കോഴിക്കോട് : അധികൃതരെയും സംവിധാനങ്ങളെയും നോക്കുകുത്തിയാക്കി പാലോറമലയിൽ ചെങ്കൽ ഖനനത്തിന് നീക്കം. നൂറുകണക്കിന് പേരുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന ഖനനത്തിന് ചില ഭൂവുടമകൾ ശ്രമം തുടങ്ങിയതോടെ പ്രതിഷേധവും ശക്തമായി.
ഉള്ളിയേരി, അത്തോളി പഞ്ചായത്തുകളിലായി ഏഴ് കിലോമീറ്ററോളം വ്യാപിച്ച് കിടക്കുന്നതാണ് പാലോറ മല. പാലോറ ഹയർ സെക്കൻഡറി സ്കൂൾ, മലബാർ മെഡിക്കൽ കോളേജ്, എം.ഡിറ്റ് എൻജിനിയറിംഗ് കോളേജ്, പി.എച്ച്.സികൾ തുടങ്ങി നിരവധി സ്ഥാപനങ്ങളും ആരാധനാലയങ്ങളും ഉൾപ്പെടുന്നതാണ് പ്രദേശം. പഞ്ചായത്തിന്റെ ഡാറ്റ രജിസ്റ്ററിൽ ഉൾപ്പെട്ട അഞ്ചോളം തണ്ണീർതടങ്ങളുടെ പ്രഭവ കേന്ദ്രം കൂടിയാണ് ഇവിടം. വർഷത്തിൽ മൂന്ന് തവണ കൃഷിയിറക്കുന്ന വയൽ പ്രദേശങ്ങളാണ് മലയുടെ നാലുഭാഗവും. ഏകദേശം 300 കുടുംബങ്ങൾ ഇവിടെ സ്ഥിരതാമസക്കാരായുണ്ട്.
2021ൽ മണ്ണെടുപ്പിന് ശ്രമം നടന്നെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തുകയായിരുന്നു. കൃഷിക്കാണെന്ന വ്യാജേന മലയുടെ മേൽതട്ടിലെ മണ്ണ് നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇതിനുശേഷമുള്ള മഴക്കാലത്ത് ഇവിടെ വലിയതോതിൽ മണ്ണൊലിപ്പ് ഉണ്ടായെന്നും മലയുടെ ചില ഭാഗങ്ങളിൽ വിള്ളലുണ്ടായെന്നുമാണ് പ്രദേശവാസികൾ പറയുന്നത്.
2024 ൽ പാലോറ മല ഉൾപ്പെടുന്ന പ്രദേശത്തെ ചില ഭൂവുടമകൾ ചെങ്കൽ ഖനനത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഉളളിയേരി പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിൽ കൃത്യമായ പരിശോധനകൾ നടത്തി തീരുമാനിക്കാൻ പഞ്ചായത്ത് ജിയോളജി വകുപ്പിനെ ചുമതലപ്പെടുകത്തുകയായിരുന്നു. ജിയോളജി വകുപ്പ് അനുകൂല ഉത്തരവ് നൽകിയതോടെ ഖനനത്തിന് സംരക്ഷണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഇവർ ഹെെക്കോടതിയെ സമീപിച്ചു.
ഹെെക്കോടതി നിർദ്ദേശ പ്രകാരം അത്തോളി പൊലീസ് സ്ഥലത്ത് എത്തിയപ്പോഴാണ് ഖനനത്തിന് അനുകൂല റിപ്പോർട്ട് ലഭിച്ചെന്ന കാര്യം പ്രദേശവാസികൾ പോലും അറിയുന്നത്. ജിയോളജി വകുപ്പ് അനുകൂല റിപ്പോർട്ട് നൽകിയെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. പ്രദേശത്ത് ജിയോളജി വകുപ്പ് കൃത്യമായ പരിശോധന നടത്തിയില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. നേരത്തെ സോയിൽ സർവേ നടത്തിയപ്പോൾ ചതുപ്പുനിലമാണെന്ന് കണ്ടെത്തിയ പ്രദേശത്ത് ഖനനത്തിന് അനുമതി നൽകിയത് ഉദ്യോഗസ്ഥ തലത്തിലെ ഒത്തുകളിയാണെന്നാണ് നാട്ടുകാരുടെ ആരോപണം.
ആവശ്യങ്ങൾ
-ജിയോളജി, റവന്യൂ, പഞ്ചായത്ത്, പൊലീസ് അധികൃതർ എല്ലാവരും പ്രദേശത്തെത്തി സുതാര്യമായ പരിശോധനകൾ നടത്തണം.
- പ്രദേശത്തെ കൃഷിയും , ജനജീവിതവും സംരക്ഷിക്കണം.
'' പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന യാതൊരു പ്രവർത്തനങ്ങളും അനുവദിക്കില്ല.
- എൻ. വിശ്വംഭരൻ ( പാലോറ മല സംരക്ഷണ സമിതി ജനറൽ കൺവീനർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |