SignIn
Kerala Kaumudi Online
Friday, 02 October 2026 12.16 PM IST

പൊളിച്ചടുക്കാൻ ഒരു നഗരസഭ !

kottayam

ജില്ലയിലെ ആറ് നഗരസഭകളിൽ ഏറ്റവും കൂടുതൽ കെട്ടിടം പൊളിക്കുന്നതിന് അവാർഡ് ഏർപ്പെടുത്തിയാൽ അത് ലഭിക്കുക കോട്ടയം നഗരസഭയ്ക്ക് തന്നെയായിരിക്കും.

പൊളിക്കാനുള്ളവയുടെ ലിസ്റ്റ് ആദ്യം തയാറാക്കും. പിന്നീട് ബലക്ഷയം ആരോപിച്ച് അവിടെ നിന്നും കച്ചവടക്കാരെ ഒഴിവാക്കും. പിന്നീട് കെട്ടിടത്തിന്റെ പഴക്കം കണക്കാക്കി ഒരു തറവില നിശ്ചയിക്കും. ടെൻഡർ വിളിച്ചെടുക്കുന്നത് മച്ചാനും മച്ചാനുമായുള്ള പരസ്പര ധാരണയിൽ ആയിരിക്കും. പൊളിക്കാൻ തുടങ്ങിയാൽ ഒരു നിശ്ചിത തുക കൊടുക്കണമെന്ന ധാരണയിൽ ആണ് കെട്ടിടത്തിന്റെ വില നിശ്ചയി ക്കുന്നതെന്നാണ് ആരോപണം. പുതിയ കെട്ടിടം പണിയുമ്പോൾ കിട്ടുന്നതിനേക്കാൾ കൂടുതൽ പ്രയോ ജനം പൊളിക്കുമ്പോൾ കിട്ടും. പരാതിയും ഉണ്ടാവില്ലെന്നാണ് ചുറ്റുവട്ടത്തുള്ളവർ പ്രചരിപ്പിക്കുന്നത്. പൊളിക്കുന്ന കെട്ടിടങ്ങളിൽ നിന്നും ടൺ കണക്കിന് കമ്പികൾ കിട്ടും. വേയിസ്റ്റ് ഒരു ലോഡിന് 3000രൂപയ്ക്കുമേൽ കിട്ടും. പൊളിക്കൽ എന്ന ശർക്കരകുടത്തിൽ കൈയിട്ടുവാരാൻ കിട്ടുന്ന അവസരം ഉപേക്ഷിക്കാൻ കഴിയുമോ?

നഗരസഭ വർഷങ്ങൾക്കു മുമ്പ് പൊളിച്ച വെസ്റ്റ്‌ പോലീസ് സ്റ്റേഷൻ കെട്ടിടം, ഇപ്പോൾ പഴയ പൊലീസ് സ്റ്റേഷൻ മൈതാനമാക്കി വാടകയ്ക്ക് കൊടുക്കുന്നു. പച്ചക്കറി മാർക്കറ്റ് കെട്ടിടം, വർഷങ്ങൾക്കു മുമ്പ് പൊളിച്ച് കാർ പാർക്കിംഗ് ആക്കി. പഴയ മത്സ്യ മാർക്കറ്റ് കെട്ടിടവും സമീപ കാലത്ത് പൊളിച്ചു നിരത്തി. കച്ചേരിക്കടവിലുള്ള പഴയ റസ്റ്റ്‌ ഹൗസ് കെട്ടിടം ഉടൻ പൊളിക്കും. അടുത്തത് പഴയ പച്ചക്കറി ചന്തയ്ക്കു വടക്കുവശമുള്ള കെട്ടിടം. വയസ്ക്കരകുന്നിലെ സ്റ്റാഫ്‌ ക്വാർട്ടേഴ്‌സുകൾ, എൻജിനീയർക്കുള്ള ക്വാർട്ടേഴ്‌സ്, സെക്രട്ടറിയുടെ ക്വാർട്ടേഴ്സിന് പിന്നിലുള്ള കെട്ടിടം, തിരുനക്കര ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്സ്., നഗരസഭാ ഓഫീസ് കെട്ടിടം, കഞ്ഞിക്കുഴിയിലെ ഷോപ്പിംഗ് കോംപ്ലക്സ് തുടങ്ങി കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി എന്ന ചൊല്ല് അന്വർത്ഥമാക്കി പൊളിക്കാനുള്ള കെട്ടിടങ്ങളുടെ നിര നീളുകയാണ് .

കമഴ്ന്നുവീണാൽ കാൽപ്പണമെന്നതാണ് മുഖമുദ്ര. വർഷങ്ങൾക്കു മുമ്പ് പൊളിച്ചവയൊന്നും പൂർത്തിയായിട്ടില്ല. പല കാരണങ്ങളാൽ പണി ഇട്ടു തല്ലി കിടക്കുന്നു. കോടിമത മത്സ്യ മാർക്കറ്റ്, സ്ലോട്ടർ ഹൗസ്, മാലിന്യ സംസ്കരണ കേന്ദ്രം തുടങ്ങിയവ എന്തുകൊണ്ട് പൂർത്തിയാക്കുന്നില്ലെന്നു ചോദിച്ചാൽ മറ്റ് വകുപ്പുകളെ പഴി ചാരി ആകെ മൊത്തം ടോട്ടലായുള്ള റെഡി മണി ഉത്തരം കിട്ടും. ഇതെല്ലാം കാണുമ്പോൾ കോട്ടയം നഗരസഭയ്ക്ക് ആക്രി കച്ചവടമാണോ പണി എന്ന് ആരെങ്കിലും ചോദിച്ചാൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല. വികസനപദ്ധതികൾക്കു പകരം കച്ചവടതാത്പര്യത്തോടെ പൊളിച്ചടുക്കൽ മാത്രം നടത്തി നാണക്കേടിന്റെ പര്യായമായി മാറിയ "നരകസഭയെ' ഇനി എന്തു പേരിട്ട് വിളിക്കണം!

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL