കോഴിക്കോട്: ഇന്നു തീരും നാളെ തീരും എന്നു പറഞ്ഞ് ദേശീയപാതാ വികസനം നീട്ടിക്കൊണ്ടുപോകുമ്പോൾ നിരത്തിൽ പൊലിയുന്നത് നിരവധി ജീവനുകളാണ്. കഴിഞ്ഞ ദിവസം ചേവരമ്പലത്ത് ദേശീയ പാതാ അതോറിറ്റിയുടെ അനാസ്ഥയിൽ ജീവൻ നഷ്ടമായത് ഒരു കുടുംബത്തിന്റെ ഏക അത്താണിയായ രഞ്ജിത്ത് എന്ന ഭക്ഷണവിതരണ തൊഴിലാളിക്കാണ്. തൊണ്ടയാട് മുതൽ പുറക്കാട്ടിരി വരെ സഞ്ചരിച്ചാൽ തന്നെ മനുഷ്യജീവന് വിലകൽപിക്കാത്ത അധികൃതരുടെ സമീപനത്തിന് ധാരാളം ഉദാഹരണങ്ങൾ കാണാം. പാച്ചാക്കിൽ ജംഗ്ഷൻ, ചേവരമ്പലം - കോട്ടൂളി റോഡ്, പ്രൊവിഡൻസ് കോളേജിന് സമീപത്തെ റോഡ് എന്നിവയെല്ലാം ഇവയിൽ ചിലത് മാത്രം. റോഡിനോട് ചേർന്ന്ആഴത്തിൽ കുഴിയെടുത്ത പലഭാഗങ്ങളിലും ആവശ്യത്തിന് സുരക്ഷാ ബാരിക്കേഡുകളോ, സെെെൻ ബോർഡുകളോ ഇല്ല. റോഡ് പണിക്കായെത്തിച്ച ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങളും. വാട്ടർ അതോറിറ്റിയുടെ പെെപ്പുകളും കടന്നുപോകുന്ന വാഹനങ്ങളുടെ കാഴ്ച മറയ്ക്കുന്നതും പതിവാണ്. എണ്ണിയാൽ തീരാത്തത്ര കുഴികളും വഴി തിരിച്ചുവിടുന്ന ഭാഗങ്ങളും കൂടിയാകുമ്പോൾ ദിനംപ്രതി ഈ വഴികളിലൂടെ കടന്നു പോകുന്നവരുടെ കാര്യമാണ് കഷ്ടത്തിലാകുന്നത്.
അഴിയൂർ മുതൽ രാമനാട്ടുകര വരെയാണ് ജില്ലയിൽ ദേശീയപാതയുടെ പണി പുരോഗമിക്കുന്നത്. വെങ്ങേരി മുതൽ രാമനാട്ടുകര വരെയുള്ള റീച്ചിൽ പണി ഏകദേശം പൂർത്തിയായി. എന്നാൽ അഴിയൂർ മുതൽ വെങ്ങളം വരെയുള്ള ജോലികളിൽ 55 ശതമാനമാണ് ഇതുവരെ പൂർത്തീകരിച്ചത്. ആദ്യം അനുവദിച്ച കാലാവധി പൂർത്തിയായിട്ട് നാളുകൾ ഏറെയായി. കാലാവധി നീട്ടി നൽകുന്നതല്ലാതെ പണി എന്ന് പൂർത്തിയാകും എന്നതിൽ ഇപ്പോഴും നിശ്ചയമില്ല. ദിനം പ്രതി വലിയ ഗതാഗത കുരുക്കും ഈ മേഖലകളിൽ അനുഭവപ്പെടുന്നുണ്ട്. കോഴിക്കോട് - കണ്ണൂർ റോഡിൽ പൂക്കാട്, മൂരാട് തുടങ്ങിയ ഭാഗങ്ങളിൽ അരമണിക്കൂറോളം വാഹനങ്ങൾ കുടുങ്ങി കിടക്കുന്നതും പതിവാണ്.
കുന്ന്യോറ മലയിൽ പണി എന്ന് പുനരാരംഭിക്കും?
കൊയിലാണ്ടി: നന്തി ചെങ്ങോട്ട് കാവ് ബൈപ്പാസിൽ കുന്ന്യോറ മലയിൽ പണി നിലച്ചിട്ട് മാസങ്ങളായി. മല നെടുകെ പിളർന്നാണ് ബൈപ്പാസ് കടന്നുപോകുന്നത്. മണ്ണിടിച്ചിൽ തടയാൻ പടിഞ്ഞാറ് ഭാഗത്ത് സോയിൽ നെയിലിംഗ് ചെയ്തെങ്കിലും പലയിടത്തും കുന്ന് ഇടിയുകയും ശക്തമായ ജനരോഷം ഉയർന്നതോടെ പണി താല്ക്കാലികമായി നിർത്തി വെക്കുകയായിരുന്നു. 50 - തോളം കുടുംബങ്ങൾ മലയിൽ താമസിക്കുന്നുണ്ട്. സ്ഥലം ഏറ്റെടുത്ത് ഉടമകൾക്ക് ന്യായമായ പ്രതിഫലം നല്കണമെന്ന് വാർഡ് കൗൺസിലർ സുമതി പറഞ്ഞു.
അപ്രോച്ച് റോഡ് വീതിക്കുറവ് പ്രതിസന്ധി
വടകര: ദേശീയ പാതാവികസനം നടന്നു വരുന്ന കുഞ്ഞിപ്പള്ളിക്കും മൂരാടിനുമിടയിൽ ഒച്ചിഴയുന്ന വേഗതയിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്. കൈനാട്ടി, വീരഞ്ചേരി, അടക്കാത്തെരു , പുതിയ ബസ്റാൻ്റ് എന്നിവിടങ്ങളിലെ മേൽപ്പാലങ്ങളുടെ പണികഴിയാൻ ഇനിയും മാസങ്ങളെടുക്കും. ഈ ഭാഗത്ത് പ്രവൃത്തി ഏറ്റെടുത്ത വഗാഡ് കമ്പനിക്കെതിരെ കടുത്ത വിമർശനങ്ങളുയർന്നിരുന്നു. താലൂക്ക് വികസന സമിതി യോഗങ്ങളിലും എം.എൽ.എ , ജില്ലാകലക്ടർ, ആർ.ഡി.ഒ എന്നിവരെല്ലാം വിവിധ ഘട്ടങ്ങളിൽ കമ്പനി അധികൃതരെ ഇതു സംബന്ധിച്ച് വിളിപ്പിച്ചെങ്കിലും പുരോഗതി ഉണ്ടായിട്ടില്ല. മറ്റു ഭാഗങ്ങളിൽ പുതിയ റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തെങ്കിലും വടകരയിൽ പ്രാരംഭഘട്ടം പിന്നിട്ടിട്ടില്ല. അപ്രോച്ച് റോഡുകളുടെ വീതിക്കുറവ് വലിയ ഗതാഗതക്കുരുക്ക് തീർക്കുകയാണ്. ഒരു വാഹനത്തേയും മറികടന്ന് പോകാൻ കഴിയാത്ത ഇടുങ്ങിയ റോഡുകളായതിനാൽ ഭാവിയിലും അത് ഗതാഗതക്കുരുക്ക് വർദ്ധിക്കാൻ ഇടയാക്കുന്ന തരത്തിലാണുള്ളത്. എത്രയും പെട്ടന്ന് പ്രവൃത്തി പൂർത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |