കോഴിക്കോട്: കേരളത്തിന്റെ വളർച്ചയെ തളർത്തുക എന്ന നിലപാട് കേന്ദ്രസർക്കാർ സ്വീകരിക്കുമ്പോൾ അതിന് കുടപിടിക്കുന്ന സമീപനമാണ് കേരളത്തിലെ പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ. കേന്ദ്രത്തിന്റെ തെറ്റായ നയങ്ങൾക്കെതിരെ പ്രതികരിക്കാൻ പോലും പ്രതിപക്ഷം തയ്യാറാവുന്നില്ല. നമ്മൾക്ക് അവകാശപ്പെട്ടത് അവഗണിക്കപ്പെടുമ്പോൾ എല്ലാവരും ഒരുമിച്ച് നിന്നല്ലേ സംസാരിക്കേണ്ടത്. എന്നാൽ ഈ അവസരത്തിൽ ഇടതുപക്ഷത്തെ എങ്ങനെ ദുർബലപ്പെടുത്താം എന്നാണ് അവർ ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 'കേരളം എന്താ ഇന്ത്യയിലല്ലേ' മുദ്രാവാക്യമുയർത്തി കേന്ദ്ര അവഗണനയ്ക്കെതിരെ സി.പി.എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് ആദായ നികുതി ഓഫീസിന് മുന്നിൽ നടത്തിയ ഉപരോധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യവസായ നിക്ഷേപ സൗഹൃദത്തിൽ കേരളം ഒന്നാമതായി എന്നുകേൾക്കുമ്പോൾ ജനങ്ങൾക്ക് സന്തോഷമായി. എന്നാലിതുപോലും അംഗീകരിക്കാൻ പ്രതിപക്ഷം തയ്യാറല്ല. സത്യം വിളിച്ചുപറഞ്ഞ എ.ഐ.സി.സി പ്രവർത്തക സമിതിയംഗം ശശി തരൂരിനെ കൂട്ടായി ആക്രമിക്കുകയാണ്. നാടിന്റെ നന്മയ്ക്ക് വേണ്ടിയല്ല സമൂഹത്തെ അപകടത്തിലേക്ക് നയിക്കാനാണ് പ്രതിപക്ഷ നീക്കം. കേന്ദ്രസർക്കാർ ആർ.എസ്.എസ് അജണ്ട ഒരുഭാഗത്ത് നടപ്പിലാക്കുമ്പോൾ ഇതിനെതിരെ ഒരക്ഷരം ഉരിയാടാതെ ബി.ജെ.പിയെ സഹായിക്കുന്ന സമീപനമാണ് യു.ഡി.എഫ് സ്വീകരിക്കുന്നത്. കേന്ദ്രത്തിന്റെ തെറ്റായ നയങ്ങൾ ചൂണ്ടിക്കാട്ടി ജനങ്ങളെ അണിനിരത്താൻ അവരില്ല. സംസ്ഥാനങ്ങളുടെ വളർച്ചയെ തകർക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം പി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.മെഹ്ബൂബ്, എ.പ്രദീപ്കുമാർ, കെ.കെ.ലതിക തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |