കോഴിക്കോട്: ജലാശയങ്ങളിൽ മുങ്ങി ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണത്തിൽ വർദ്ധന. 65 പേരുടെ ജീവനാണ് കഴിഞ്ഞ വർഷം ജില്ലയിൽ വിവിധ ജലാശയങ്ങളിലായി പൊലിഞ്ഞത്. 2023 ൽ 57 പേരും മുങ്ങിമരിച്ചു. 2025 ജനുവരിയിൽ മാത്രം ഏഴ് പേരാണ് മരിച്ചത്. അപകടത്തിൽ പെടുന്നവരിലധികവും വിദ്യാർത്ഥികളും യുവാക്കളുമാണ്. അവധിക്കാലത്ത് ബന്ധുവീടുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലുമെത്തുന്നവർക്കാണ് കൂടുതലായി അപകടങ്ങൾ പറ്റുന്നത്. തിക്കോടി ഡ്രെെവ് ഇൻ ബീച്ചിലെത്തിയ വയനാട് സ്വദേശികളായ നാല് പേർക്ക് കടലിലിറങ്ങുന്നതിനിടെ തിരയിൽപെട്ട് മുങ്ങിമരിച്ചത് കഴിഞ്ഞ മാസമാണ്. അവധി ദിവസം കോഴിക്കോട് കാണാനെത്തിയ സംഘത്തിലെ അംഗങ്ങളായിരുന്നു ഇവർ. ദിനംപ്രതി നിരവധി സഞ്ചാരികളെത്തുന്ന ഇവിടെ ആവശ്യത്തിന് സുരക്ഷാ ബോർഡുകളും ലെെഫ് ഗാർഡും ഇല്ലാത്തത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ചക്കിട്ടപ്പാറയിലെ ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയ വിദ്യാർത്ഥിക്കും കുളത്തിൽ മുങ്ങി ജീവൻ നഷ്ടമായി. വേനൽകാലമെത്തുന്നതോടെ ജലനിരപ്പ് കുറയുമെന്നതിനാലാണ് നീന്തലറിയാത്ത ആളുകളുൾപ്പെടെ ജലാശയങ്ങളിലേക്കിറങ്ങുന്നത്. താരതമ്യേന വെള്ളം കുറഞ്ഞ ജലാശയങ്ങളിൽ ചെളിയിൽ പൂഴ്ന്നാണ് പലപ്പോഴും അപകടങ്ങൾ സംഭവിക്കുന്നതെന്നും ചുഴി, അടിയൊഴുക്ക്, പാറക്കെട്ടുകളിലെ വഴുക്കൽ എന്നിവയും അപകടങ്ങൾക്ക് കാരണമാകുമെന്നും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നു.
പരിചയമില്ലാത്തിടത്ത് ഇറങ്ങരുത്
നീന്തലിൽ വെെദഗ്ധ്യമുള്ളവർ പോലും പരിചയമില്ലാത്ത ജലാശയങ്ങളിൽ ഇറങ്ങുന്നത് അപകട സാദ്ധ്യത വർദ്ധിപ്പിക്കും. വേനലവധി സമയത്ത് കുട്ടികളുൾപ്പെടെ നിരവധി പേർക്ക് അപകടം സംഭവിക്കുന്നത് പതിവാണ്. ഉൾപ്രദേശങ്ങളിൽ ജലാശയങ്ങളിൽ വേലിയും ചുറ്റ് മതിലും കെട്ടി സുരക്ഷ ഉറപ്പാക്കത്തതും അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്.
ആൾപ്പാർപ്പില്ലാത്ത സ്ഥലങ്ങളിലെ ജലാശയങ്ങൾ കണ്ടെത്തി സുരക്ഷാ ബോർഡുകൾ സ്ഥാപിക്കുന്നതിനും പ്രാധാന്യം നൽകണം. നീന്തൽ പരിശീലനം സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന സർക്കാർ പ്രഖ്യാപനം ഇത് വരെ നടപ്പാക്കിയിട്ടില്ല. ജീവൻ രക്ഷാ മാർഗമെന്ന നിലയിൽ എല്ലാവരും നീന്തൽ പഠിക്കേണ്ടത് അത്യാവശ്യമാണ്.
വേണം മുൻകരുതൽ
നീന്തൽ അറിയുന്നവരാണെങ്കിൽ പോലും പരിചയമില്ലാത്ത ജലാശയങ്ങളിൽ ഇറങ്ങരുത്.
ലഹരി ഉപയോഗിച്ച ശേഷം വെള്ളത്തിൽ ഇറങ്ങരുത്.
ആരെങ്കിലും വെള്ളത്തിൽ മുങ്ങിത്താഴുന്നത് ശ്രദ്ധയിൽപെട്ടാൽ ഉടൻ ഫയർ ഫോഴ്സിൽ അറിയിക്കുക. രക്ഷാപ്രവർത്തനത്തിന് പരിശീലനം ലഭിച്ചവർ മാത്രം ഇറങ്ങുക.
അപസ്മാരം, ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവർ ജലാശയത്തിൽ ഇറങ്ങാതിരിക്കുക.
വിനോദ സഞ്ചാര കേന്ദ്രങ്ങളിലും, ജലാശയങ്ങളിലും അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുക, ലൈഫ് ഗാർഡുകളുടെ സേവനം ഉറപ്പ് വരുത്തുക.
" നീന്തൽ വശമില്ലാത്തവർ ജലാശയങ്ങളിൽ ഇറങ്ങുന്നത് ഒഴിവാക്കണം. കുട്ടികളെ മുതിർന്നവരുടെ കൂടെയല്ലാതെ ജലാശയങ്ങളിൽ വിടരുത്. പരമാവധി പേർ നീന്തൽ പഠിക്കാൻ ശ്രമിക്കുക "
- കെ.എം അഷ്റഫ് അലി, ജില്ലാ ഫയർ ഓഫീസർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |