ബേപ്പൂർ വാട്ടർ ഫെസ്റ്റിൽ ജനകീയ
പങ്കാളിത്തം ഉറപ്പാക്കും: മന്ത്രി റിയാസ്
കോഴിക്കോട്: നാലാമത് ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് ഡിസംബർ അവസാന വാരത്തോടെ നടക്കും. കാപ്പാട് മുതൽ താനൂർ വരെയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ ഉൾപ്പെടുത്തി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് ബേപ്പൂർ വാട്ടർഫെസ്റ്റിന്റെ മുന്നോടിയായി കളക്ടറേറ്റിൽ ചേർന്ന വിവിധ സബ് കമ്മിറ്റികളുടെ പ്രഥമയോഗത്തിൽ ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.
ദേശീയതലത്തിൽ ശ്രദ്ധേയരായ വ്ലോഗർമാരെ പങ്കെടുപ്പിച്ച് പ്രചാരണം ശക്തമാക്കുമെന്നും ജനകീയ പങ്കാളിത്തം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഫെസ്റ്റിന്റെ സുഗമമായ നടത്തിപ്പിന് റെസിഡൻസ് അസോസിയേഷനുകളുടെ യോഗം ചേരും. ഫെസ്റ്റ് ദിവസങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിന് ചാലിയത്തുനിന്നു ബേപ്പൂരേക്ക് പ്രത്യേക ജങ്കാർ സർവീസ് ഏർപ്പെടുത്തും. വാട്ടർ ഫെസ്റ്റ് സംഘാടക സമിതി ചെയർമാൻ ജില്ല കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് അദ്ധ്യക്ഷത വഹിച്ചു. ആർമി, നേവി, എയർഫോഴ്‌സ്, കോസ്റ്റ് ഗാർഡ് വിഭാഗങ്ങളുടെ അഭ്യാസ പ്രകടനങ്ങളും പ്രദർശനവും വിപുലമാക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
യോഗത്തിൽ കോഴിക്കോട് കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ കെ.കൃഷ്ണകുമാരി, പി .സി രാജൻ, കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി .അനുഷ, കൗൺസിലർ എം .ഗിരിജ, സബ് കളക്ടർ ഹർഷിൽ ആർ മീണ, അസി.കളക്ടർ ആയുഷ് ഗോയൽ, എ .ഡി. എം സി .മുഹമ്മദ് റഫീഖ്, വിവിധ സബ് കമ്മിറ്റി കൺവീനർമാർ, സ്‌പോർട്‌സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ഒ .രാജഗോപാൽ, ഫറോക്ക് എ.സി.പി എ. എം .സിദ്ദിഖ്, ഡെപ്യൂട്ടി കളക്ടർ സി .ബിജു, ടൂറിസം വകുപ്പ് ജോ. ഡയറക്ടർ ഡി .ഗിരീഷ് കുമാർ, അഡ്വഞ്ചർ ടൂറിസം സി.ഇ.ഒ ബിനു കുര്യാക്കോസ്, ഡി.എം.ഒ എൻ രാജേന്ദ്രൻ, ഡി.ടി.പി.സി സെക്രട്ടറി ടി .നിഖിൽദാസ് ഹർബർ എൻജിനിയറിംഗ്, പി.ഡബ്ല്യു.ഡി, ഭക്ഷ്യസുരക്ഷ തുടങ്ങിയവർ പങ്കെടുത്തു.
ദീപാലങ്കാരം
മാനാഞ്ചിറ സ്‌ക്വയർ മുതൽ ബേപ്പൂർ വരെ വൈദ്യുത ദീപാലങ്കാരങ്ങൾ ഒരുക്കും.
ദിവസവും മത്സരം കൈ നിറയെ സമ്മാനം
സൈക്ലിംഗ്, കൈറ്റ് ഫെസ്റ്റ്, വാട്ടർ സ്‌പോർട്‌സ്, പാരാ മോട്ടറിംഗ് ഷോ, ഫുഡ് ഫെസ്റ്റ്, കയാക്കിംഗ്, സർഫിംഗ്, ബോട്ട് പരേഡ്, സെയിലിംഗ് തുടങ്ങിയ മത്സരങ്ങളും ബേപ്പൂർ, കോഴിക്കോട് കടപ്പുറം കേന്ദ്രീകരിച്ച് കബടി, ബീച്ച് വോളി, റഗ്ബി തുടങ്ങി കായികമത്സരങ്ങളും സംഘടിപ്പിക്കും.
ബി ടു ബി മീറ്റ്
അഡ്വഞ്ചർ സ്‌പോർട്‌സ്, വാട്ടർ സ്‌പോർട്‌സ് മേഖലയിലുള്ള ഓപറേറ്റർമാരെ ഉദ്ദേശിച്ച് ബി ടു ബി മീറ്റ് നടത്തും. മാരത്തൺ
മാനാഞ്ചിറ മുതൽ നഗരം ചുറ്റിക്കൊണ്ട് ബേപ്പൂർ വരെ മാരത്തൺ നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |