കോഴിക്കോട്: പലകുറി പറഞ്ഞിട്ടും നിരന്തരം പരാതി നൽകിയിട്ടും പരിഹാരമില്ലാതെ തുടരുകയാണ് നഗരത്തിലെ പാർക്കിംഗ് പ്രതിസന്ധി. ഗതാഗതക്കുരുക്കിൽ ട്രിപ്പ് മുടങ്ങിയാൽ വണ്ടി പാർക്ക് ചെയ്യാനിടമില്ലാതെ നെട്ടോട്ടമോടുകയാണ് നഗരത്തിലെ സിറ്റി ബസുകൾ. 320 ഓളം ബസുകളാണ് കോഴിക്കോട് നഗരത്തിൽ സർവീസ് നടത്തുന്നത്. നഗരത്തിരക്കിൽ ട്രിപ്പ് മുടങ്ങുന്നത് പതിവ് സംഭവമാണ്. ട്രിപ്പ് മുടങ്ങുന്നതിനേക്കാൾ ആധി പിന്നീട് ഈ വണ്ടികൾ എവിടെ പാർക്ക് ചെയ്യും എന്നതാണെന്ന് ബസുടമകളും ജീവനക്കാരും പറയുന്നു. പേ ആൻഡ് പാർക്ക് സംവിധാനം ഉപയോഗിക്കാൻ വലിയ ചെലവുവരും. താത്‌കാലികമായി എവിടെയെങ്കിലും പാർക്ക് ചെയ്താൽ പിഴയും വീഴും. നഗരത്തിൽ മെഡിക്കൽ കോളേജ്, മീഞ്ചന്ത, പാവങ്ങാട് , മലാപ്പറമ്പ് എന്നിവിടങ്ങളിലായി സിറ്റി ബസുകൾക്ക് പാർക്കിംഗ് സൗകര്യം ഏർപ്പെടുത്താനായി കോർപ്പറേഷൻ സ്ഥലം ഏറ്റെടുത്തിട്ട് നാളുകളായി. പക്ഷെ പിന്നീട് ഒന്നും നടന്നില്ല. പദ്ധതി നടപ്പാക്കാനാവശ്യമായ ഫണ്ടും ഇതുവരെ നീക്കിവെച്ചിട്ടില്ല. മിനിറ്റുകളുടെ വ്യത്യാസത്തിൽ മെഡിക്കൽ കോളേജിൽ നിന്നും അഞ്ചോളം സിറ്റി ബസുകളാണ് സർവീസ് നടത്തുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ നിശ്ചിത ദൂരം സർവീസ് നടത്തണമെന്ന ക്രമീകരണം മത്സരയോട്ടത്തിന് കാരണമാകുന്നതായും ബസ് ജീവനക്കാർ പറയുന്നു.
വണ്ടി വളയ്ക്കാൻ സൗകര്യമില്ല, സർവീസുകൾ നിർത്തി
മീഞ്ചന്ത ഭാഗത്തേക്ക് പോകുന്ന ബസുകൾക്ക് വണ്ടി വളച്ച് ടൗണിലേക്ക് വരാനുള്ള സൗകര്യം പ്രദേശത്ത് ഇല്ല. ബെെപ്പാസ് റോഡിലേക്ക് വണ്ടി കയറ്റിയാൽ വലിയ തുക പിഴയായി നൽകേണ്ടി വരും. ഇവിടെ പാർക്കിംഗിനായി കണ്ടെത്തിയ സ്ഥലം വണ്ടികൾ വളക്കാനായി തുറന്നു തരണമെന്ന ആവശ്യവും കോർപ്പറേഷൻ പരിഗണിച്ചില്ല. ഇതോടെ ഈ ഭാഗത്ത് സർവീസ് നടത്തിയിരുന്ന നിരവധി ബസുകൾ സർവീസ് നിർത്തുകയോ, വേറെ റൂട്ടിലേക്ക് സർവീസ് ആരംഭിക്കുകയും ചെയ്തിരിക്കുകയാണ്. ദിനം പ്രതി നൂറുകണക്കിന് കുട്ടികളെത്തുന്ന നഗരത്തിലെ ഏക ഗവൺമെൻ്റ് കോളേജിലേക്കുള്ള പ്രധാന യാത്രാമാർഗമാണ് ഇതോടെ മുടങ്ങിയത്.
'' നഗരത്തിലെ ഗതാഗതക്കുരുക്കിനിടയിൽ ട്രിപ്പുകൾ മുടങ്ങുന്നത് പതിവാണ്. അശാസ്ത്രീയമായ സമയക്രമീകരണവും ഗതാഗതപ്രശ്നങ്ങൾക്ക് കാരണമാണ്.
- എം. തുളസീദാസ് ( ജനറൽ സെക്രട്ടറി, സിറ്റി ബസ് ഓപ്പറേറ്റേർസ് ഫെഡറേഷൻ )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |