കോട്ടയം: കൊയ്ത്തു തുടങ്ങിയതിന് പിന്നാലെ തുലാമഴയെത്തിയതോടെ വിരിപ്പുകൃഷിക്കിറങ്ങിയ നെൽകർഷകർ ആശങ്കയിൽ. സംഭരണനടപടികൾ ആരംഭിച്ചിട്ടില്ല. നെല്ല് കളത്തിൽ നിന്ന് നീക്കാനായില്ലെങ്കിൽ മഴയിൽ ഈർപ്പം വർദ്ധിക്കും. മഴ തുടർന്നാൽ നെല്ല് കിളിർക്കും. ഇത് കർഷകർക്ക് വൻ നഷ്ടമുണ്ടാകും.
കാലാവസ്ഥ വില്ലനായതോടെ വിരിപ്പുകൃഷിചെയ്ത കർഷകർ കുറവാണ്. ജില്ലയിൽ 5000- 6000 ഹെക്ടർ സ്ഥലത്താണ് വിരിപ്പുകൃഷി നടന്നത്. വെച്ചൂരിൽ രണ്ടായിരത്തിലേറെ ഹെക്ടർ സ്ഥലത്ത് കൃഷിയിറക്കി. ഇവിടെ 115 ഏക്കർ വരുന്ന അരികുപുറം പാടശേഖരത്താണ് ആദ്യം കൊയ്ത്താരംഭിച്ചത്. സ്വകാര്യ മില്ലുകളുമായി ധാരണയിലെത്താത്തതിനാൽ ഓയിൽപാം ഇന്ത്യയുടെ കീഴിലുള്ള അടച്ചുപൂട്ടൽ ഭീഷണിയിലായ വെച്ചൂർ മോഡേൺ റൈസ് മിൽ ഇവിടുത്തെ നെല്ല് സംഭരിക്കും. കൃഷിമന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് നടപടി. നേരത്തേ സംഭരിച്ച നെല്ലിന്റെ വിലയിനത്തിൽ സർക്കാർ മില്ലിന് 30 കോടി രൂപ നൽകാനുണ്ട്. നെല്ല് സംഭരിച്ച ഇനത്തിൽ അഞ്ച് കോടി രൂപ കർഷകർക്കും മില്ല് നൽകാനുണ്ട്. സർക്കാർ അടിയന്തിരമായി സഹായിക്കുമെന്ന പ്രതീക്ഷയിലാണ് സംഭരണം തുടങ്ങുന്നത്.
ധാരണയാകാതെ മില്ലുകൾ
നെല്ല് സംഭരണ രജിസ്ട്രേഷൻ കഴിഞ്ഞമാസം 30ന് പൂർത്തിയാക്കാനിരുന്നു തീരുമാനം. എന്നാൽ സ്വകാര്യമില്ലുകളുമായി ധാരണയിലെത്താൻ കഴിയാത്തതിനെത്തുടർന്ന് തീയതി ഈ മാസം 30 വരെ നീട്ടി. സംഭരിച്ച നെല്ല് അരിയാക്കി നൽകേണ്ട സമയപരിധി പല മില്ലുകളും പാലിച്ചിരുന്നില്ല. ഇത്തരം മില്ലുകളെ കരിമ്പപട്ടികയിൽപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിബന്ധനകൾക്ക് വിധേയമായി ഈ മില്ലുകളെയും ഈവർഷത്തെ സംഭരണത്തിൽ ഉൾപ്പെടുത്താൻ മന്ത്രി അനൂപ് ജേക്കബ് നിർദ്ദേശിക്കുകയായിരുന്നു.
അടുത്ത ആഴ്ചയോടെ കൂടുതൽ പാടങ്ങളിൽ കൊയ്ത്താകും. തുലാമഴ നേരത്തെയെത്തി. സപ്ലൈക്കോയുടെ നെല്ല് സംഭരണം നീണ്ടാൽ മഴയിൽ നെല്ല് നശിക്കും.
ശിവദാസൻ
(നെൽകർഷകൻ )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |