കടനാട്: കടനാട് തോട്ടിലും ചെക്കുഡാമുകളിലും സോപ്പുപതപോലെ മലിനജലം പതഞ്ഞു പൊങ്ങിയത് ജനങ്ങളിൽ ആശങ്കയുണർത്തി. ഇതേത്തുടർന്ന് പഞ്ചായത്തിലെ ഏറ്റവും വലിയ ജനകീയ കുടിവെള്ള പദ്ധതിയായ കൈതയ്ക്കൽ പൂതക്കുഴി പദ്ധതിയുടെ പമ്പിംഗ് അടിയന്തരമായി നിർത്തിവച്ചു. എഴുന്നോറോളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി.
കടനാട് പള്ളിക്ക് സമീപമുള്ള ചെക്കുഡാമിലും വെള്ളരിങ്ങാട്ട് ചെക്കുഡാമിലുമാണ് ഇന്നലെ പുലർച്ചെ അസാധാരണമായ രീതിയിൽ വെള്ളത്തിൽ സോപ്പുപതപോലെ രൂപപ്പെട്ടത്. തോട്ടിലെ വെള്ളത്തിന്റെ ഉപരിതലത്തിൽ വലിയ തോതിൽ പത അടിഞ്ഞുകൂടിയതോടെ പ്രദേശവാസികൾ പരിഭ്രാന്തരായി. വിവരമറിഞ്ഞ് ജനപ്രതിനിധികളും നാട്ടുകാരും സ്ഥലത്തെത്തി.
ഇത് കുടിവെള്ള പദ്ധതിയുടെ ജലസ്രോതസുമായി ബന്ധപ്പെട്ട പ്രദേശമായതിനാൽ ആരോഗ്യസുരക്ഷ മുൻനിർത്തി പമ്പിംഗ് നിർത്തിവയ്ക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.
മുന്നറിയിപ്പില്ലാതെ പമ്പിംഗ് നിർത്തിവച്ചതോടെ കുടിവെള്ളത്തെ ആശ്രയിക്കുന്ന കുടുംബങ്ങൾ വലിയ ദുരിതത്തിലായി.
രണ്ടാഴ്ച മുമ്പും കടനാട് കണ്ടൂർ ക്രോസ് വേയ്ക്ക് സമീപമുള്ള ചെക്കുഡാമിൽ സമാനമായ രീതിയിൽ വെള്ളം പതഞ്ഞുപൊങ്ങിയിരുന്നു. തോട്ടിലേക്ക് ഏത് ഭാഗത്തുനിന്നാണ് മലിനജലം ഒഴുകിയെത്തുന്നതെന്ന് കണ്ടെത്തണമെന്നും നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
വെള്ളം പരിശോധനയ്ക്ക് അയച്ചു
വെള്ളത്തിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പരിശോധനാഫലം ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കടനാട് പഞ്ചായത്ത് പ്രസിഡന്റ് ലാലി സണ്ണി ' കേരള കൗമുദി ' യോടു പറഞ്ഞു. ഫലം ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |