
ഉത്സവസ്ഥലത്ത് ആനയിടയാതിരിക്കണമെങ്കിൽ നടത്തിപ്പുകാർ മാത്രം ശ്രദ്ധിച്ചാൽ പോര. വനം വകുപ്പ് ഉദ്യോഗസ്ഥരടക്കമുള്ളവർക്കും ഉത്തരവാദിത്വമുണ്ട്. ഉത്തരവിറക്കിയതുകൊണ്ടു മാത്രം കാര്യമില്ല. നടപ്പാക്കുകയും വേണം. പ്രശ്നമുൂണ്ടാകുമ്പോൾ പരസ്പരം പഴിചാരിയിട്ടും കാര്യമില്ല. കൊയിലാണ്ടി കുറവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ വനം, റവന്യൂ വകുപ്പുകൾ തടിതപ്പാൻ ശ്രമിക്കുന്നതാണ് കണ്ടത്. ഈ സാഹചര്യത്തിലാണ് ഹെെക്കോടതി രണ്ട് വകുപ്പിനോടും വിശദീകരണമാരാഞ്ഞത്. എഴുന്നെള്ളിപ്പിന് അനുമതി കൊടുക്കുകയാണ് ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി പ്രധാനമായും ചെയ്യുന്നത്. നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോ എന്ന് സ്ഥലം സന്ദർശിച്ച് ഉറപ്പാക്കുന്നത് വിരളമാണ്. ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും പ്രതിനിധികൾ കമ്മിറ്റിയിലുണ്ടായിട്ടും പ്രശ്നം തീരുന്നില്ല. ഉത്സവവുമായി ബന്ധപ്പെട്ട എല്ലാവരെയും ഏകോപിപ്പിക്കാൻ കമ്മിറ്റിക്കാകണം. ആനയും ഒരു ജീവിയാണെന്നത് പലരും മറക്കുന്നു. ശരിയായ ഭക്ഷണവും വിശ്രമവും അവയ്ക്കും വേണം. കൂടുതൽ യാത്ര ചെയ്യിക്കരുത്. വിശപ്പും ദാഹവും മാറിയില്ലെങ്കിൽ പടക്കം പൊട്ടിയാൽ പോലും പ്രകോപിതനാകും. മണക്കുളങ്ങരയിൽ നേരത്തെ പടക്കം പൊട്ടിച്ചപ്പോഴൊന്നും പീതാംബരൻ എന്ന ആന പ്രശ്നമുണ്ടാക്കിയില്ലെന്നാണ് ദേവസ്വം പറയുന്നത്. മറ്റ് കാരണങ്ങൾ കൊണ്ടും ആന എപ്പോഴും പ്രകോപിതനാകാം.
എല്ലാവർക്കുമുണ്ട് ചുമതല
ആനയുടെ പരിപാലനം ഉറപ്പാക്കുന്നതിൽ അവയെ വാടകയ്ക്ക് നൽകുന്നവർക്കും കൊണ്ടുപോകുന്നവർക്കും പാപ്പാന്മാർക്കും ഉത്തരവാദിത്വമുണ്ട്. അടക്കി നിറുത്താൻ പാപ്പാന്മാർ ആനയുടെ ദേഹത്ത് മുറിവുണ്ടാക്കി അതിൽ തോട്ടി, അങ്കുഷ് തുടങ്ങിയ നിരോധിത ആയുധങ്ങൾ കൊണ്ട് നോവിക്കാറുണ്ടത്രെ. മുറിവ് കാണാതിരിക്കാൻ കരി തേച്ചുവയ്ക്കുമത്രെ. അതിലായിരിക്കും പാപ്പാന്മാരുടെ 'പ്രയോഗങ്ങൾ.'
രാഷ്ട്രീയക്കാർക്കും ഭരണകൂടങ്ങളും പ്രശ്നത്തിൽ കാര്യമായി ഇടപെടുന്നില്ല. ഉത്സവക്കമ്മിറ്റിക്കാരെ വെറുപ്പിച്ചാൽ വോട്ട് ചോരും. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്നവർക്ക് പത്ത് ലക്ഷം നഷ്ടപരിഹാരം നൽകുന്നുണ്ട്. നാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്നവർക്കില്ല. ഈ വിവേചനം എന്തുകൊണ്ടാണെന്ന് മൃഗസ്നേഹികൾ ചോദിക്കുന്നു. സംസ്ഥാനത്ത് നാട്ടാനകളുടെ എണ്ണം കുറഞ്ഞുവരികയാണ്. ഉള്ളവയെ വച്ച് നിരവധി ക്ഷേത്രങ്ങളിൽ എഴുന്നെള്ളിക്കേണ്ടിവരുമ്പോൾ കൂടുതൽ ദൂരത്തേയ്ക്ക് കൊണ്ടുപോകേണ്ടിവരുന്നു. അപ്പോഴും വിശ്രമവും ഭക്ഷണവും കുറയും. ഇനിയെങ്കിലും പ്രശ്നം പരിഹരിക്കാൻ അധികൃതർക്ക് കഴിയണം.
സംസ്ഥാനത്ത് ആനകളുടെ എണ്ണം - 420
പിടിയാനകൾ - 80
പ്രായമായവ - 80
എഴുന്നെള്ളിക്കാവുന്നവ - 300
" ആനകളെ എത്തിച്ചുകൊടുക്കാൻ ചില ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്. ഉടമകളും ഏജൻസികളും തമ്മിൽ ഇതിന് കരാറുമുണ്ട്. അപ്പോഴും ആനകളുടെ ക്ഷേമം ഉറപ്പാക്കപ്പെടുന്നില്ല."
-എസ്. ഗുരുവായൂരപ്പൻ
സാമൂഹ്യ ശാസ്ത്രജ്ഞൻ
(അവസാനിച്ചു)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |