SignIn
Kerala Kaumudi Online
Friday, 06 November 2026 3.24 AM IST

ശബരിമല തീർത്ഥാടകർക്ക് സുരക്ഷിത യാത്രയൊരുക്കും; പാതയിൽ കരുതലോടെ മോട്ടോർവാഹനവകുപ്പ്

valav

കോട്ടയം : ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് മുന്നോടിയായി സുരക്ഷാ മുന്നൊരുക്കങ്ങൾ ശക്തമാക്കി മോട്ടോർ വാഹന വകുപ്പ്. വളവും, കുത്തിറക്കവും, കയറ്റവും നിറഞ്ഞയിടങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.

അന്യസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ നിരവധി അയ്യപ്പഭക്തരാണ് മണ്ഡലകാലത്ത് കടന്നു പോകുന്നത്. ഇവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി റെയിൽവേ സ്റ്റേഷനുകൾ, കെ.എസ്.ആർ.ടി.സി. സ്റ്റാൻഡുകൾ, ഇടത്താവളങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക ക്രമീകരണങ്ങളൊരുക്കും. കൂടുതൽ ജീവനക്കാരെ നിയോഗിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി, മോട്ടോർ വാഹന വകുപ്പ് എന്നിവിടങ്ങളിലേക്ക് അധിക ഡ്രൈവർമാരെ നിയോഗിക്കുന്നതിനുള്ള ടെസ്റ്റുകളും ആരംഭിച്ചു. ശബരിമല സേഫ് കേരള ടീമിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. വാഹനങ്ങൾക്ക് തകരാറുകൾ സംഭവിക്കുകയോ അപകടങ്ങളുണ്ടാകുകയോ ചെയ്താൽ തീർത്ഥാടകർക്ക് അടിയന്തര സഹായം ലഭ്യമാക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ കൺട്രോൾ റൂമുകൾ സജ്ജമാക്കും. പത്തനംതിട്ടയുടെ കീഴിൽ ഇലവുങ്കലിലും കാഞ്ഞിരപ്പള്ളിയുടെ കീഴിൽ എരുമേലിയിലും ഇടുക്കിയുടെ കീഴിൽ കുട്ടിക്കാനത്തുമാണ് കൺട്രോൾ റൂമുകൾ.

സൈൻ ബോർഡ്, ക്രാഷ് ബാരിയർ
മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകൾ 24 മണിക്കൂറും പട്രോളിംഗ് നടത്തും. എരുമേലി, കാഞ്ഞിരപ്പള്ളി മേഖലകളിലുൾപ്പെടെ പാതകളിലെ തടസങ്ങൾ നീക്കുന്നതിനും ആവശ്യമായ സൈൻ ബോർഡുകൾ സ്ഥാപിക്കുന്നതിനും നടപടികൾ സ്വീകരിക്കും. അപകടസാദ്ധ്യതയുള്ള വളവുകളിൽ ഡബ്ല്യുബീം മെറ്റൽ ക്രാഷ് ബാരിയറുകൾ, രാത്രികാല യാത്ര കൂടുതൽ സുരക്ഷിതമാക്കുന്നതിനായി റോഡ് സ്റ്റഡുകൾ, ഹസാർഡ് മാർക്കറുകൾ എന്നിവ സ്ഥാപിക്കും.

ഇവിടെ അപകടം തുടർക്കഥ

കണ്ണിമല ഇറക്കം
മുണ്ടക്കയം വഴി ഭക്തരെത്തുന്ന പ്രധാനപാത. കണ്ണിമല ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങൾ റോഡിന്റെ ലൈൻ മാപ്പിംഗ് അനുസരിച്ച് മഠംപടി വളവിൽ തിരിയുമ്പോൾ വലതുവശത്തേക്ക് കയറുന്ന തരത്തിലാണ് വാഹനങ്ങൾ കടന്നുപോകുന്നത്. വളവിൽ റോഡിന്റെ പ്രതലം അപകടസാദ്ധ്യത ഉയർത്തുന്ന തരത്തിൽ ചെരിഞ്ഞാണ്.

കണമല ഇറക്കം

എരുമേലി - പമ്പാപാതയിൽ എരുത്വാപ്പുഴ മുതൽ കണമല വരെ രണ്ട് കിലോമീറ്റർ കുത്തനെയുള്ള ഇറക്കവും മറുവശം കാണാനാവാത്ത വളവും. കണമല അട്ടിവളവിന് ശേഷമുള്ള വളവാണ് അപകടകരം. ഇവിടെയും റോഡിലെ പ്രതല വ്യത്യാസം അപകടത്തിന് ആക്കം കൂട്ടുന്നു.


''അപകടസാദ്ധ്യതയുള്ള മേഖലകൾ തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് സംവിധാനങ്ങൾ ശക്തമാക്കുന്നതിലൂടെ മണ്ഡലകാലത്ത് സുരക്ഷിത തീർത്ഥാടനം ഉറപ്പാക്കുകയാണ് മോട്ടോർ വാഹന വകുപ്പിന്റെ ലക്ഷ്യം.

-(ഡി.ജയരാജ്, കോട്ടയം ആർ.ടി.ഒ )

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL