പുതിയ നിർദ്ദേശങ്ങളുമായി മോണിറ്ററിംഗ് കമ്മിറ്റി
കോഴിക്കോട്: ആനയെഴുന്നെള്ളിപ്പിൽ സുരക്ഷ ഉറപ്പാക്കാൻ ഉത്സവ കമ്മിറ്റികൾ ഇനി മുതൽ വോളന്റിയർമാരെ നിയോഗിക്കണമെന്ന് നിർദ്ദേശം. ജില്ലാ കളക്ടർ, പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടുന്ന ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടേതാണ് തീരുമാനം. ഡിസ്ട്രിക് മോണിറ്ററിംഗ് കമ്മിറ്റിയുടെ (ഡി.എം.സി) മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉത്സവ കമ്മിറ്റി ഉറപ്പാക്കണം. ആനയെഴുന്നെള്ളിപ്പ് കഴിയുംവരെ വോളന്റിയർമാരെ ഉപയോഗിച്ച് സുരക്ഷാ ദൂരപരിധി കമ്മിറ്റി ഉറപ്പാക്കണം. സുരക്ഷയ്ക്ക് റെയിഞ്ച് ഓഫീസർ നോഡൽ ഓഫീസറും തഹസിൽദാർ, പൊലീസ്, ഫയർ ഉദ്യോഗസ്ഥരുമുൾപ്പെടുന്ന താലൂക്ക് കമ്മിറ്റികളുമുണ്ടാക്കും. നിലവിൽ അനുമതി നൽകിയ സ്ഥലങ്ങളിൽ ഫോറസ്റ്റ്, മൃഗസംരക്ഷണ വകുപ്പ്, ഫയർ ഫോഴ്സ്, പോലീസ് തുടങ്ങിയവർ പരിശോധന നടത്തും. ആനകൾ തമ്മിൽ മൂന്നു മീറ്റർ, ആനയും ജനങ്ങളും തമ്മിൽ 10 മീറ്ററോ അതിൽ കൂടുതലോ ദൂരപരിധി പാലിക്കണം. ക്ഷേത്രത്തിൽ സ്ഥലപരിമിതിയുണ്ടെങ്കിൽ ആനകളുടെ എണ്ണം കുറയ്ക്കണം. ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ദേശവരവുകളിൽ ആനയെഴുന്നെള്ളിപ്പ് പാടില്ല. അമ്പല കമ്മിറ്റികൾ ഉത്സവത്തിന് ഒരു മാസം മുമ്പ് ഓണർഷിപ്പ്, ഇൻഷ്വറൻസ് സർട്ടിഫിക്കറ്റ്, ഡേറ്റ ബുക്ക്, എഴുന്നള്ളിക്കുന്ന ആനയുടെ വിവരങ്ങൾ തുടങ്ങിയവ ഹാജരാക്കണം.
ഇൻഷ്വറൻസെടുക്കണം
2 കോടി വരെ
ക്ഷേത്രവും പരിസരവുമുൾപ്പെടുത്തി ഇൻഷ്വറൻസെടുക്കണം. ഒരു ആനയാണെങ്കിൽ 50 ലക്ഷം വരെ. നാലിൽ കുറവാണെങ്കിൽ ഒരു കോടി വരെ. അതിൽ കൂടുതലാണെങ്കിൽ 2 കോടി വരെ. അന്യജില്ലകളിൽ നിന്നുൾപ്പെടെ എഴുന്നെള്ളിക്കുന്ന ആനകളുടെ ഒരു മാസത്തെ യാത്ര ഉൾപ്പെടെയുള്ള വിവരങ്ങൾ നേരത്തെ ഹാജരാക്കണം. ഇതിന് രജിസ്ട്രേഷൻ ഫോറം പരിഷ്കരിക്കും. ജില്ലയ്ക്ക് പുറത്തുള്ള ആനകളുടെ മുൻകാല റെക്കോർഡുകൾ മോണിറ്ററിംഗ് കമ്മിറ്റിയിലെ ആനിമൽ വെൽഫെയർ ബോർഡ് പ്രതിനിധി ലഭ്യമാക്കണം. സുരക്ഷ ഉറപ്പാക്കുന്നതിൽ ഉത്സവ കമ്മിറ്റികൾക്കു പുറമെ അമ്പല കമ്മിറ്റികൾക്കും
ഉത്തരവാദിത്വമുണ്ട്.
മറ്റ് നിർദ്ദേശങ്ങൾ
മാർച്ച് ആദ്യവാരം മുതൽ സബ് കമ്മിറ്റി നിശ്ചയിക്കുന്ന പുതുക്കിയ നിബന്ധന പ്രകാരമാണ് ആനയെഴുന്നെള്ളിപ്പിന് അനുമതി നൽകുക.
-സ്നേഹിൽകുമാർ സിംഗ്
ജില്ലാ കളക്ടർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |