കോഴിക്കോട്: പൊലീസിന് പുറമെ ആന്റി റാഗിംഗ് കമ്മിറ്റികൾ ഉണ്ടായിട്ടും ജില്ലയിലെ കലാലയങ്ങളിൽ റാഗിംഗ് ഒടുങ്ങുന്നില്ല. എത്രയോ വിദ്യാർത്ഥികളാണ് ഹയർസെക്കൻഡറി സ്‌കൂളുകളിലും കോളേജുകളിലും റാഗിംഗിന് ഇരയാകുന്നത്. അസോസിയേഷൻ ഡേ പരിപാടി ദിവസം കളർ വസ്ത്രം ഇട്ടതിന് കഴിഞ്ഞ ദിവസം കള്ളൻതോട് എം.ഇ.എസ് കോളേജിലെ ബി.സി.എ രണ്ടാം വർഷ വിദ്യാർത്ഥി മുഹമ്മദ് മിൻഹാജിന് സീനിയർ വിദ്യാർത്ഥികളിൽ നിന്ന് മർദ്ദനമേറ്റതാണ് ഒടുവിലെ സംഭവം. ഇരുമ്പ് റിംഗുകൊണ്ട് മുഖത്തേറ്റ ഗുരുതര പരിക്കു മായി മിൻഹാജ് മെഡിക്കൽ കോളജ് ആശുപത്രിയിൽചികിത്സയിലാണ്. മെഡിക്കൽ കോളേജ് ക്യാമ്പസും റാഗിംഗിൽ ഒട്ടും പിന്നിലല്ല. കഴിഞ്ഞ ദിവസമാണ് ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥികളെ റാഗിംഗ് ചെയ്തതിന് 11 സീനിയർ വിദ്യാർത്ഥികൾ സസ്‌പെൻഷനിലായത്. ഹോസ്റ്റലിൽ സീനിയർ വിദ്യാർത്ഥികൾ മാനസികമായി ഉപദ്രവിച്ചെന്നായിരുന്നു ജൂനിയർ വിദ്യാർത്ഥികളുടെ പരാതി. ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണം വരെ ഇപ്പോൾ നടക്കുന്നു എന്നതാണ് ഭീതിതമായ അവസ്ഥ.
പിടിച്ചു കെട്ടാനാളില്ല
റാഗിംഗ് നിരോധന നിയമപ്രകാരം വിദ്യാലയങ്ങളിൽ ജാഗ്രത സമിതികളും സ്ക്വാഡുകളും രൂപീകരിക്കണം. എന്നാൽ പലയിടങ്ങളിലും ഇത്തരം സമിതികൾ നിർജ്ജീവമാണ്. ചിലയിടങ്ങളിൽ സമിതികളേയില്ല. അദ്ധ്യാപകർ, വിദ്യാർത്ഥി പ്രതിനിധികൾ, പൊലീസ് ഇൻസ്പെക്ടർ തുടങ്ങിയവർ അടങ്ങുന്ന റാഗിംഗ് വിരുദ്ധ സമിതി യോഗം ചേർന്ന് പരാതി പരിഗണിക്കണമെന്നുണ്ടെങ്കിലും പല വിദ്യാലയങ്ങളിലും നടപ്പാകുന്നില്ല. പ്രധാന അദ്ധ്യാപകന്റെ നേതൃത്വത്തിൽ ആന്റി റാഗിംഗ് സ്‌ക്വാഡ് രൂപീകരിച്ച് ഹോസ്റ്റലിലും മറ്റും റാഗിംഗ് തടയാൻ പരിശോധന നടത്തണമെന്ന് നിർദ്ദേശമുണ്ടെങ്കിലും നടപ്പാകുന്നില്ല. ഗുരുതര പരാതികളിൽ പോലും കേസെടുക്കുന്നില്ല. കോളേജിന്റെ പേരിന് കളങ്കം വരുമെന്നോയെന്നാണ് പലരുടെയും ഭയം.
തടവും പിഴയും
രണ്ടുവർഷം വരെ തടവും 10,000 രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ് റാഗിംഗ്. മൂന്ന് വർഷത്തേക്ക് മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും തുടർ പഠനവും സാദ്ധ്യമല്ല.
''വിവിധ വിദ്യാർത്ഥി സംഘടനകൾ, കോളേജ് അധികൃതർ തുടങ്ങിയവരെ ഉൾപ്പെടുത്തി പൊലീസ് സ്കൂളുകളിലും കാമ്പസുകളിലും ബോധവത്കരണ ക്ലാസുകൾ നടത്താനുള്ള തയ്യാറെടുപ്പിലാണ്. ഒപ്പം ആന്റി റാഗിംഗ് കമ്മിറ്റികൾ, സ്ക്വാഡുകൾ എന്നിവയെ ശക്തമാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകും. രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ ശക്തമായ നടപടി ഉണ്ടാകും
അരുൺ കെ പവിത്രൻ, പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |