
കോഴിക്കോട്: കല്ലായിപ്പുഴയിലെ ചെളിനീക്കൽ പ്രവൃത്തി വെെകുന്നതോടെ കോഴിക്കോട് നഗരത്തിൽ ഈ വർഷ കാലത്തും വെള്ളക്കെട്ടുണ്ടാക്കുമോയെന്ന ആശങ്ക. കഴിഞ്ഞ മാസം പ്രവൃത്തി തുടങ്ങുമെന്നാണ് പറഞ്ഞിരുന്നത്. ഈ മാസം15നുള്ളിൽ തുടങ്ങുമെന്നാണ് ഇപ്പോൾ പറയുന്നത്. ഇനിനായി മുനമ്പത്തു നിന്ന് ഡ്രഡ്ജറും ബാർജും വെെകാതെ എത്തുമെന്നാണ് വിവരം. കല്ലായിപ്പുഴ കടലിൽച്ചേരുന്ന കോതി ഭാഗത്തുനിന്നാണ് ചെളിനീക്കാൻ തുടങ്ങുക. മുനമ്പത്തുനിന്ന് കടലിലൂടെ കൊണ്ടുവരുന്നതിനാൽ രണ്ടോ മൂന്നോ ദിവസമെടുക്കും. നീക്കുന്ന ചെളി കടലിൽ നിക്ഷേപിക്കും. ഇതിനായി കടലുമായി ചേരുന്ന ഭാഗവും സഞ്ചാരയോഗ്യമാക്കണം. എത്ര ചെളി നീക്കേണ്ടിവരുമെന്ന് പരിശോധിക്കേണ്ടതുണ്ട്. മാങ്കാവ് കടുപ്പിനി മുതൽ പുഴ കടലിൽച്ചേരുന്ന കോതിവരെ വെസ്റ്റ് കോസ്റ്റ് ഡ്രഡ്ജിംഗ് കമ്പനിയാണ് ചെളി നീക്കുക. 2024 ഒക്ടോബറിലാണ് ചെളിനീക്കൽ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. ഒരുവർഷത്തിനുള്ളിൽ പൂർത്തിയാക്കണമെന്നാണ് വ്യവസ്ഥ. അതിനിടെ കല്ലായി പാലത്തിന് സമീപം നേരത്തെ ഒരു സ്ഥാപനം പ്രവർത്തിച്ച സ്ഥലവും കെട്ടിടവും വാങ്ങിയവർ കെട്ടിടത്തിന്റെ പിറക് വശത്തെ പുഴ മണ്ണിട്ട് നികത്തിയിരുന്നു. കല്ലായി പുഴസംരക്ഷണ സമിതിയുടെ പരാതിയെ തുടർന്ന് കോർപ്പറേഷൻ സർവേ വിഭാഗവും റവന്യൂ വിഭാഗവും നടത്തിയ പരിശോധനയിൽ പുഴ കെെയേറിയതാണെന്ന് കണ്ടെത്തിയിരുന്നു. കെെയേറ്റക്കാർക്ക് നോട്ടീസും നൽകിയിരുന്നു. ഇതേത്തുടർന്ന് കെെയേറ്റ സ്ഥലം കോർപ്പറേഷൻ ഉദ്യോഗസ്ഥർ ഇന്ന് സർവേ നടത്തും.
ചെളി നീക്കിയില്ലെങ്കിൽ വെള്ളക്കെട്ട്
മഴയ്ക്ക് മുമ്പേ ചെളി നീക്കിയില്ലെങ്കിൽ കോഴിക്കോട് നഗരത്തിലെ പതിവ് വെള്ളക്കെട്ടിന് ശമനമുണ്ടാകില്ല.നഗരത്തിലെ വെള്ളം കനോലി കനാലിലും കല്ലായിപ്പുഴയിലുമാണെത്തുന്നത്. ചെളി അടിഞ്ഞതിനാൽ പുഴയുടെ സംഭരണശേഷി കുറഞ്ഞു. ഇതോടെയാണ് വെള്ളക്കെട്ടുണ്ടാകാൻ തുടങ്ങിയത്.
ചെളിനീക്കം ഇങ്ങനെ
ദൂരം 4.2 കിലോമീറ്റർ
ആഴം 2.7 മീറ്റർ
നീക്കേണ്ടത് 4.4 ലക്ഷം ക്യുബിക് മീറ്റർ
അനുവദിച്ച തുക 12.98 കോടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |