SignIn
Kerala Kaumudi Online
Saturday, 24 October 2026 6.49 PM IST

പൂളാടിക്കുന്നിനെ ബോക്‌സിംഗ് ഗ്രാമമാക്കിയ(ഡെക്ക്) പുത്തലത്ത് രാഘവനെ സിനിമയിൽ കാണാം

vijaya
രാഘവനായി വിജയരാഘവൻ

കോഴിക്കോട്: ബോക്‌സിംഗ് ഗ്രാമമാണ് കോഴിക്കോട് പൂളാടിക്കുന്ന്. അവിടത്തെ പുത്തലത്ത് രാഘവൻ എന്ന പ്രതിഭയാണ് ഈ ഗ്രാമത്തിലേക്ക് ബോക്‌സിംഗ് എന്ന കായികാഭ്യാസം എത്തിച്ചത്. നൂറുകണക്കായ ശിഷ്യരെ അദ്ദേഹം വാർത്തെടുത്തു. പലരും ദേശീയ ചാമ്പ്യൻമാരായി. ബോക്‌സിംഗിനൊപ്പം യോഗയും ചിത്രകലയും ഹിന്ദിയും പഠിപ്പിച്ച പുത്തലത്ത് രാഘവൻ വിടവാങ്ങിയിട്ട് അഞ്ചുവർഷമാകുമ്പോൾ ആ ജിവിതം സിനിമയാവുകയാണ്. അതിന്റെ സന്തോഷത്തിലാണ് പൂളാടിക്കുന്നുകാർ.

ആന്റണി പെപ്പേയെ നായകനാക്കി ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ദാവീദ് എന്ന ചിത്രത്തിലൂടെയാണ് കോഴിക്കോട്ടെ ബോക്‌സിംഗ് ഗ്രാമവും പുത്തലത്ത് രാഘവനും പ്രേക്ഷകരിലെത്തുന്നത്. വേഷത്തിലും നടപ്പിലും ജീവിത ചര്യകളിലും വേറിട്ടുനിന്ന പുത്തലത്ത് രാഘവനായി എത്തുന്നത് വിജയരാഘവൻ. തന്റെ അഭിനയജീവിതത്തിലെ ഏറെ വ്യത്യസ്തമായ വേഷമാണിതെന്ന് അദ്ദേഹം പറഞ്ഞു.

''കേരളത്തിന്റെ ബോക്‌സിംഗ് ചരിത്രം അടയാളപ്പെടുത്തുമ്പോൾ അവിടെ പുത്തലത്ത് രാഘവനുണ്ട്. പക്ഷേ, പുതിയകാലവും കളികളും അദ്ദേഹത്തെ മറന്നു.."" രാഘവന്റെ ബോക്‌സിംഗ് യോഗാകേന്ദ്രങ്ങൾ നടത്തുന്ന സഹോദരപുത്രൻ രാകേഷ് ശങ്കർ പറഞ്ഞു.

1975 ൽ പൂളാടിക്കുന്നിൽ ഫ്രണ്ട്‌സ് കൾച്ചറൽ സൊസൈറ്റി എന്ന പേരിൽ തുടങ്ങിയ ജിംനേഷ്യത്തിലൂടെയാണ് കായിക പരിശീലരംഗത്തേക്കുള്ള കടന്നുവരവ്. 1989 ആദ്യമായി ദേശീയ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി സ്വർണം നേടിയത് അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു. ബോക്‌സിംഗിനും യോഗയ്ക്കുമായി കുടുംബ ജീവിതം പോലും മാറ്റിവച്ചു. 1994-95-96 വർഷങ്ങളിൽ സബ്ജൂനിയർ, ജൂനിയർ, സീനിയർ സ്‌റ്റേറ്റ് ചാമ്പ്യൻഷിപ്പുകൾ, 1997, 2004 സംസ്ഥാന പുരുഷവനിതാ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പ് എന്നിവയൊക്കെ അദ്ദേഹം പൂളാടിക്കുന്നെന്ന കൊച്ചുഗ്രാമത്തിലേക്കെത്തിച്ചു.

1997ലെ സ്‌റ്റേറ്റ് ചാമ്പ്യൻഷിപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായപ്പോൾ അവസാന നിമിഷം സ്‌പോൺസറില്ലാതായി. ഒടുക്കം ദേശീയ പാതയോരത്തെ സ്വന്തം സ്ഥലത്തു നിന്ന് ആറ് സെന്റ് വിറ്റിട്ടാണ് അദ്ദേഹം ചാമ്പ്യൻഷിപ്പ് നടത്തിയത്. സംവിധായകൻ ഗോവിന്ദ് വിഷ്ണുവും ദീപുരാജീവും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. സെഞ്ച്വറി മാക്‌സ്, ജോൺ ആൻഡ് മേരി പ്രൊഡക്ഷൻസ്, പനോരമ സ്റ്റുഡിയോസ്, എബി എബ്രഹാം, ടോ ജോസഫ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL