സർവേ പൂർത്തിയായി
കോഴിക്കോട്: വെെകിയാണെങ്കിലും കല്ലായിപ്പുഴയിലെ ചെളി നീക്കി ആഴംകൂട്ടാനുള്ള പ്രവൃത്തി 29ന് തുടങ്ങും. ഇതിനു മുന്നോടിയായുള്ള സർവേ പൂർത്തിയായി. നീക്കം ചെയ്യേണ്ട ചെളിയുടെ അളവിനെപ്പറ്റി 20നകം ചീഫ് ടെക്നിക്കൽ ഇൻ സ്പെക്ടർക്ക് റിപ്പോർട്ട് നൽകും. വെെകാതെ ആഴം കൂട്ടൽ തുടങ്ങും. മേയ് അവസാനത്തോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ചെളി നീക്കുന്നതിന്റെ പ്രവ്യത്തി ഉദ്ഘാടനം ഒക്ടോബർ 22ന് നടന്നിരുന്നു. ഒരാഴ്ചയ്ക്കു ശേഷം പുഴയിലെ ചെളിയുടെ അളവ് കണക്കാക്കുന്നതിനുള്ള സർവേ തുടങ്ങി. ഒന്നര മാസത്തിനകം സർവേ പൂർത്തിയാക്കാമെന്നാണ് കരുതിയതെങ്കിലും
ചെളി കെട്ടിക്കിടക്കുന്നതിനാൽ സർവേ ശ്രമകരമായിരുന്നു. ഒടുവിൽ രണ്ടര മാസമെടുത്താണ് പൂർത്തിയായത്. എസ്‌റ്റിമേറ്റ് പ്രകാരം 3.29 ലക്ഷം ക്യുബിക് മീ റ്റർ ചെളിയാണ് നീക്കേണ്ടത്. രണ്ട് പ്രളയങ്ങൾക്കു മുമ്പെടുത്ത കണക്കാണിത്. നിലവിൽ അതിലും കൂടുതലുണ്ടാകും. ചെളി നീക്കി മൂന്നര മുതൽ അഞ്ചു കിലോമീറ്റർ വരെ അകലെ കടലിൽ തള്ളാനാണ് തീരുമാനം. മാങ്കാവ് കടുപ്പിനി മുതൽ പുഴ കടലിൽ ചേരുന്ന കോതി വരെയുള്ള 42 കിലോമീറ്റർ ദൂരത്തിലാണ് 2.7 മീറ്റർ ആഴത്തിൽ ചെളി നീക്കം ചെയ്യേണ്ടത്. വെസ്റ്റ്കോസ്‌റ്റ് ഡ്രഡ്ജിംഗ് കമ്പനിയാണ് ചെളി നീക്കുക. 12.98 കോടി രൂപയാണ് ചെലവ്.
വെള്ളക്കെട്ടിന് പരിഹാരം
കല്ലായി പുഴയിലെ ചെളി നീക്കാനുള്ള ശ്രമം തുടങ്ങിയിട്ട് 15 വർഷത്തിലേറെയായി. പല കാരണങ്ങളാൽ നീണ്ടു. ആദ്യം 4.5 കോടിയിൽ റിവർ മാനേജ്‌മെന്റ് ഫണ്ട് ഉപയോഗിച്ച് നടപ്പാക്കാൻ ഇദ്ദേശിച്ച പദ്ധതിയാണ് ഇപ്പോൾ 12.98 കോടിയിലെത്തിയത്. മാലിന്യം നിറഞ്ഞ് കല്ലായിപ്പുഴയിലെ ഒഴുക്ക് പലയിടത്തും നിലച്ചിരിക്കുകയാണ്. ഇത് കനോലി കനാലിന്റെ സ്വഭാവിക ഒഴുക്കിനെയും ബാധിച്ചിട്ടുണ്ട്. നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കല്ലായിപ്പുഴയിലെ ആഴം കൂട്ടൽ മാത്രമെന്നാണ് കണക്കുകൂട്ടൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |