ബംഗളൂരു: റോഡ്, കുടിവെള്ളം, പെൻഷൻ എന്നിങ്ങനെയുള്ള ആവശ്യങ്ങളുമായാണ് സാധാരണ ജനസമ്പർക്ക പരിപാടികളിൽ ആളുകൾ എത്തുന്നത്. എന്നാൽ കർണാടകയിലെ ഒരു ജനസമ്പർക്ക പരിപാടിയിൽ കർഷകരായ യുവാക്കൾക്ക് വധുവിനെ കണ്ടെത്താൻ സഹായിക്കണമെന്ന ആവശ്യവുമായിട്ടാണ് ഒരാൾ മുഖ്യമന്ത്രിയെ സമീപിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
മൈസൂർ ജില്ലയിലെ പിരിയാപട്ടണയിൽ ഒക്ടോബർ 3ന് നടന്ന 'പ്രജാ സേവ' പരിപാടിയിലാണ് സംഭവം. കർഷക കുടുംബങ്ങളിൽപ്പെട്ട നിരവധി യുവാക്കൾക്ക് കൃഷിഭൂമിയും വീടുമുണ്ടായിട്ടും വിവാഹം കഴിക്കാൻ പെൺകുട്ടികളെ കിട്ടുന്നില്ലെന്നായിരുന്നു യുവാവിന്റെ പരാതി. ഇക്കാര്യം മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനോടാണ് ഇയാൾ ഉന്നയിച്ചത്.
'35 മുതൽ 40 വയസുവരെയുള്ള നിരവധി പുരുഷന്മാർ വിവാഹം നടക്കാത്തതിനെ തുടർന്ന് കടുത്ത നിരാശയിലാണ്. ചിലർ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിക്കുന്നുണ്ട്. ഞങ്ങൾക്ക് വിവാഹം കഴിക്കണം. ഞങ്ങളെ സഹായിക്കണം. സ്വന്തമായി വീടും ഭൂമിയുമുണ്ടായിട്ടും വിവാഹത്തിന് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചിട്ടും വധുവിനെ ലഭിക്കുന്നില്ല. ഈ വിഷയത്തിൽ സർക്കാർ ഇടപെടണം,'- യുവാവ് ആവശ്യപ്പെട്ടു.
തുടർന്ന് ശിവകുമാർ, 'നിങ്ങൾക്ക് എന്താണ് വേണ്ടത്?' എന്ന് ചോദിച്ചു. ഇതിന് മറുപടിയായാണ് കർഷക യുവാക്കൾക്ക് വിവാഹം കഴിക്കാൻ സഹായിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. സർക്കാർ ജോലി, കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ ജോലി തുടങ്ങിയ സ്ഥിരവരുമാനമുള്ള തൊഴിൽ ചെയ്യുന്ന യുവാക്കളെയാണ് പെൺകുട്ടികളുടെ കുടുംബങ്ങൾ വിവാഹത്തിനായി കൂടുതൽ പരിഗണിക്കുന്നതെന്നും കർഷക യുവാക്കൾ വിവാഹിതരാകാതെ പോകുന്നതിന് ഇതും കാരണമാണെന്നും പരാതിക്കാരൻ പറഞ്ഞു.
സംഭവം മുഖ്യമന്ത്രിയെ അമ്പരപ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ കർഷക യുവാക്കളുടെ വിവാഹപ്രശ്നം കർണാടകയിൽ നേരത്തെ തന്നെ ചർച്ചയായ വിഷയമാണ്. ഫെബ്രുവരിയിൽ കുനിഗൽ എം.എൽ.എ എച്ച്.ഡി. രംഗനാഥ് അന്നത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ഇതേ ആവശ്യമുന്നയിച്ച് കത്തയച്ചിരുന്നു. ഗ്രാമങ്ങളിൽ താമസിച്ച് കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന പുരുഷന്മാരെ വിവാഹം കഴിക്കുന്ന സ്ത്രീകൾക്ക് പ്രത്യേക ധനസഹായവും പ്രത്യേക പരിഗണനയും നൽകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. കാർഷിക മേഖലയിലുള്ള പുരുഷന്മാരെ വിവാഹം കഴിക്കാൻ പല സ്ത്രീകളും താത്പര്യം കാണിക്കുന്നില്ലെന്നും ഇതുമൂലം 30 വയസിന് ശേഷവും നിരവധി കർഷകർ അവിവാഹിതരായി തുടരുകയാണെന്നും രംഗനാഥ് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
A farmer in Karnataka appealed to Chief Minister D.K. Shivakumar for help finding brides for unmarried men from farming communities.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |