
കോട്ടയം: ഭക്ഷ്യോത്പന്നങ്ങളുടെ വിലക്കയറ്റത്തിനനുസരിച്ച് സർക്കാർ വിഹിതം ലഭിക്കാത്തത് സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയിലാക്കുന്നു. പാലിന്റെയും മുട്ടയുടേയും പച്ചക്കറികളുടേയും വിലക്കയറ്റമാണ് വെല്ലുവിളിയാകുന്നത്.
കൂടുതൽ വിദ്യാർഥികളുള്ള സ്‌കൂളുകളിലാണ് വലിയ സാമ്പത്തിക പ്രതിസന്ധി. വിപണിയിലെ സാധനങ്ങളുടെ വിലയ്ക്കനുസരിച്ച്, സർക്കാർ അനുവദിക്കുന്ന തുക വർദ്ധിപ്പിക്കുന്നില്ല. ഇത് സ്‌കൂളുകൾക്ക് അധിക സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുകയാണ്. പ്രഥമാദ്ധ്യാപകരും മറ്റ് അദ്ധ്യാപകരും പണമെടുത്താണ് കാര്യങ്ങൾ ചെയ്യുന്നത്. സർക്കാർ അനുവദിക്കുന്ന തുകയും വിപണിയിലെ വിലയും തമ്മിലുള്ള അന്തരം നികത്താൻ നടപടി വേണമെന്നാണ് ഉച്ചഭക്ഷണ വിതരണച്ചുമതലയുള്ള അദ്ധ്യാപകരുടെ ആവശ്യം.
സർക്കാർ തുക കുറവ്
ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ആഴ്ചയിൽ ഒരു ദിവസം മുട്ടയും രണ്ടു ദിവസം പാലും വിദ്യാർത്ഥികൾക്കു നൽകണമെന്നാണ് നിർദേശം.
എന്നാൽ മുട്ടയുടെ വില എട്ടു രൂപ വരെയെത്തിയിട്ടും ഒരു മുട്ടയ്ക്കു സർക്കാർ അനുവദിക്കുന്നത് ആറു രൂപ മാത്രം.
അധികബാദ്ധ്യത സ്‌കൂളുകൾ വഹിക്കേണ്ടിവരുന്നു.
പാലിന്റെ കാര്യത്തിലും സമാനമായ പ്രതിസന്ധിയുണ്ട്. ക്ഷീരസംഘങ്ങളിൽനിന്ന് നേരിട്ടു വാങ്ങുമ്പോൾ ലിറ്ററിന് 60 രൂപയും പുറത്തുനിന്ന് വാങ്ങുമ്പോൾ 65 രൂപ വരെയും നൽകണം. എന്നാൽ സർക്കാർ അനുവദിക്കുന്ന തുക ലീറ്ററിന് 52 രൂപ മാത്രമാണ്.
പച്ചക്കറികളുടെ വിലവർദ്ധനയും ഉച്ചഭക്ഷണ വിതരണത്തിന്റെ ചെലവ് ഉയർത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |