കോഴിക്കോട്: പ്ലാസ്റ്റിക്കും ചെളിയും നിറഞ്ഞ് മാലിന്യവാഹിയായി ഒഴുകുന്ന കനോലി കനാൽ വീണ്ടെടുക്കണമെന്ന ആവശ്യവും ശക്തമാകുന്നു. 2018 സെപ്തംബർ 28നാണ് 'ഓപ്പറേഷൻ കനോലി കനാൽ' എന്ന പേരിൽ വിവിധ സംഘടനകളുടെ സഹകരണത്തോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ശുചീകരണ യജ്ഞത്തിന് തുടക്കം കുറിച്ചത്. എന്നാൽ പദ്ധതി കാര്യക്ഷമമല്ലാതായതോടെ കനോലി വീണ്ടും മാലിന്യവാഹിയായി.
വടക്ക് കോരപ്പുഴ മുതൽ തെക്ക് കല്ലായിപ്പുഴ വരെ 11.2 കിലോമീറ്റർ നീളമുള്ള കനാലിൽ ശുചീകരണത്തിന് ഏറ്റവും ദുർഘടം എരഞ്ഞിപ്പാലം മുതൽ കാരപ്പറമ്പ് വരെയുള്ള പ്രദേശമായിരുന്നു. അറവുമാലിന്യങ്ങളും പെരുമ്പാമ്പുകളും നിറഞ്ഞ ഈ പ്രദേശം അഗ്നിശമനസേനയുടെയും മറ്റും സഹകരണത്തോടെയാണ് വൃത്തിയാക്കിയത്. എന്നാൽ നഗരസഭ, വിവിധ പരിസ്ഥിതി സംഘടനകൾ എന്നിവ സഹകരിച്ച് തുടങ്ങിയ ഓപ്പറേഷൻ കനോലി കനാൽ പാതിവഴിയിലായി. മരങ്ങളും പ്ലാസ്റ്റിക്ക് മാലിന്യവുമുൾപ്പടെ 500 ടൺ മാലിന്യമാണ് നീക്കം ചെയ്തത്. കനാലിനെ എട്ട് സെക്ടറുകളാക്കി തിരിച്ച് വിവിധ പരിസ്ഥിതി സന്നദ്ധ സംഘടനകൾക്കും റെസിഡൻസ് അസോസിയേഷനുകൾക്കും ചുമതല നൽകി. മാലിന്യം നീക്കം ചെയ്യാനും മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താനും ഇതിനായി ക്യാമറ സ്ഥാപിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ പദ്ധതികളെല്ലാം ജലരേഖയായി. കനോലി കനാലിനെ സംരക്ഷിക്കാനായി സ്ഥിരമായി പരിശോധന നടത്താനായി രണ്ട് സോളാർ ബോട്ടുകൾ വാങ്ങുമെന്ന് കോർപ്പറേഷൻ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇവയൊന്നും നടപ്പായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |