കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ ഭരണാനുമതി വൈകുന്നത് മിഠായിത്തെരുവിൽ ഉയരേണ്ട പാർക്കിംഗ് പ്ലാസയ്ക്ക് തിരിച്ചടിയാവുന്നു. 2023 ആഗസ്റ്രിൽ പദ്ധതിക്ക് തറക്കല്ലിടുമെന്ന കോർപ്പറേഷന്റെ പ്രഖ്യാപനം പക്ഷേ, ഇപ്പോഴും ടെൻഡർ നടപടിയിൽ നിൽക്കുകയാണ്. സ്വകാര്യ പേ പാർക്കിംഗ് കേന്ദ്രങ്ങളല്ലാതെ നഗര പരിധിയിൽ വാഹനങ്ങൾ നിർത്തിയിടാൻ ഒരിഞ്ച് സ്ഥലമില്ലാത്ത ഘട്ടത്തിലാണ് മിഠായി തെരുവിലെ സത്രം ബിൽഡിംഗ് പൊളിച്ച് അത്യാധുനിക സംവിധാനങ്ങളോടെ പാർക്കിംഗ് പ്ലാസ പണിയുമെന്ന് കോർപ്പറേഷൻ പ്രഖ്യാപിച്ചത്. ധൃതിപിടിച്ച് സത്രം ബിൽഡിംഗ് പൊളിച്ചുനീക്കുകയും ചെയ്തു. എന്നാൽ പുതിയ കെട്ടിടം പണിയാൻ അനുമതി തേടിയുള്ള കോർപ്പറേഷന്റെ അപേക്ഷയിൻമേൽ സംസ്ഥാന സർക്കാർ തുടരുന്ന അടയിരുപ്പാണ് നഗരത്തിന് നാണക്കേടുണ്ടാക്കുന്നത്. കെട്ടിടം പണിയാൻ നോവൽ ബ്രിഡ്ജസ് ആൻഡ് ഇൻട്രസ്റ്റ് ഡെവലപിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് കോർപ്പറേഷൻ ടെൻഡർ നൽകിയിരുന്നത്. പാർക്കിംഗ് പ്ലാസ നിർമ്മാണം അനിശ്ചിതത്വത്തിലായത് മിഠായിത്തെരുവിൽ എത്തുന്നവരെ ഏറെ ബുദ്ധിമുട്ടിക്കുകയാണ്. ദിവസേന നൂറുകണക്കിനാളുകൾ കടന്നുപോകുന്ന വഴിയിൽ കല്ലും മണ്ണും നിറഞ്ഞ് നടക്കാൻ പറ്രാത്ത അവസ്ഥയാണെന്ന് പ്രദേശത്തെ കച്ചവടക്കാർ പറയുന്നു. വാഹനങ്ങൾ തോന്നുംപോലെ നിർത്തിയിടുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നു.
7579 ചതുരശ്ര മീറ്ററിൽ
30 കോടിയുടെ പദ്ധതി
സത്രം ബിൽഡിംഗ് നിന്നിരുന്ന 22.70 സെന്റ് സ്ഥലത്ത് 7579 ചതുരശ്ര മീറ്റർ അളവിൽ പ്ലാസ നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. കാർ പാർക്കിംഗിനും ടൂവീലർ പാർക്കിംഗിനും സൗകര്യമുണ്ടാകും. 30 കോടി മുതൽ മുടക്കിൽ 320 കാറും 184 ബൈക്കുകളും പാർക്ക് ചെയ്യാവുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തത്.
തീരാത്ത പാർക്കിംഗ് ദുരിതം
നഗരത്തിലെത്തുന്ന വാഹനങ്ങൾക്ക് നിർത്തിയിടാൻ ഇടമില്ലാത്ത സ്ഥിതിയാണ്. പേ പാർക്കിംഗ് കേന്ദ്രങ്ങളാണ് പലരുടെയും ആശ്രയം. മാനാഞ്ചിറ കോംട്രസ്റ്റിന് സമീപം റോഡിലേക്ക് കയറിയാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. സത്രം കെട്ടിടം പൊളിച്ചുമാറ്റിയതോടെ അവിടെ ഉണ്ടായിരുന്ന വ്യാപാരികൾക്ക് താത്കാലിക കെട്ടിടം നിർമ്മിച്ചു നൽകിയത് കോംട്രസ്റ്റിനോട് ചേർന്നുള്ളസ്ഥലത്താണ്. ഇതുകാരണം ഇവിടെ സ്ഥിരമായി ഗതാഗതക്കുരുക്കുംഉണ്ടാകുന്നു. വാഹനങ്ങൾ കടന്നുപോകുന്ന വഴിയിൽ കടകളും പാർക്കിംഗും കൂടിയായതോടെ കാൽനടയാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്.
"" പദ്ധതി നടപ്പാക്കാൻ കോർപ്പറേഷൻ കണ്ടെത്തിയ കരാറുകാർക്കെതിരെ നിരവധി പരാതികൾ നിലനിൽക്കുന്നുണ്ട്. ഇതിനാൽ അനുമതി കിട്ടാൻ ബുദ്ധിമുട്ടുണ്ടാകുമെന്ന് പലതവണ കോർപ്പറേഷൻ കൗൺസിലിൽ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ഇത് ചെവിക്കൊള്ളാൻ മേയറുൾപ്പെടെ ആരും തയ്യാറായില്ല.
- എസ്.കെ അബൂബക്കർ ( വാർഡ് കൗൺസിലർ, വലിയങ്ങാടി )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |