടിരുന്നു. സീനിയർ റെസിഡന്റുമാരുടെ കൂടുതൽ തസ്തികകളും അനുവദിക്കണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു. നിലവിലെ പ്രതിസന്ധി ഒ.പിയുടെ പ്രവർത്തനത്തെ ഉൾപ്പെടെ ബാധിക്കുമെന്ന് ആശങ്കയുണ്ട്.

തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നത്

പ്രൊഫസർ:6

അസോസിയേറ്റ് പ്രൊഫസർ: 12

അസി.പ്രൊഫസർ: 50

പത്തോളജിയിലും പ്രശ്നം
പത്തോളജി വിഭാഗത്തിലെ രണ്ട് പ്രൊഫസർ തസ്തികകളിലും നിലവിൽ ഡോക്ടർമാരില്ല. മേയിൽ വിരമിച്ച പ്രൊഫസറുടെ ഒഴിവ് നികത്തിയിട്ടില്ല. മറ്റൊരു പ്രൊഫസർ തിരുവനന്തപുരത്ത് ആരംഭിക്കുന്ന പുതിയ മെഡിക്കൽ കോളേജിലേക്ക് നോഡൽ ഓഫീസറായി പോയി. വിരമിച്ച പ്രൊഫസറുടെ തസ്തിക കോന്നി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു. നിലവിൽ മൂന്ന് അസോസിയേറ്റ് പ്രൊഫസർമാരും ഒൻപത് ജൂനിയർ ഡോക്ടർമാരുമാണുള്ളത്. കാൻസർ സംശയിക്കുന്നവരുടെ ബയോപ്‌സി ഉൾപ്പെടെ സാമ്പിളുകളും, ഹീമറ്റോളജി ലാബിൽ പരിശോധനകളും, മുഴകളുടെ സ്വഭാവം നിർണയിക്കുന്ന പ്രത്യേക പരിശോധനകളും ഇവിടെ നടക്കുന്നുണ്ട്.

കോട്ടയം മൂന്നാമത്

സംസ്ഥാനത്ത് ഏറ്റവുമധികം പത്തോളജി സാമ്പിളുകൾ കൈകാര്യം ചെയ്യുന്ന കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളേജുകൾക്ക് പിന്നാലെയാണ് കോട്ടയം. എന്നാൽ കുറച്ച് സാമ്പിളുകൾ കൈകാര്യം ചെയ്യുന്ന തൃശൂർ, ആലപ്പുഴ മെഡിക്കൽ കോളേജുകളുടേതിന് സമാനമായ സ്റ്റാഫ് പാറ്റേണാണ് കോട്ടയത്തുമുള്ളത്.

ജോലിഭാരം

ജോലി മൂന്നിരട്ടിയോളം വർദ്ധിച്ചിട്ടും തസ്തികകൾ കുറയുകയാണ്. മെഡിക്കൽ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്ക് സ്ഥിരം ബയോമെഡിക്കൽ എൻജിനിയറുമില്ല. ആലപ്പുഴ മെഡിക്കൽ കോളേജിലെ എൻജിനിയർ ആഴ്ചയിൽ ഒരുദിവസമാണ് കോട്ടയത്ത് എത്തുന്നത്.

നിലവിലെ പ്രതിസന്ധി ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. സ്ഥലംമാറ്റ നടപടികൾ പൂർത്തിയാകുന്നതോടെ അദ്ധ്യാപക ഒഴിവുകൾ പരിഹരിക്കപ്പെടും.

ഡോ.വർഗീസ് കെ.പൂന്നൂസ്

സൂപ്രണ്ട്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, KOTTAYAM MCH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL