കോഴിക്കോട്: കണ്ടലും കായലും പ്രകൃതിയോട് ഇഴചേർന്ന് നഗരത്തെ സമ്പന്നമാക്കുന്ന കൈപ്പുറത്തുപാലം 10 നാൾ നീളുന്ന ആഘോഷ ലഹരിയിലേക്ക്. നാളെ മുതൽ 19 വരെ നടത്തുന്ന കൈപ്പുറത്തുപാലം ഫെസ്റ്റ് ' കൈഓളം-2025 ' നായി ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നഗരത്തിൽ നിന്നും ആറുകിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന കൈപ്പുറത്തുപാലത്തിന്റെ ടൂറിസം സാദ്ധ്യത പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യം വെച്ചാണ് നാട്ടുകാരുടെ സഹായത്തോടെ ഫെസ്റ്റ് നടത്തുന്നത്. കോർപ്പറേഷനിലെ 3, 4, 5, 6, 73 വാർഡുകളിലെ അമ്പതോളം റസിഡന്റ്‌സ് അസോസിയേഷനുകളും ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടികളും സാമൂഹ്യ സാംസ്‌കാരിക സംഘടനകളുമാണ് സംഘാടകർ. നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് വിനോദ, വിജ്ഞാന കാർണിവൽ ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ് ഉദ്ഘാടനം ചെയ്യും. 12ന് രാത്രി 7ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. മേയർ ഡോ. ബീന ഫിലിപ്പ് മുഖ്യാതിഥിയാകും. 13, 14, 17, 18 തീയതികളിൽ കലാപരിപാടികളുണ്ടാകും. 12ന് കണ്ണൂർ ഷെറീഫിൻ്റെ ഗാനമേള, 15ന് കെ.പി.എ.സി.യുടെ നാടകം ഉമ്മാച്ചു, 16ന് പ്രസീത ചാലക്കുടിയുടെ നാടൻപാട്ട്, 19ന് പൊള്ളാച്ചി മുത്തുവിൻ്റെ ഗാനമേള എന്നിവയുണ്ടാകും. 15ന് പ്രൊഫഷണൽ ജില്ലാ കമ്പവലി, 18ന് തോണി തുഴയൽ മത്സരങ്ങളും 19ന് വണ്ടിപ്പൂട്ട്, നാട്ടുകാരുടെ കലാപരിപാടികൾ എന്നിവയുണ്ടാവും.
19ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ കെെപ്പുറത്ത് പാലം ഫെസ്റ്റ് ചെയർമാൻ വി.പി. മനോജ്, കൗൺസിലർ എസ്.എം. തുഷാര, രോഷൻ ബാബു, നിഷിന്ത് കുമാർ, സുരേഷ് മൊകവൂർ, പ്രദീപൻ കാഞ്ഞോളി എന്നിവർ പങ്കെടുത്തു.
ഫെസ്റ്റിൽ ഇവ
അമ്യൂസ്മെൻ്റ് പാർക്ക്
കണ്ടൽയാത്ര
ബോട്ടിംഗ്
ഫിലിം ഫെസ്റ്റിവൽ
ഊഞ്ഞാൽ ഗ്രാമം
ഫ്ളോട്ടിംഗ് റസ്റ്റാറൻ്റ
പെറ്റ് ഷോ
ഫുഡ് കോർട്ട്
നഗരത്തിലെ സുന്ദരതീരം
എരഞ്ഞിക്കലിനും കുണ്ടുപറമ്പിനുമിടയിലുള്ള കാനോലി കനാലും അതിന് കുറുകെയുള്ള കൈപ്പുറുത്ത്‌പാലവും കാണാൻ നിരവധി പേരെത്തുന്നുണ്ട്. കനാൽ പരിസരത്ത് രണ്ട് വലിയ ജലാശയങ്ങളും ചുറ്റും കണ്ടൽക്കാടുമാണ് ആകർഷണം. കായലുകളാലും കനാലുകളാലും കണ്ടൽക്കാടുകളുമുള്ള പ്രകൃതിരമണീയമായ മറ്റൊരു സ്ഥലം നഗരത്തിലില്ല. പല സിനിമകളും ചിത്രീകരിച്ചിട്ടുള്ള ഇവിടെ വിവാഹ വീഡിയോകളും മറ്റും ചിത്രീകരിക്കാറുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |