SignIn
Kerala Kaumudi Online
Saturday, 24 October 2026 1.41 AM IST

ബൈക്കിലിടിച്ച് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; ഒഴിവായത് വൻ അപകടം

l
കോ​ഴി​ക്കോ​ട് ​അ​ര​യി​ട​ത്തു​പാ​ല​ത്ത് ​ബ​സ് ​മ​റി​ഞ്ഞു​ണ്ടാ​യ​ ​അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ​ര​ക്ഷ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി​ ​ഫ​യ​ർ​ ​ഫോ​ഴ്സ് ​എ​ത്തി​യ​പ്പോ​ൾ

കോഴിക്കോട്: അരയിടത്തുപാലം ഓവർ ബ്രിഡ്‌ജിന് സമീപം നിയന്ത്രണം വിട്ട് സ്വകാര്യ ബസ് മറിഞ്ഞ സംഭവത്തിൽ ഒഴിവായത് വൻ ദുരന്തം. വിദ്യാർത്ഥികളടക്കം തിങ്ങിനിറഞ്ഞ് പോവുകയായിരുന്ന ബസ് റോഡിന്റെ നടുവിലെ ഡിവെെഡറിലെ പോസ്റ്റിൽ ഇടിച്ചാണ് മറിഞ്ഞത്. നിരവധി വാഹനങ്ങൾ കടന്നു പോകുന്ന പാലത്തിൽ അപകടസമയത്ത് കൂടുതൽ വാഹനങ്ങൾ ഇല്ലാതിരുന്നത് ആശ്വാസമായി. പൊലീസും ആശുപത്രിയും അടുത്തുള്ളത് രക്ഷാപ്രവർത്തനം എളുപ്പത്തിലാക്കി. പാളയം ബസ് സ്റ്റാൻഡിൽ നിന്നും മുക്കം ഭാഗത്തേക്ക് പോകുകയായിരുന്നു വെർടെക്സ് ബസാണ് ഇന്നലെ വെെകീട്ട് 4.10 ഓടെ അപകടത്തിൽപ്പെട്ടത്. കോഴിക്കോട് ഭാഗത്തേക്ക് വരുന്ന കാറിനെ ഓവർടേക്ക് ചെയ്ത ബൈക്ക് ബസിൽ ഇടിക്കുകയായിരുന്നു. ബൈക്കിനെ ഇടിക്കാതിരിക്കാനായി ബ്രേക്ക് പിടിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബസ് സമീപത്തെ ഡിവൈഡറിലെ പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. ബൈക്ക് യാത്രക്കാരൻ കാറിന് മുന്നിലേക്കാണ് വീണത്. അപകടത്തിൽ ബൈക്ക് യാത്രക്കാരന്റെ തുടയെല്ലിന് ഉൾപ്പെടെ ഗുരുതര പരിക്കേറ്റിട്ടുണ്ടെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബൈക്ക് പൂർണമായും നശിക്കുകയും ബസിന്റെ മുൻഭാഗം പൂർണമായും തകരുകയും ചെയ്തിട്ടുണ്ട്. അപകട സമയത്ത് മറ്റ് വാഹനങ്ങൾ ഇടിച്ചുകയറിയിരുന്നെങ്കിൽ വൻ അപകടം സംഭവിക്കുമായി​രുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് കൂടുതൽ മലക്കം മറിയാത്തതും യാത്രക്കാർക്ക് പരിക്ക് കുറയാൻ സഹായകരമായി. അപകടം നടന്ന് ഉടൻ പൊലീസും അഗ്നി രക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. തലകീഴായി മറിഞ്ഞ ബസ് സ്ഥലത്ത് നിന്നും നീക്കി 6.30 ഓടെ ഗതാഗതം പുനസ്ഥാപിച്ചു.

ബസ് വേഗത്തിലായിരുന്നു, ടയറുകൾ തേഞ്ഞു

സ്കൂൾ വിട്ട സമയമായതിനാൽ വിദ്യാർത്ഥികളടക്കം ബസിൽ തിങ്ങിനിറഞ്ഞിരുന്നു. പാളയം സ്റ്റാൻഡിൽ നിന്നും എടുത്ത ബസ് അരയിടത്ത് പാലത്തിൽ എത്തുന്നതിന് മുൻപ് തന്നെ മറ്റൊരു ബസിൽ ചെറുതായി തട്ടി പ്രശ്നമുണ്ടായിരുന്നെന്ന് യാത്രക്കാരി പറഞ്ഞു. ബസിന്റെ ടയറുകൾ തേഞ്ഞു തീർന്ന നിലയിലായിരുന്നു. ഇതും അപകടത്തിന് ആക്കം കൂട്ടി. അപകടത്തിൽപ്പെട്ട ബസിന് ഏറെ കാലപ്പഴക്കമുള്ളതാണെന്ന സംശയവും നാട്ടുകാർ പങ്കുവെച്ചു. ജെ.സി.ബി ഉപയോഗിച്ച് ഉയർത്തിയപ്പോൾ പല ഭാഗങ്ങളും അടർന്ന് റോ‌ഡിലേക്ക് വീണിരുന്നു.

മുന്നിലെത്താനുള്ള ഓട്ടം

റോഡിലെ മത്സരയോട്ടമാണ് പലപ്പോഴും അപകടങ്ങൾക്ക് വഴിയൊരുക്കുന്നത്. ഈ അപകടവും അത് തന്നെ സൂചിപ്പിക്കുന്നു. ബെെക്ക് യാത്രികന്റെ അശ്രദ്ധയും മുൻപിലെത്താനുള്ള ഓട്ടവുമാണ് അപകടത്തിന് വഴിയൊരുക്കിയത്. സമയത്തെത്താനുള്ള ബസുകളുടെ ഓട്ടവും പലപ്പോഴും അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നു. ഗതാഗക്കുരുക്കിൽപ്പെട്ടാൽ ഇരുചക്രവാഹനങ്ങൾ മറ്റ് വാഹനങ്ങൾക്കിടയിലൂടെ കുത്തിക്കയറ്റുന്നത് പതിവ് കാഴ്ചയാണ്. പലപ്പോഴും ബസ്,​ ലോറി ഉൾപ്പടെയുള്ള വലിയ വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ഇത് കാണാൻ കഴിയില്ല. ഇടതു വശത്ത് കൂടെയുള്ള ഓവർടേക്കിങ്ങാണ് ഇതിൽ പതിവ്. ഇതും അപകടങ്ങൾ ക്ഷണിച്ച് വരുത്തുകയാണ്. മത്സരയോട്ടം, മദ്യപിച്ച് വാഹനമോടിക്കൽ, വൺവേ തെറ്റിച്ചുള്ള വരവ്, ട്രിപ്പിൾസ് വെച്ചുള്ള യാത്ര എന്നിങ്ങനെ നിയമലംഘനങ്ങൾക്ക് ഒരു പഞ്ഞവുമില്ല. സ്‌കൂൾ, കോളേജ് പരിസരത്ത് ട്രിപ്പിൾസ് വെച്ചുള്ള ബൈക്ക് യാത്ര പതിവ് കാഴ്ചയാണ്.

'' സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും മറ്റ് പരിശോധനകൾ നടത്തിയാൽ മാത്രമേ അപകടത്തിന്റെ കാരണം വ്യക്തമാകുകയുള്ളൂ ''

- സി.എസ് സന്തോഷ് കുമാർ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL