കോഴിക്കോട് : മുനമ്പം വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വർഗീയത പ്രചരിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വിഷയത്തെ വർഗീയവത്കരിച്ച് ഭിന്നിപ്പുണ്ടാക്കാനാണ് ചില ശക്തികൾ ശ്രമിക്കുന്നത്. വർഗീയത പ്രചരിപ്പിക്കുന്നതിൽ സോഷ്യൽ മീഡിയകളുടെ പങ്ക് വളരെ വലുതാണെന്നും മൗലാനാ ആസാദ് മെമ്മോറിയൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച 'ഇന്ത്യൻ മതേതരത്വം ഒരു പതിറ്റാണ്ടിന്റെ പോറലുകൾ' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതേതര നിലപാടെടുക്കായെന്നത് പരിഹസിക്കപ്പെടുന്ന കാലഘട്ടമാണിത്. ന്യൂനപക്ഷമാണ് പൊതു ശത്രുക്കളെന്നും അവരെ ഇല്ലായ്മ ചെയ്യണമെന്നുമാണ് രാജ്യം ഭരിക്കുന്നവർ പറയുന്നത്. പതിറ്റാണ്ടിന്റെ ഏറ്റവും വലിയ പോറൽ ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്രമാണ്. തോളോടുതോൾ ചേരുന്നവരെ പരസ്പരം ശത്രുക്കളാക്കി വിഭജനമുണ്ടാക്കി, അതിൽ നിന്നുള്ള ലാഭമെടുത്ത് അധികാരം നിലനിർത്താനും പിടിച്ചെടുക്കാനും ഉപയോഗിക്കുന്ന തന്ത്രമാണ് ഭരണകൂടം പ്രയോഗിക്കുന്നത്. സ്വാതന്ത്ര്യസമര കാലത്തെ ദേശീയതയ്ക്ക് ഇന്നത്തെ വർഗീയ വാദികൾ പറയുന്ന അതിതീവ്ര ദേശീയതയുമായി യാതൊരു ബന്ധവുമില്ല. ഇത്തരം ശക്തികളെ ചെറുത്തുതോൽപിക്കുന്നതിൽ മൗലാനാ ആസാദിന്റെ ജീവിതം നൽകിയ പാഠങ്ങൾ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് കൺവീനറും ഫൗണ്ടേഷൻ ചെയർമാനുമായ എം.എം.ഹസൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺകുമാർ, കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം എൻ.സുബ്രഹ്മണ്യൻ, ഹുസൈൻ മടവൂർ, എം.വി.ശ്രേയാംസ്‌കുമാർ, ഡോ. മൊയ്തു, എൻ.എസ്.യു ദേശീയ ജനറൽ സെക്രട്ടറി കെ.എം.അഭിജിത്ത്, കെ. രാമചന്ദ്രൻ, ദിനേശ് പെരുമണ്ണ, രമേശ് നമ്പിയത്ത്, അഡ്വ. എം .രാജൻ, കെ.സി.ശോഭിത, ബീന പൂവ്വത്തിൽ ,വി.ടി സൂരജ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |