SignIn
Kerala Kaumudi Online
Thursday, 22 October 2026 2.05 PM IST

കുടിശ്ശിക കുന്നുകൂടുന്നു മെഡി.കോളേജിൽ മരുന്നുക്ഷാമം രൂക്ഷം, ശസ്ത്രക്രിയകൾ നിലച്ചു

medi
മെഡിക്കൽ കോളേജ്

കോഴിക്കോട്: മരുന്നുകൾ ഇന്നുവരും നാളെ വരുമെന്ന് പറയുന്നതല്ലാതെ മെഡിക്കൽ കോളേജിലെ മരുന്നുക്ഷാമത്തിന് ഒന്നര മാസമായിട്ടും പരിഹാരമായില്ല. ശസ്ത്രക്രിയകൾ ഉൾപ്പെടെ നിലച്ചതോടെ ചികിത്സ കിട്ടാതെ കണ്ണീരൊഴുക്കുകയാണ് നിർധനരായ രോഗികൾ.

കുടിശ്ശിക കൂടിയതോടെ വിതരണക്കാർ ഓരോരുത്തരും മരുന്ന് വിതരണം നിറുത്തിയിരിക്കുകയാണ്. ഇംപ്ലാന്റ് വിതരണം നിലച്ചതോടെ ഓർത്തോ വിഭാഗത്തിൽ ശസ്ത്രക്രിയ മുടങ്ങിയിട്ട് 10 ദിവസം പിന്നിട്ടു. 30 കോടിയാണ് ഇംപ്ലാന്റ് വിതരണക്കാർക്ക് കൊടുക്കാനുള്ളത്. എല്ലിന് ക്ഷതമേറ്റു വരുന്ന രോഗികൾക്ക് പ്ലാസ്റ്റ‌ർ ഇട്ടുകൊടുക്കുകയോ സ്വകാര്യ ആശുപത്രിയിലേക്ക് പറഞ്ഞു വിടുകയോ ആണ് ചെയ്യുന്നത്. ഇതോടെ ഓർത്തോ വാർഡുകളിൽ രോഗികൾ ഒഴിഞ്ഞു. സർജിക്കൽ സ്റ്റോറിൽ പഴയ സ്റ്റോക്ക് മാത്രമാണ് ഇപ്പോഴുള്ളത്. കാരുണ്യ വഴി മരുന്ന് എത്തിച്ച് പ്രശ്നത്തിന് പരിഹാരം കാണുമെന്ന് സർക്കാർ അറിയിച്ചിരുന്നെങ്കിലും പേരിനുമാത്രം എത്തിക്കുന്ന മരുന്ന് ആശുപത്രിയിലെ ആവശ്യത്തിന് പര്യാപ്തമല്ല. അതിനാൽ ഇൻഷ്വറൻസ് വഴിയുള്ള ചികിത്സകളൊന്നും നടക്കുന്നില്ല. സ്റ്റെന്റ്, അനുബന്ധ സാധനങ്ങളുടെയും വിതരണം നിലച്ചതിനാൽ ഡിജിറ്റൽ സബ്സ്ട്രാക്ഷൻ ആൻജിയോഗ്രാഫി യൂണിറ്റിലെ ശസ്ത്രക്രിയകളും മുടങ്ങി. ഡയലൈസർ ലഭിക്കാതെ ഡയാലിസിസ് യൂണിറ്റും പ്രതിസന്ധിയിലാണ്. ക്യാൻസർ, ഡയാലിസിസ്, കാർഡിയോളജി മരുന്നുകൾക്ക് കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്. മരുന്നുകൾ ആശുപത്രിയിൽ എത്തിക്കുന്നുണ്ടെന്ന് പറയുമ്പോഴും കുറിച്ചു നൽകുന്ന പല മരുന്നുകൾക്കും രോഗികൾ ഫാർമസികൾ കയറിയിറങ്ങുകയാണ്. ചികിത്സയ്ക്ക് ഇൻഷ്വറൻസ് ആനുകൂല്യം പ്രതീക്ഷിച്ചെത്തുന്ന പാവങ്ങളാണ് ഇതുമൂലം ഏറെ പ്രയാസപ്പടുന്നത്. വിവിധ ആരോഗ്യ ഇൻഷ്വറൻസ് വഴി ചികിത്സ ലഭ്യമാക്കിയ ഇനത്തിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിൽ നിന്ന് 225 കോടി രൂപാണ് കോഴിക്കോട് മെഡിക്കൽ കോളജിന് ലഭിക്കാനുള്ളത്.

മരുന്ന് പ്രതിസന്ധി ഇതുവരെ

 ജീവൻ രക്ഷാമരുന്നുകൾ, ശസ്ത്രക്രിയ ഉപകരണങ്ങൾ തുടങ്ങിയവ വിതരണം ചെയ്ത വകയിൽ കുടിശിക തുക 90 കോടിയിലെത്തിയതോടെയാണ് ജനുവരി 10 മുതൽ മെഡി.കോളേജിലേക്കുള്ള മരുന്ന് വിതരണം ആൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷൻ നിറുത്തി

 ന്യായവില മെഡിക്കൽ ഷോപ്പിൽ മരുന്നുകൾ കുറഞ്ഞു,​ കാരുണ്യ ഇൻഷ്വറൻസ് വഴിയുള്ള ചികിത്സകൾ മുടങ്ങി

പ്രതിഷേധവും വിമർശനവും ശക്തമായതോടെ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ, കാരുണ്യ ഫാർമസി വഴി മരുന്നുകൾ ശ്രമം നടത്തിയെങ്കിലും ഫലപ്രദമായില്ല. നാമമാത്രമായ സ്റ്റോക്ക് മാത്രമെത്തി

2024 സെ​പ്റ്റം​ബ​ർ വ​രെ​യു​ള്ള കു​ടി​ശ്ശി​ക അ​നു​വ​ദി​ച്ചാ​ലേ മ​രു​ന്നു​ വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കാ​ൻ ക​ഴി​യൂ​വെന്ന് ​ആൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗ്ഗിസ്റ്റ് അസോ.നിലപാട്

 കുടിശ്ശിക ആറു കോടി കടന്ന് ഡിജിറ്റൽ സബ്സ്ട്രാക്ഷൻ ആൻജിയോഗ്രാഫി യൂണിറ്റ് പ്രവർത്തനം തടസപ്പെട്ടു.

കുടിശ്ശിക 30 കോടിയായതോടെ ഇംപ്ലാന്റ് വിതരണക്കാരും വിതരണം നിറുത്തി

കുടിശ്ശിക കൂടുന്നതോടെ മറ്റു വിതരണക്കാരും വിതരണം നിറുത്താനൊരുങ്ങുന്നു

''മരുന്ന് പ്രതിന്ധിയ്ക്ക് ഇതുവരെ പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല''- ഡോ. എം.പി ശ്രീജയൻ, മെഡ‌ി.കോളേജ് സൂപ്രണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL